തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി യില്‍ നിന്ന് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാന്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന് ആവശ്യപ്പെട്ടു.
പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.ടി.യു.സി.സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരാര്‍ കാഷ്വല്‍, ദിവസ വേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കെ.എസ്.ഇ.ബി.യില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക, പൊതുമേഖല സ്ഥാപനങ്ങളില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, സര്‍ക്കാര്‍ - പൊതു മേഖല സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ മിനിമം വേതനം 18000 രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും ഉയര്‍ത്തിയാണ് സത്യഗ്രഹം നടത്തിയത്.
സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ എ.എന്‍.രാജന്, വിജയന് കുനിശ്ശേരി, പി.കെ.കൃഷ്ണന്,എം.പി.ഗോപകുമാര്‍, എം.ജി.രാഹുല്‍, പി.വിജയമ്മ, കെ.ജി.പങ്കജാക്ഷന്, കെ.സി.ജയപാലന്, കെ.കെ.അഷറഫ്, അനീഷ് പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.