ചെറുകോല്‍പ്പുഴ: തന്റെ ഇരിപ്പിടം കത്തിച്ചവരെ പിടിക്കുവാനും ശിക്ഷിക്കുവാനും ആര്‍ജവം കാണിക്കാത്ത കമ്യൂണിസ്റ്റ് ഭരണക്കാരുടെ പിന്‍ഗാമിയാണ് ഇന്നത്തെ അധികാരിയെന്നും ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിയ അനുഭവം ഇവര്‍ക്കും ഉണ്ടാവുമെന്നും സ്വാമി അയ്യപ്പദാസ് പറഞ്ഞു. ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിലെ അയ്യപ്പ ഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും ഭക്തര്‍ക്കൊപ്പമെന്നും വീമ്പു പറഞ്ഞു നടക്കുന്ന ദേവസ്വം ബോര്‍ഡ് ഭക്തജന വഞ്ചന നടത്തിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തിയത് സ്പോണ്‍സേര്‍ഡ് പരിപാടിയാണ്. ശബരിമലയില്‍ പിന്‍വാതിലിലൂടെ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെടുന്ന കനകദുര്‍ഗയ്ക്കും ബിന്ദുവിനും സുപ്രീം കോടതിയില്‍ കേസ് നടത്താനും, ആചാര ലംഘനം നടത്താനും പ്രേരണ നല്‍കിയത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്. പോലീസ്
സ്റ്റേഷനുകളില്‍ മതാചാര ചടങ്ങുകള്‍ നടത്തരുതെന്നും നിലവിളക്കു കൊളുത്താന്‍ പാടില്ലെന്നും ഉത്തരവിടുന്ന അധികാരികള്‍ തികഞ്ഞ ഹൈന്ദവ അവഹേളനമാണ് നടത്തുന്നത്. നാം നൂറ്റാണ്ടുകളായി കാത്തു സൂക്ഷിച്ചു പോരുന്ന ആചാര വിശ്വാസ പ്രമാണങ്ങളുടെ അടിത്തറയെപ്പറ്റി നിയമത്തിന്റെ ദൃഷ്ടിയില് തെളിയിക്കുവാന്‍ പലപ്പോഴും സാധിച്ചുവെന്നു വരില്ല. അവയൊന്നും കോടതിയില്‍ ചോദ്യം ചെയ്യാനും കഴിയില്ല. ഈ ആചാര സംരക്ഷണത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ തെരുവിലിറങ്ങി നാമം ജപിച്ചത് ഇത്തരം കപട മതേതരത്വത്തിന് ഒരു മുന്നറിയിപ്പാണ് നല്‍കിയതെന്നും അയ്യപ്പദാസ് പറഞ്ഞു. ആചാര ലംഘനം നടത്തി വിശ്വാസ തകര്‍ച്ച വ്യാപിപ്പിക്കാന്‍ രണ്ടു സ്ത്രീകളെ വ്യാജമായി കയറ്റാനായി സര്‍ക്കാര്‍ മുടക്കിയത് 750 കോടിയോളം രൂപയാണെന്ന് ആര്.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി പ്രമുഖ് വത്സന് തില്ലങ്കേരി അഭിപ്രായപ്പെട്ടു.
പോലീസ് സന്നാഹത്തിനും പ്രചണ്ഡമായ പ്രചാരണത്തിനും അവര്‍ അനാവശ്യമായ പണം ചെലവഴിച്ചു. കേസുകള്‍ക്കായി കോടതിയില്‍ കോടികള്‍ മുടക്കി. അവിടെ വ്യാജ പ്രസ്താവന നല്‍കാനും തയാറായി. അയ്യപ്പന്റെ പിതൃ സ്ഥാനീയനായ പന്തളം രാജാവിനെയും തന്ത്രി സമൂഹത്തെയുമെല്ലാം വായില്‍ തോന്നിയതു പോലെ പറഞ്ഞ് അവഹേളനം നടത്തി.
ശബരിമലയ്ക്കായി കാണിക്കയുടെ കുറവ് പറഞ്ഞ് 100 കോടി രൂപ ബാങ്കില്‍ നീക്കി വച്ചുവെന്നാണ് അവകാശവാദം. കേണല്‍ മണ്ട്രോയുടെ കാലം മുതല്‍ ഇവിടെ ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളും സ്വത്തുക്കളും തട്ടിയെടുത്തത് സര്‍ക്കാരാണ്. അതിന്റെ നാമമാത്രമായ പ്രതിഫലം മാത്രമാണ് ഇന്നും നല്കി വരുന്നത്.
യഥാര്‍ത്ഥ നഷ്ട പരിഹാരം ചോദിച്ചാല്‍ കോടിക്കണക്കിന് രൂപ സര്ക്കാര്നല്കേണ്ടി വരുമെന്നും വത്സന് തില്ലങ്കേരി പറഞ്ഞു. ഇരുട്ടുമുറിയില്‍ അടച്ചിട്ട പൂച്ചയെ പീഡിപ്പിക്കുന്ന ദുഷ്ടമനസാണ് ഹിന്ദുവിനോടു കാണിക്കുന്നത്.
ക്ഷമയുടെ അവസാനം തിരിച്ചു കടിക്കേണ്ട പൂച്ചയുടെ അവസ്ഥ ഹിന്ദുവിനുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ അയ്യപ്പ സേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് കൊയ്യം ജനാര്ദ്ദനന്, സാമൂഹ്യ പ്രവര്‍ത്തക പത്മ പിള്ള, പബ്ലിസിറ്റി കണ്‍വീനര്‍ എം. അയ്യപ്പന്‍കുട്ടി, അനിരാജ് ഐക്കര എന്നിവര്‍ പ്രസംഗിച്ചു.