Wednesday, July 17, 2019 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 04 Mar 2019 01.13 AM

മഹാശിവരാത്രിയ്‌ക്ക് ആലുവ മണപ്പുറം ഒരുങ്ങി

uploads/news/2019/03/292061/re3.jpg

ആലുവ: ചരിത്രപ്രസിദ്ധമായ മഹാശിവരാത്രിയ്‌ക്ക് ആലുവ മണപ്പുറം ഒരുങ്ങി. ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ആലുവ മണപ്പുറത്തേക്കും അദൈ്വതാശ്രമത്തിലേക്കും ഇന്ന്‌ ഭക്‌തലക്ഷങ്ങള്‍ ഒഴുകിയെത്തും. ബലിതര്‍പ്പണം കുംഭമാസത്തിലെ വാവ്‌ ആറിനായതിനാല്‍ ആറാം തീയതി ഉച്ചവരെ നീണ്ടു നില്‍ക്കും.
പിതൃമോക്ഷപ്രാപ്‌തിക്കായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന്‌ വിശ്വാസികളാണ്‌ പെരിയാര്‍ തീരത്ത്‌ ബലിത്തര്‍പ്പണം നടത്താനെത്തുന്നത്‌. തിങ്കളാഴ്‌ച രാത്രിയില്‍ വ്രതമെടുത്ത്‌ പഞ്ചാക്ഷരിമന്ത്രം ചൊല്ലി മണപ്പുറത്ത്‌ ഉറക്കമൊഴിച്ച്‌ കാത്തിരിക്കുന്നവര്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ ബലിത്തര്‍പ്പണം നടത്തിയ ശേഷം മടങ്ങും.
ദൂരെ ദിക്കുകളില്‍ നിന്നുള്ളവരാണ്‌ രാത്രി പത്ത്‌ മണിയോടെ തന്നെ ബലി തര്‍പ്പണം നടത്തി മടങ്ങുന്നത്‌. മണപ്പുറത്ത്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും മറുകരയില്‍ അദൈ്വതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്‌റ്റിന്റെ നേതൃത്വത്തിലുമാണ്‌ ബലി തര്‍പ്പണം നടക്കുന്നത്‌. പെരിയാറിന്റെ ഇരുകരകളിലുമായി പത്ത്‌ ലക്ഷത്തോളം ബലിതര്‍പ്പണത്തിനായി എത്തുമെന്നാണ്‌ കരുതുന്നത്‌.
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും നഗരസഭയുടേയും അദൈ്വതാശ്രമത്തിന്റെയും നേതൃത്വത്തില്‍ ഭക്‌തര്‍ക്കായുള്ള അടിസ്‌ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്‌.
പെരിയാറിന്റെ തീരത്ത്‌ നൂറ്‌ കണക്കിന്‌ ബലിത്തറകള്‍ക്ക്‌ ബോര്‍ഡ്‌ അനുമതി നല്‍കി കഴിഞ്ഞു. 75 രൂപയാണ്‌ ബലിത്തര്‍പ്പണത്തിന്‌ ദേവസ്വം ബോര്‍ഡ്‌ നിശ്‌ചയിച്ചിരിക്കുന്ന ഫീസ്‌.
കൂടുതല്‍ തുക വാങ്ങുന്നവരെ കണ്ടെത്താന്‍ വിജിലന്‍സിനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. അദൈ്വതാശ്രമത്തില്‍ ഒരേ സമയം രണ്ടായിരം പേര്‍ക്ക്‌ ബലിതര്‍പ്പണം നടത്താം.
സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കുളിക്കടവുകള്‍ ക്രമീകരിച്ചിട്ടുണ്ട്‌. 60 രൂപയാണ്‌ ഇവിടെ തര്‍പ്പണ ഫീസ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌.
പ്രളയത്തിന്‌ ശേഷമുള്ള ആദ്യ ശിവരാത്രിയാണിത്‌. പ്രളയത്തില്‍ മണപ്പുറത്തെ അടിസ്‌ഥാന സൗകര്യങ്ങള്‍ നശിക്കുകയും ക്ഷേത്രത്തിന്‌ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു. ലക്ഷങ്ങള്‍ മുടക്കിയാണ്‌ ഇവ പഴയ പടിയാക്കിയത്‌.
കഴിഞ്ഞ രണ്ട്‌ വര്‍ഷത്തേതു പോലെ ഹരിത ശിവരാത്രിയാണ്‌ ഇത്തവണയും. ശിവരാത്രിയോടനുബന്ധിച്ച്‌ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്യാപാരമേളക്കും ദൃശ്യോത്സവത്തിനും നഗരസഭ ആതിഥേയത്വം വഹിക്കും. വ്യാപാര മേളയില്‍ 40 സ്‌റ്റാളുകളും നൂറുകണക്കിന്‌ ചെറുകിട കച്ചവടക്കാരും ഉണ്ടാകും.
വ്യാപാര മേളയിലേക്ക്‌ കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ ഉണ്ടാകും. മണപ്പുറത്ത്‌ എത്തുന്നവര്‍ക്കും സാധന സാമഗ്രികള്‍ക്കുമായി 1.5 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
സുരക്ഷയുടെ ഭാഗമായി 1500 ഓളം പോലീസുകാര്‍ ജില്ലാ പോലീസ്‌ മേധാവിയുടെ കീഴില്‍ വിന്യസിക്കും. സി.സി ടിവി, ടവറുകള്‍ എന്നിവ സ്‌ഥാപിച്ചിട്ടുണ്ട്‌. മണപ്പുറത്ത്‌ സ്‌ഥാപിച്ച താത്‌കാലിക നഗരസഭ ഓഫീസില്‍ തിങ്കളാഴ്‌ച വൈകീട്ട്‌ ആറ്‌ മണിക്ക്‌ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും.

Ads by Google
Advertisement
Monday 04 Mar 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW