Wednesday, June 12, 2019 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 29 Mar 2019 01.49 AM

ഐയ്‌ക്കരനാട്‌ പഞ്ചായത്തിന്റെ അനാസ്‌ഥ പഴന്തോട്ടം അംഗന്‍വാടി കെട്ടിടം നിര്‍മ്മാണത്തിന്‌ അനുവദിച്ച തുക പാഴാകും

കോലഞ്ചേരി: ഐയ്‌ക്കരനാട്‌ പഞ്ചായത്തിന്റെ അനാസ്‌ഥ മൂലം പഴന്തോട്ടം അംഗന്‍വാടിക്ക്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച ഫണ്ട്‌ പാഴായേക്കും. പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്‌ പഴന്തോട്ടം 93-ാം നമ്പര്‍ അംഗന്‍വാടിക്ക്‌ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ 11.25 ലക്ഷം രൂപ അനുവദിച്ചത്‌.
31 ന്‌ മുമ്പ്‌ ഫണ്ട്‌ വിനിയോഗിക്കാനായില്ലെങ്കില്‍ തുക പാഴാകാനിടയാകും. ഏഴ്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഐയ്‌ക്കരനാട്‌ പഞ്ചായത്ത്‌ ഭരണസമിതിയോടെ കെട്ടിടം പൊളിച്ച്‌ മാറ്റിത്തരണമെന്ന്‌ ആവശ്യപ്പെട്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കത്ത്‌ നല്‍കിയെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സാമ്പത്തിക വര്‍ഷാവസാനത്തിന്‌ മൂന്ന്‌ ദിവസം മാത്രം ശേഷിക്കേ ഫണ്ട്‌ പാഴാകുന്ന സാഹചര്യമാണുള്ളത്‌.
കഴിഞ്ഞ വര്‍ഷം ജൂലൈ 12ന്‌ കെട്ടിട നിര്‍മ്മാണത്തിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ ടെന്‍ഡര്‍ ചെയ്‌തിട്ടുള്ളതും ആഗസ്‌റ്റ് 23 ന്‌ കരാറുടമ്പടിയും വെച്ചിട്ടുള്ളതാണ്‌. രണ്ട്‌ ആഴ്‌ചകള്‍ക്കുള്ളില്‍ പഴയ കെട്ടിടം നടപടികള്‍ പൂര്‍ത്തീകരിച്ച്‌ പൊളിച്ച്‌ മാറ്റാമെന്നിരിക്കേ പത്ത്‌ മാസത്തോളമായിട്ടും യാതൊരു വിധ നടപടികളും പൂര്‍ത്തീകരിച്ചിട്ടില്ല.
കെട്ടിടം പൊളിച്ച്‌ മാറ്റി നിര്‍മ്മാണത്തിനായി സ്‌ഥലം ഒരുക്കാത്തതുമൂലം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടി ബ്ലോക്ക്‌ സെക്രട്ടറി പഞ്ചായത്ത്‌ സെക്രട്ടറിക്കും പ്രസിഡന്റിനും കഴിഞ്ഞ ജനുവരിയിലും കത്ത്‌ നല്‍കിയിരുന്നു. മാര്‍ച്ച്‌ 31 ന്‌ മുമ്പ്‌ പദ്ധതി പൂര്‍ത്തീകരിച്ച്‌ നല്‍കണമെന്നാണ്‌ കരാര്‍ വ്യവസ്‌ഥ.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ എല്‍.എസ്‌.ജി.ഡി സബ്ബ്‌ ഡിവിഷന്‍ അസിസ്‌റ്റന്റ്‌ എഞ്ചിനീയറ്‌ ബ്ലോക്ക്‌ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു. പഞ്ചായത്തിന്റെ അനാസ്‌ഥമൂലം അംഗന്‍വാടിക്ക്‌ അനുവദിച്ച ഫണ്ട്‌ പാഴായാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്‌തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനാണ്‌ നീക്കം.

Ads by Google
Advertisement
Friday 29 Mar 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW