Thursday, December 06, 2018 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 06 Dec 2018 12.27 AM

കഞ്ചാവ്‌ മാഫിയയും സന്ദര്‍ശകരും തമ്മില്‍ വാക്കുതര്‍ക്കം; തമിഴ്‌നാട്‌ സ്വദേശി കുത്തേറ്റുമരിച്ചു

uploads/news/2018/12/270146/1.jpg

വൈപ്പിന്‍: സന്ദര്‍ശകരും ഏഴംഗ കഞ്ചാവ്‌ മാഫിയയും തമ്മില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്‌ പള്ളത്താംകുളങ്ങര ബീച്ചിലുണ്ടായ സംഘട്ടനത്തില്‍ സന്ദര്‍ശകരില്‍ ഒരാള്‍ കുത്തേറ്റ്‌ മരിച്ചു. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക്‌ പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്‌ ആറുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ചൊവ്വാഴ്‌ച രാത്രി 9.30നാണ്‌ സംഭവം. നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ സി.എ.എഫ്‌.എസ്‌ എന്ന സ്‌ഥാപനത്തിലെ ജീവനക്കാരന്‍ തമിഴ്‌നാട്‌ തൃശിനാപ്പിള്ളി കൊപ്പം പാട്ടി വൈരി ചെട്ടിപ്പാളയം സ്വദേശി തങ്കരാജിന്റെ മകന്‍ ഗജേന്ദ്ര(33)നാണ്‌ മരണമടഞ്ഞത്‌. പുറത്ത്‌ മൂര്‍ച്ചയേറിയ കത്തിപോലുള്ള ആയുധം കൊണ്ട്‌ ആഴമേറിയ നാലു കുത്തുകളാണേറ്റിട്ടുള്ളത്‌. ആദ്യം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ എറണാകുളത്തേക്ക്‌ മാറ്റിയെങ്കിലും ഇന്നലെ പുലര്‍ച്ചേ ഒരുമണിയോടെമരണം സംഭവിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന തൃശൂര്‍ ചേലക്കര സ്വദേശി ബിനീഷ്‌, തിരുവനന്തപുരം സ്വദേശി സാബു, തൃശൂര്‍ സ്വദേശി ഡിവൈന്‍, തൊടുപുഴ സ്വദേശി ശ്രീജിത്ത്‌ എന്നിവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇവരില്‍ ചിലരുടെ പരുക്ക്‌ ഗുരുതരമാണെങ്കിലും അപകടഘട്ടം തരണം ചെയ്‌തിട്ടുണ്ട്‌. പള്ളത്താംകുളങ്ങര ബീച്ചിലെ പാര്‍ക്കിംഗ്‌ ഏരിയയില്‍ ഇരുന്ന്‌ നെടുമ്പാശേരിയില്‍ നിന്നെത്തിയ സംഘം ബിയര്‍ കുടിച്ചത്‌ കഞ്ചാവ്‌ മാഫിയസംഘത്തിലുള്ളവര്‍ ചോദ്യം ചെയ്‌തു. ഇത്‌ പിന്നീട്‌ വാക്കേറ്റവും തര്‍ക്കവുമായി. ഒടുവില്‍ കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെയാണ്‌ ഇവര്‍ ബീച്ചിലെത്തിയത്‌. ആക്രമണത്തിനുശേഷം രണ്ട്‌ ബൈക്കുകളിലായി നാലുപേര്‍ ബീച്ചില്‍ നിന്നും തെക്കുഭാഗത്തേക്കും മറ്റൊരു ബൈക്കില്‍ മൂന്നുപേര്‍ കിഴക്ക്‌ ഭാഗത്തേക്കും രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം കൂത്തേറ്റ ഗജേന്ദ്രനെയും കൊണ്ട്‌ പരുക്കേറ്റവര്‍ അവരുടെ വാഹനത്തിലാണ്‌ ആശുപത്രിയിലെത്തിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ ഡോഗ്‌ സ്‌ക്വാഡും വരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തിയിരുന്നു. പള്ളത്താംകുളങ്ങര ഗ്യാസ്‌ ഗോഡൗണിന്‌ പടിഞ്ഞാറുഭാഗത്തുനിന്നുള്ള ഒരുവീട്ടില്‍നിന്നും കുത്താന്‍ ഉപയോഗിച്ച കത്തികള്‍ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. എസ്‌.പി. ജെ. ഹിമേന്ദ്രനാഥ്‌, ഡിവൈ.എസ്‌.പി. ജയരാജ്‌, പറവൂര്‍ സി.ഐ. അനില്‍കുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സംഭവസ്‌ഥലത്തെത്തി അന്വേഷണം നടത്തി. ഇതിനിടെ കസ്‌റ്റഡിലെടുത്തിട്ടുള്ളവരെ പോലീസ്‌ ചോദ്യം ചെയ്‌തുവരുന്നു.

Ads by Google
Advertisement
Thursday 06 Dec 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW