Friday, May 24, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 02.54 AM

നവോഥാനമൂല്യ സംരക്ഷണ പ്രസ്‌ഥാനം അയോധ്യയിലേക്കും നീട്ടണം: സ്വാമി അഗ്നിവേശ്‌

uploads/news/2018/12/270041/4.jpg

തൃശൂര്‍: കേരളത്തില്‍ തുടക്കമിട്ട നവോഥാനമൂല്യ സംരക്ഷണ പ്രസ്‌ഥാനം അയോധ്യയിലേക്കും നീട്ടണമെന്ന്‌ സ്വാമി അഗ്നിവേശ്‌. അവസരവാദ രാഷ്‌ട്രീയനാടകം പരാജയപ്പെടുന്നതുവരെ പോരാട്ടം തുടരണമെന്ന്‌ പുരോഗമന കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ 'നമ്മള്‍ ഭരണഘടനയ്‌ക്കൊപ്പം' ജനാഭിമാന സംഗമം ഉദ്‌ഘാടനം ചെയ്യവെ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത്‌ കലാപമുണ്ടാക്കാന്‍ ആര്‍.എസ്‌.എസ്‌. പയറ്റുന്ന തന്ത്രത്തിന്റെ ഭാഗമായാണ്‌ രാമക്ഷേത്രവിവാദം ഉയര്‍ത്തുന്നത്‌.
ഇന്ത്യന്‍ ഭരണഘടനയാണ്‌ തങ്ങളുടെ ധര്‍മശാസ്‌ത്രമെന്ന ബോധ്യമുള്ളവര്‍ താമസിക്കുന്ന കേരളം പിടിച്ചെടുക്കാന്‍ എത്ര ശ്രമിച്ചാലും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും അമിത്‌ഷാക്കും കഴിയില്ല. നാരായണഗുരുവും അയ്യങ്കാളിയും മറ്റും വിത്തുവിതച്ച നവോഥാനം കേരളത്തില്‍ പുതിയ ദിശയിലാണ്‌. സ്‌ത്രീക്ക്‌ തുല്യതയില്ലാത്ത എവിടെയും സമാധാനം പുലരില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലിംഗസമത്വമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ച്ചയുമുണ്ടാക്കാന്‍ കഴിയില്ല. കേരളത്തില്‍ നടക്കുന്ന നവോഥാനത്തിന്റെ പുത്തന്‍ ശ്രമങ്ങളില്‍ ശബരിമല മാത്രമാകരുത്‌ വിഷയം.
ചെന്നിത്തല യഥാര്‍ഥ കോണ്‍ഗ്രസുകാരനാണെങ്കില്‍ കാര്യങ്ങള്‍ കണ്ടറിയണം. പാര്‍ട്ടിനേതാവ്‌ രാഹുല്‍ഗാന്ധി പറയുന്നതിന്‌ വിരുദ്ധമായാണ്‌ രമേശ്‌ ചെന്നിത്തല നിലപാടെടുക്കുന്നത്‌. സംഘ്‌പരിവാറിനോടു സമരസപ്പെടുകയാണ്‌. അത്‌ അവസരവാദമാണ്‌. ഈ അവസ്‌ഥയില്‍ രമേശ്‌ചെന്നിത്തല ഡല്‍ഹിയിലെത്തി രാഹുലിന്‌ പാര്‍ട്ടിപതാക തിരിച്ചേല്‍പ്പിക്കണം.
സംശയിക്കാനും സംവദിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയുണ്ടായാലേ പറയാനുള്ള സ്വാതന്ത്ര്യം കൈവരുകയുള്ളൂ. പറഞ്ഞുനില്‍ക്കാന്‍ കാര്യമായൊന്നുമില്ലാതെ വരുമ്പോഴാണ്‌ ഭീരുക്കള്‍ ശാരീരികാക്രമണം നടത്തുന്നത്‌. സുപ്രീംകോടതി വിധിച്ചിട്ടും ശബരിമലയില്‍ തങ്ങള്‍ക്കു പോകണ്ട എന്നു പറഞ്ഞു സ്‌ത്രീകള്‍ തെരുവിലിറങ്ങി. ഇത്‌ പൗരോഹിത്യ മതസമൂഹത്തിന്റെ പ്രശ്‌നമാണ്‌.
നവോഥാനമെന്നത്‌ അന്ധമായതിനെ എതിര്‍ക്കലാണ്‌. എന്നാല്‍ അതിനെ വിശ്വാസമായി അവതരിപ്പിക്കുകയാണ്‌. ശബരിമലയിലും അതുതന്നെയാണ്‌ കാണുന്നതെന്നും കുറ്റപ്പെടുത്തി. 18 വയസു തികഞ്ഞവര്‍ക്കെല്ലാം ഇഷ്‌ടമുള്ള മതം തെരഞ്ഞെടുക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. ആദിവാസികളും പിന്നാക്കക്കാരുമെല്ലാം സമന്മാരാണ്‌ എന്നതു മറക്കരുത്‌.
നാലര വര്‍ഷം വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ മോഡി വീണ്ടും അയോധ്യയെക്കുറിച്ച്‌ പറയുന്നത്‌. തകര്‍ത്തുകളഞ്ഞ ബാബറി പള്ളിയുടെ ചത്വരത്തിലാണ്‌ രാമന്‍ പിറന്നതെന്ന വാദത്തിനു ഒരു തെളിവുമില്ല. ക്ഷേത്രം തകര്‍ത്താണ്‌ പള്ളി പണിതതെന്ന്‌ ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സാറാജോസഫ്‌ അധ്യക്ഷയായി. എസ്‌. ശാരദക്കുട്ടി, കെ.അജിത, റഫീഖ്‌ അഹമ്മദ്‌, വൈശാഖന്‍, പി. സതീദേവി, അശോകന്‍ ചരുവില്‍, സി. രാവുണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 05 Dec 2018 02.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW