Thursday, July 18, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 12.59 AM

പാലക്കുഴിയില്‍ കുടിവെള്ളം എത്തിക്കും

uploads/news/2019/03/296768/2.jpg

വടക്കഞ്ചേരി: മലയോര മേഖലയായ കിഴക്കഞ്ചേരി പാലക്കുഴിയിലെ കുടുംബങ്ങള്‍ക്ക്‌ ഇനി മുതല്‍ വാഹനത്തില്‍ കുടിവെളളം എത്തിക്കും.
അടുത്തയാഴ്‌ച മുതല്‍ കിഴക്കഞ്ചേരി പഞ്ചായത്ത്‌ വെളളമെത്തിക്കും. ശനിയാഴ്‌ച പഞ്ചായത്തില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ്‌ തീരുമാനം. പാലക്കുഴിയില്‍ നിലവില്‍ വെളളമെടുത്തുകൊണ്ടിരിക്കുന്ന മൂന്ന്‌ ജലസ്രോതസുകളില്‍ നിന്ന്‌ വെളളം ശേഖരിച്ച്‌ ആണ്‌ വീടുകളിലും മറ്റും എത്തിക്കുക.
പാലക്കാട്‌ വാട്ടര്‍ അതോറിറ്റിയുടെ പരിശോധന കേന്ദ്രത്തില്‍ വെളളത്തിന്റെ സാമ്പിള്‍ എത്തിച്ചതായി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.എം. കലാധരന്‍ പറഞ്ഞു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഒട്ടും വൈകാതെ വെളളമെത്തിക്കും. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡായ പാലക്കുഴിയില്‍ എഴുപത്തിയഞ്ചോളം കുടുംബങ്ങള്‍ വെളളത്തിനായി നെട്ടോട്ടമോടുകയാണ്‌. ഇപ്പോള്‍ ജീപ്പിലും പിക്കപ്പ്‌ വാനിലുമാണ്‌ വെളളമെത്തിക്കുന്നത്‌. കുത്തനെയുളള കയറ്റമായതിനാല്‍ ഒരു ട്രിപ്പില്‍ ആയിരം ലിറ്റര്‍ വെളളം മാത്രമെ കൊണ്ടുപോകാനാവുകയുളളു. ഒരു ട്രിപ്പിന്‌ 600 രൂപയാണ്‌ നല്‍കുന്നത്‌. ഒന്നിടവിട്ട ദിവസങ്ങളില്‍ വെളളമെത്തിക്കേണ്ടതിനാല്‍ ഓരോ കുടുംബത്തിനും വന്‍ സാമ്പത്തികബാധ്യതയാണ്‌ വരുന്നത്‌.
നിലവില്‍ ജീപ്പുകളിലും പിക്കപ്പ്‌ വാനിലുമായി വീടുകളില്‍ വെളളമെത്തിക്കുന്നവരെ തന്നെ തുടര്‍ന്നും ചുമതലപ്പെടുത്താനാണ്‌ പഞ്ചായത്ത്‌ തീരുമാനം. കുത്തനെ കയറ്റങ്ങളുളള പാലക്കുഴിയില്‍ ടാങ്കറുകളില്‍ വെളളമെത്തിക്കുന്നത്‌ പ്രായോഗികമല്ലാത്തതിനാലാണ്‌ നിലവിലുളളവരെ തന്നെ ചുമതലപ്പെടുത്താന്‍ ധാരണയായത്‌. കല്‍ക്കുഴി, പി.സി.എ, വിലങ്ങംപാറ എന്നിവിടങ്ങളിലാണ്‌ രൂക്ഷമായ വെളളക്ഷാമം നേരിടുന്നത്‌. ഓരോ സ്‌ഥലത്തേക്കും ആഴ്‌ചയില്‍ എത്രതവണ പോകുന്നുണ്ടെന്നും ഇതിനുളള തുകയും ഉള്‍പ്പെടുത്തി നിലവില്‍ വെളളമെത്തിക്കുന്നവരില്‍ നിന്നും ഇന്ന്‌ ക്വട്ടേഷന്‍ സ്വീകരിക്കും.
പഞ്ചായത്തിന്റെ തനത്‌ ഫണ്ടില്‍ നിന്നാണ്‌ വെളളം വിതരണത്തിനായി തുക ചെലവഴിക്കുക. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക്‌ കുടിവെളളവിതരണത്തിനായി മാര്‍ച്ച്‌ വരെ 5.50 ലക്ഷം രൂപയും, ഏപ്രില്‍ ഒന്ന്‌ മുതല്‍ മെയ്‌ 31 വരെ 11 ലക്ഷം രൂപയും ചെലവഴിക്കാമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജി.പി.എസ്‌ ഘടിപ്പിച്ച ടാങ്കറുകളില്‍ വെളളമെത്തിക്കണമെന്നാണ്‌ നിയമമെങ്കിലും പാലക്കുഴിയിലെ കുത്തനെ കയറ്റങ്ങള്‍ ടാങ്കറുകള്‍ കയറില്ലാത്തതിനാല്‍ ഈ മാനദണ്ഡത്തിന്‌ ജില്ലാ കലക്‌ടര്‍ ഇളവ്‌ അനുവദിച്ചതായും പി.എം. കലാധരന്‍ പറഞ്ഞു.

Ads by Google
Advertisement
Monday 25 Mar 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW