Thursday, December 06, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.53 AM

കളിനിലം കല്‍ക്കൂമ്പാരം; കരള്‍ പിടഞ്ഞ്‌ ദേവസ്യ

uploads/news/2018/12/270191/2.jpg

പെരിയാറിലെ പഴയ വോളിബോള്‍ കോര്‍ട്ടില്‍ നിറഞ്ഞുകിടക്കുന്ന പാറക്കൂട്ടങ്ങളുടെ മുകളില്‍ നിന്ന ദേവസ്യാച്ചന്‍ ചുറ്റും നോക്കി, അനവധി വോളിബോള്‍ താരങ്ങളെ താന്‍ കായികലോകത്തേക്ക്‌ കൈപിടിച്ചു നടത്തിയ കളിനിലം കല്‍ക്കൂമ്പാരമായി മുന്നില്‍. ചുറ്റും ചിതറിക്കിടക്കുന്ന കല്ലുകളുടെ ഭാരം തന്റെ നെഞ്ചില്‍ ഏറ്റുവാങ്ങിയതുപോലെ ദു:ഖം ഖനീഭവിച്ചിരുന്നു ആ മുഖത്ത്‌. ജില്ലയുടെ കായികചിത്രത്തില്‍ നിറംമങ്ങിത്തുടങ്ങിയ വോളിബോളിന്‌ നഷ്‌ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുമായി ജീവിതം തുടരുന്നയാളാണ്‌ മാറാമറ്റത്തില്‍ ദേവസ്യാച്ചന്‍. ഹൈറേഞ്ചില്‍ വോളിബോള്‍ സജീവമാക്കാന്‍ എഴുപത്തേഴാം വയസിലും ചുറുചുറുക്കോടെ സജീവമായിരുന്ന ഇദ്ദേഹം ഇന്ന്‌ നിസഹായനാണ്‌.
മരിക്കുന്നതുവരെ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കണമെന്നാണ്‌ ദേവസ്യാച്ചന്റെ ആഗ്രഹം. എന്നാല്‍ പരിശീലനത്തിനായി ആകെ ഉണ്ടായിരുന്ന കോര്‍ട്ട്‌ പ്രളയത്തിന്റെ കളിയില്‍ തകര്‍ന്നു. പകരം കോര്‍ട്ടിനായി സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഹൈറേഞ്ചില്‍ നല്ല കായിക ക്ഷമതയുള്ള ചെറുപ്പക്കാരുണ്ടെങ്കിലും സാമ്പത്തികശേഷിയില്ലാത്തതിനാല്‍ വോളിബോള്‍ കളിയിലേക്ക്‌ എത്തുന്നവരുടെ എണ്ണം കുറവാണെന്ന്‌ ദേവസ്യാച്ചന്‍ പറയുന്നു. അതിനാല്‍ പലപ്പോഴും സ്വന്തമായി പണം മുടക്കി കുട്ടികളെ പരിശീലിപ്പിക്കാറുണ്ട്‌. വര്‍ഷം 40 കുട്ടികള്‍ക്കാണ്‌ പരിശീലനം നല്‍കുന്നത്‌. എന്നാല്‍ പരിശീലനത്തിന്‌ നല്ലൊരു കോര്‍ട്ട്‌ ഇല്ലെന്നതാണ്‌ ദേവസ്യാച്ചനും ശിഷ്യന്മാരും നേരിടുന്ന പ്രശ്‌നം. വാഴത്തോപ്പ്‌ ഗവ. ഹൈസ്‌കൂളിലും ചെറുതോണി ടൗണിന്‌ സമീപം പെരിയാറ്റിലുമാണ്‌ കോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്‌.
വാഴത്തോപ്പിലെ ഗ്രൗണ്ട്‌ അനാവശ്യമായി മുറിച്ചു കളയുകയും ചെറുതോണിയിലെ ഗ്രൗണ്ട്‌ കാലവര്‍ഷക്കെടുതിയില്‍ നശിക്കുകയും ചെയ്‌തു. കോര്‍ട്ടില്ലാത്തതിനാല്‍ ഈ വര്‍ഷത്തെ പരിശീലനം മുടങ്ങുമെന്നത്‌ വോളിബോളിനെ ജീവശ്വാസമായി കരുതുന്ന ഈ കായികപ്രേമിയെ ദു:ഖത്തിലാഴ്‌ത്തുന്നു. ചെറുപ്പത്തിലേ നെഞ്ചിലേറിയ വോളിബോള്‍ പ്രേമം കുടുംബത്തില്‍ നിന്നു തന്നെയാണ്‌ ദേവസ്യയ്‌ക്കു കിട്ടിത്‌. ഈരാറ്റുപേട്ടയില്‍ നിന്ന്‌ ഇടുക്കിയില്‍ കുടിയേറിയ ഈ കര്‍ഷക കുടുംബത്തില്‍ എല്ലാവരുടെയും ഇഷ്‌ടവിനോദം വോളിബോള്‍ തന്നെ. വോളിബോളിലെ ദേശീയ ചാമ്പ്യന്മാരായ കേരള ടീമിന്റെ കോച്ച്‌ എം.കെ മാനുവല്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്‌. ദേശീയ ടീമിലെ അംഗമായ മാനുവലിന്‌ നിരവധി ട്രോഫികള്‍ ലഭിച്ചിട്ടുണ്ട്‌.
ഇന്ത്യന്‍ റെയില്‍വേയിലെ അംഗമായ മാനുവല്‍ 1978 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ രാജ്യത്തിനായി കളിച്ചിട്ടുണ്ട്‌. ജോലി രാജിവച്ച്‌ 1981 മുതല്‍ അബുദാബിയില്‍ വോളിബോള്‍ കളിയുമായി തുടരുകയായിരുന്നു. ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ സ്‌ഥിരതാമസമാക്കിയ മാനുവല്‍ അവിടെ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുന്നു. ഇടയ്‌ക്ക്‌ ഇടുക്കിയിലെത്തി ഇവിടെയും കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുന്നുണ്ട്‌. ഇതിനായി ഹൈറേഞ്ച്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടരുകയാണ്‌. ദേവസ്യാച്ചനും ഇടുക്കിയുടെ ആദ്യകാലഘട്ടത്തില്‍ പോലീസ്‌, കെ.എസ്‌.ഇ.ബി. എന്നീ ടീമുകളോടൊപ്പം കളിച്ചിരുന്നു.
പോലീസിലും കെ.എസ്‌.ഇ.ബിയിലും ജോലി ലഭിച്ചെങ്കിലും വോളിബോള്‍ കളിക്കു വേണ്ടി എല്ലാം ഉപേക്ഷിക്കുകയായിരുന്നു.

ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍

Ads by Google
Advertisement
Thursday 06 Dec 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW