Sunday, June 23, 2019 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 12.59 AM

സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയപ്പാര്‍ട്ടികളും പെരുമാറ്റച്ചട്ടം ശ്രദ്ധിക്കണം

പാലക്കാട്‌: പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വിവിധ സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയപാര്‍ട്ടികളും മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പിന്തുടരണം. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും സുതാര്യതയ്‌ക്കുമായി കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പുറപ്പെടുവിച്ച താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയപ്പാര്‍ട്ടികളും നടപ്പാക്കണം.
വിവിധ ജാതി-മത-സമുദായങ്ങള്‍ക്കിടയിലും ഭാഷാപരമായി വിഭിന്നരായി നില്‍ക്കുന്നവര്‍ക്കിടയിലും യാതൊരു വിധത്തിലുമുള്ള വെറുപ്പ്‌ ഉളവാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു സ്‌ഥാനാര്‍ഥിയും രാഷ്‌ട്രീയപാര്‍ട്ടികളും ചെയ്യരുത്‌.മറ്റു പാര്‍ട്ടികളുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിലെ വിവിധ വശങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കാന്‍ പാടില്ല. വോട്ട്‌ ചോദിക്കുമ്പോള്‍ ജാതി-വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉപയോഗിക്കരുത്‌. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ്‌ പ്രചരണ വേദിയാക്കരുത്‌.സമ്മതിദായകര്‍ക്ക്‌ കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിംഗ്‌ സ്‌റ്റേഷന്‌ 100 മീറ്ററിനുള്ളില്‍ വോട്ടു പിടിക്കുക, വോട്ടെടുപ്പിന്‌ തൊട്ടുമുമ്പുള്ള 48 മണിക്കൂറില്‍ പൊതുയോഗങ്ങള്‍ നടത്തുക തുടങ്ങി തെരഞ്ഞെടുപ്പ്‌ നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം.
ഒരു വ്യക്‌തിയുടെ സ്വകാര്യസ്‌ഥലം, കെട്ടിടം, കോമ്പൗണ്ട്‌ എന്നിവയില്‍ ഉടമസ്‌ഥന്റെ സമ്മതമില്ലാതെ കൊടിതോരണങ്ങള്‍, ബാനറുകള്‍, നോട്ടീസുകള്‍ എന്നിവ പതിക്കുകയോ മുദ്രാവാക്യങ്ങള്‍ എഴുതാനോ പാടില്ല.പൊതുയോഗങ്ങള്‍ നടത്തുന്നതിന്‌ മുമ്പ്‌ സമയവും വേദിയും നിര്‍ബന്ധമായി പോലീസിനെ അറിയിക്കണം. രണ്ടോ അതിലധികമോ പാര്‍ട്ടികള്‍ ഒരേസമയം സമാന റൂട്ടില്‍ ജാഥയോ യോഗങ്ങളോ സംഘടിപ്പിക്കുകയാണെങ്കില്‍ നേരത്തെ തന്നെ പോലീസിനെ വിവരം അറിയിക്കണം.
പ്രധാനമന്ത്രി ഉള്‍പ്പെടെ തെരഞ്ഞെടുപ്പ്‌ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്നവര്‍ക്ക്‌ ബാരിക്കേഡ്‌, പ്രസംഗപീഠം, സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ബന്ധപ്പെട്ട സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയപാര്‍ട്ടികളും വഹിക്കണം. എല്ലാ തെരഞ്ഞെടുപ്പ്‌ പ്രചരണ പരസ്യങ്ങളും ജില്ലാതല മാധ്യമ നിരീക്ഷണ സമിതി നിരീക്ഷിക്കുകയും പരിശോധനകള്‍ക്ക്‌ വിധേയമാക്കുകയും ചെയ്യും. രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഗസ്‌റ്റ് ഹൗസുകള്‍ ഉപയോഗിക്കരുത്‌.

Ads by Google
Advertisement
Thursday 21 Mar 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW