Tuesday, July 09, 2019 Last Updated 24 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.27 AM

പ്രതീക്ഷകള്‍ അസ്‌തമിക്കുന്നു; കര്‍ഷക ആത്മഹത്യ തുടര്‍ക്കഥ

uploads/news/2019/02/286829/i2.jpg

ചെറുതോണി:പ്രളയക്കെടുതിയിലെ കൃഷിനാശവും വിലത്തകര്‍ച്ചയും മൂലം കര്‍ഷകര്‍ കടക്കെണിയിലായതോടെ ജില്ലയില്‍ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായി. മാര്‍ച്ച്‌ മാസത്തിന്‌ മുമ്പ്‌ വായ്‌പ അടക്കുകയോ പലിശയടച്ച്‌ പുതുക്കുകയോ ചെയ്യണമെന്നിരിക്കേ പലിശയ്‌ടക്കാനോ പുതുക്കാനോ കഴിയുന്ന അവസ്‌ഥയിലല്ല കര്‍ഷകര്‍. കഴിഞ്ഞ പ്രളയക്കെടുതിക്ക്‌ ശേഷം ജില്ലാ ആസ്‌ഥാന മേഖലയില്‍ കാര്‍ഷിക കടം മൂലം നാലുപേര്‍ ആത്മഹത്യചെയ്‌തു.
ഒരാള്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ ഗുരുതരാവസ്‌ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കീരിത്തോട്‌ വെട്ടിക്കാപ്പിള്ളില്‍ ദിവാകരന്‍, തോപ്രാംകുടി മേരിഗിരി താന്നിക്കാട്ട്‌കാലായില്‍ സന്തോഷ്‌, പെരിഞ്ചാംകുട്ടി കുന്നുംപുറത്ത്‌ സഹദേവന്‍, വാഴത്തോപ്പ്‌ നെല്ലിപ്പുഴയില്‍ ജോണി എന്നിവരാണ്‌ ആത്മഹത്യ ചെയ്‌തത്‌.
മണിയാറന്‍കുടി നിരവത്ത്‌ ടോമിയാണ്‌ ഇപ്പോള്‍ ഗുരുതരാവസ്‌ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്‌. ക്ഷീര കര്‍ഷകരും പ്രതിസന്ധിയിലാണ്‌. ഉല്‍പാദനച്ചിലവിന്‌ അനുസരിച്ചുള്ള വില പാലിന്‌ ലഭിക്കുന്നില്ല. അതിനാല്‍ ക്ഷീര കൃഷിയില്‍നിന്നും പലരും പിന്തിരിയുകയാണ്‌.
പ്രളയക്കെടുതിയില്‍ ആടുമാടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഇതുവരെയും യാതൊരു സഹായവും ലഭിച്ചിട്ടില്ല. പ്രളയത്തില്‍ തന്നാണ്ടു വിളകളായ വാഴ, കപ്പ, പച്ചക്കറികള്‍ എന്നിവയുടെ 90 ശതമാനവും നശിച്ചിരുന്നു. റബറിന്‌ കിലോയ്‌ക്ക്‌ 115 രൂപയാണ്‌ ഇപ്പോഴത്തെ വില. വെട്ടുകൂലി കഴിഞ്ഞാല്‍ കര്‍ഷകന്‌ മിച്ചം ലഭിക്കില്ല. മഴക്കാലത്ത്‌ കര്‍ഷകരെ സംരക്ഷിച്ചിരുന്നത്‌ കൊക്കോ കൃഷിയായിരുന്നു. എന്നാല്‍ പ്രളയത്തിന്‌ ശേഷം ഒരു കര്‍ഷകനും കൊക്കോക്കായ ലഭിച്ചിട്ടില്ല. ഉണ്ടാകുന്ന കായ്‌കള്‍ മുഴുവന്‍ കേടുമാണ്‌.
കൊക്കോക്ക്‌ 50 രൂപയാണ്‌ വില ലഭിക്കുന്നത്‌. കുരുമുളകിനാണ്‌ ഏറ്റവും കൂടുതല്‍ വിലത്തകര്‍ച്ച നേരിട്ടത്‌. കഴിഞ്ഞ വര്‍ഷം 700 -800 രൂപവരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ 360 രൂപയാണ്‌ വില. ഇത്‌ തൊഴിലാളിക്ക്‌ കൊടുക്കാനേ തികയൂ. കാപ്പിക്കുരു വിളവെടുപ്പിനും കഴിയാത്ത സ്‌ഥിതിയാണ്‌.
തൊണ്ട്‌ കാപ്പിക്ക്‌ 60 രൂപയാണ്‌ ഇപ്പോഴുള്ളത്‌. ഏലക്കായ്‌ക്ക്‌ വില ലഭിക്കുന്നുണ്ടെങ്കിലും മഴക്കൂടുതല്‍ മൂലം എല്ലാം നശിച്ചുപോയി. നിലവില്‍ 1400-1450 രൂപ വരെ വില ലഭിക്കുന്നുണ്ട്‌. ജാതി കൂടുതലും ചീഞ്ഞു പോയി.

അതിനാല്‍ ആര്‍ക്കും തന്നെ ജാതിക്ക ഈ വര്‍ഷം ലഭിച്ചിട്ടില്ല. ജാതിക്ക കിലോക്ക്‌ 260 രൂപയാണ്‌ ഈ വര്‍ഷത്തെ വില. ഗ്രാമ്പൂവിന്‌ 710 രൂപ വരെ വിലയുണ്ടെങ്കിലും ഇത്തവണ വിളവ്‌ കുറവാണ്‌. ജില്ലയിലെ പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും പരമാവധി പലിശയിളവ്‌ നല്‍കി വായപകള്‍ പുതുക്കാന്‍ തയാറാണെങ്കിലും സ്വകാര്യ പണമിടപാട്‌ സ്‌ഥാപനങ്ങളും കെ.എസ്‌.എഫ്‌.ഇ. പോലുള്ള സ്‌ഥാപനങ്ങളുമാണ്‌ കര്‍ഷകരെ പീഡിപ്പിക്കുന്നത്‌. കെ.എസ്‌.എഫ്‌.ഇയുടെ ജപ്‌തി നോട്ടീസ്‌ ലഭിച്ചതിനെത്തുടര്‍ന്നാണ്‌ തോപ്രാംകുടിയിലെ കര്‍ഷകനായ സന്തോഷ്‌ ആത്മഹത്യ ചെയ്‌തത്‌. കെ.എസ്‌.എഫ്‌.ഇയിലെ ചിട്ടിയില്‍ ആളുകളെ നിരവധി വാഗ്‌ദാനങ്ങള്‍ നല്‍കിയാണ്‌ ചേര്‍ക്കുന്നത്‌. എന്നാല്‍ ചിട്ടി പിടിച്ചുകഴിയുമ്പോള്‍ ഇവര്‍ കൊള്ളപ്പലിശക്കാരെപ്പോലെയാണ്‌ പെരുമാറുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. ജില്ലാ ആസ്‌ഥാനത്തെ കെ.എസ്‌.എഫ്‌.ഇയുടെ ഒരു ശാഖയില്‍ 68 പേര്‍ക്കാണ്‌ വസ്‌തു ഈടിന്മേല്‍ ചിട്ടി നല്‍കിയിട്ടുള്ളത്‌.
ഇതില്‍ 30 പേര്‍ക്ക്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. കര്‍ഷകരുടെ പട്ടയ ഭൂമിക്ക്‌ ഒരേക്കര്‍ തോട്ടത്തിന്‌ മൂന്നുലക്ഷവും ഒരേക്കര്‍ നിലത്തിന്‌ ഒരു ലക്ഷവുമാണ്‌ കെ.എസ്‌.എഫ്‌.ഇ. വിലയിട്ടിരിക്കുന്നത്‌. പത്തു ലക്ഷത്തിന്റെ ചിട്ടി പിടിക്കണമെങ്കില്‍ കര്‍ഷകര്‍ വളരെ ബുദ്ധിമുട്ടണം. കെ.എസ്‌.എഫ്‌.ഇ. സെന്റിന്‌ ആയിരം രൂപ വിലകണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ ഒരുലക്ഷം രൂപയാണ്‌ സെന്റിന്‌ വില നിശ്‌ചയിച്ചിരിക്കുന്നത്‌.
ഇത്തരത്തില്‍ ധനകാര്യ സ്‌ഥാപനങ്ങള്‍ കര്‍ഷകരെ പീഡിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ ഇടപെടണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം.

Ads by Google
Advertisement
Saturday 09 Feb 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW