Wednesday, June 26, 2019 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 02.00 AM

വെട്ടിപ്പൊളിച്ചിട്ട റോഡ്‌ നന്നാക്കാന്‍ ശവമഞ്ചലില്‍ കിടന്ന്‌ പ്രതിഷേധം

പള്ളുരുത്തി: ഇടക്കൊച്ചിയില്‍ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡ്‌ നന്നാക്കണമെന്നാവശ്യപ്പെട്ട്‌ റോഡിലെ കുഴിയില്‍ ശവമഞ്ചലില്‍ കിടന്ന്‌ പ്രതിഷേധം നടത്തി.
കഴിഞ്ഞ തിങ്കളാഴ്‌ച്ച രാത്രി റോഡിലെ കുഴി ഒഴിവാക്കുന്നതിനിടയില്‍ വിഷ്‌ണു എന്ന ബൈക്ക്‌ യാത്രക്കാന്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച്‌ മരണപ്പെട്ട സംഭവത്തില്‍ പൊതുമരാമത്ത്‌ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസ്സെടുക്കണമെന്ന്‌ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്‌ ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം കെ.ജെ.റോബര്‍ട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ സെക്രട്ടറി അഭിലാഷ്‌ തോപ്പില്‍ ശവമഞ്ചലില്‍ കിടന്ന്‌ പ്രതിഷേധിച്ചു.
ഇടക്കൊച്ചി പാലം മുതല്‍ കുമ്പളം ഫെറി വരെ രണ്ടു കിലോമീറ്ററോളം റോഡ്‌ വെട്ടിപ്പൊളിച്ചിട്ടിട്ടത്‌ നാട്ടുകാരേയും വാഹന യാത്രക്കാരേയും വലക്കുകയാണ്‌. നിലവില്‍ റോഡിന്റെ ഒരു ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്‌.
ബാക്കി പകുതി ഭാഗത്ത്‌ കൂടിയാണ്‌ ഇപ്പോള്‍ വാഹനങ്ങള്‍ ഗതാഗതം നടത്തുന്നത്‌. റോഡിന്റെ ഒരു വശം വെട്ടി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ മുഴുവന്‍ സമയവും ഇവിടെ ഗതാഗതക്കുരുക്കിലാണ്‌. ആഗസ്‌റ്റ് മാസത്തില്‍ തുടങ്ങിയ പൈപ്പ്‌ സ്‌ഥാപിക്കല്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ഇപ്പോഴും പൂര്‍ണമായിട്ടില്ല. രാത്രിയിലാണ്‌ പൈപ്പിടല്‍ ജോലി നടക്കുന്നത്‌. തുടര്‍ച്ചയായി ജോലി നടക്കുന്നുമില്ല, രണ്ട്‌ മാസം കൊണ്ട്‌ പൂര്‍ത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ച തുടങ്ങിയ പൈപ്പിടല്‍ ജോലി ഇടക്കിടെ മുടങ്ങുന്നതിനാല്‍ നീണ്ടുപോകുകയാണ്‌.
കഴിഞ്ഞ ഏഴ്‌ മാസമായി ഇവിടെ നടന്ന അപകടങ്ങള്‍ക്ക്‌ കണക്കില്ല. ബൈക്ക്‌ യാത്രികരാണ്‌ നിരന്തരം ഇവിടെ അപകടത്തില്‍ പെടുന്നത്‌. തകര്‍ന്നു കിടക്കുന്ന റോഡില്‍ അപകട മുന്നറിയിപ്പ്‌ സ്‌ഥാപിക്കാത്തതിനാല്‍ അപകടം ഏറുകയാണ്‌. റോഡില്‍ നിന്നുള്ള പൊടിശല്യം മൂലം റോഡരികില്‍ താമസിക്കുന്നവരും ദുരിതത്തിലാണ്‌.
നിലവില്‍ പൈപ്പിടല്‍ പൂര്‍ത്തിയായ ഭാഗത്തെങ്കിലും റോഡ്‌ നന്നാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. പ്രതിഷേധത്തിന്‌ അഭിലാഷ്‌ തോപ്പില്‍, സി.എല്‍.ശശീന്ദ്രന്‍, റിഡ്‌ജന്‍ റിബല്ലോ, ബിജു അറക്കപ്പാടത്ത്‌, ഷൈനി ജുബിന്‍, ജോസഫ്‌ ഫെര്‍ബിന്‍ എന്നിവര്‍ നേതൃത്യം നല്‍കി.

Ads by Google
Advertisement
Saturday 23 Mar 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW