Thursday, November 08, 2018 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.21 AM

തോരാത്ത കണ്ണീര്‌ ബാക്കി...

uploads/news/2018/11/263127/1.jpg

വൈപ്പിന്‍: പഠനം പൂര്‍ത്തിയാക്കാതെ വിധി തട്ടിയെടുത്ത സഹോദരങ്ങളുടെ ചലനമറ്റ ശരീരം ആബുലന്‍സില്‍ കൊണ്ടുവന്നപ്പോള്‍ സഹപാഠികളായ വിദ്യാര്‍ഥികള്‍ക്ക്‌ നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്‌ച വരെ ഒന്നിച്ച്‌ കളിച്ചുനടന്ന്‌ ഒരേ ബെഞ്ചിലിരുന്ന്‌ പഠിച്ച കൂട്ടുകാരി തങ്ങളെ വിട്ട്‌ പിരിഞ്ഞെന്ന്‌ അവര്‍ക്ക്‌ വിശ്വസിക്കാന്‍ പറ്റുന്നില്ല. വൈപ്പിന്‍-പള്ളിപ്പുറം സംസ്‌ഥാനപാതയില്‍ സ്‌കൂള്‍മുറ്റത്തുണ്ടായ അപകടത്തില്‍ മരണമടഞ്ഞ മാലിപ്പുറം കര്‍ത്തേടം കളപ്പറമ്പില്‍ മാര്‍ട്ടിന്‍ സേവ്യറിന്റെ മക്കളായ ക്രിസ്‌വിന്‍ (9), ക്രിസ്‌വിയ (7)എന്നിവരെ അവസാനമായി ഒരുനോക്ക്‌ കണ്ട്‌ അവര്‍ വിങ്ങിപ്പൊട്ടി. ഞാറക്കല്‍ പെരുമ്പിള്ളി അസീസി വിദ്യാനികേതന്‍ പബ്ലിക്‌ സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായ ക്രിസ്‌വിന്‍, രണ്ടാംക്ലാസ്‌ വിദ്യാര്‍ഥിയായ ക്രിസ്‌വിയ അവരുടെ മാതാവ്‌ ഷൈജി (40) എന്നിവര്‍ ചൊവ്വാഴ്‌ച രാവിലെ പതിനൊന്നോടെയാണ്‌ സ്‌കൂള്‍ മുറ്റത്തെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ശാഖയ്‌ക്ക് വടക്കുഭാഗത്ത്‌ വച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞത്‌. അപകടം നടന്ന ചൊവ്വാഴ്‌ച തന്നെ മാര്‍ട്ടിന്‍ സേവ്യറിന്റെ ഭാര്യ ഷൈജി, മകള്‍ ക്രിസ്‌വിയ എന്നിവര്‍ മരണമടഞ്ഞിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചേ രണ്ടിനാണ്‌ ക്രിസ്‌വിന്റെ മരണം സ്‌ഥിരീകരിച്ചത്‌. അപകടവിവരമറിഞ്ഞ്‌ വിദേശത്തായിരുന്ന മാര്‍ട്ടിന്‍ സേവ്യര്‍ രാത്രി ഒരുമണിയോടെ ആശുപത്രിയിലെത്തി. ബുധനാഴ്‌ച രാവിലെ മൂവരുടേയും പോസ്‌റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി
ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ്‌ സ്‌കുള്‍ അങ്കണത്തിലേക്ക്‌ മൃതദേഹങ്ങളുമായെത്തിയ ആംബുലന്‍സ്‌ എത്തിയത്‌. ഒരു ഫ്രീസറില്‍ ക്രിസ്‌വിന്റെയും ക്രിസ്‌വിയയുടെയും മൃതദേഹങ്ങളും മറ്റൊരു ആംബുലന്‍സില്‍ ഷൈജിയുടെ മൃതദേഹവും കൊണ്ടുവന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ മാത്രമേ പൊതുദര്‍ശനത്തിന്‌ വച്ചുള്ളൂ. 30 മിനിറ്റോളം സ്‌കൂളില്‍ പൊതുദര്‍ശനത്തിന്‌ വച്ചപ്പോള്‍ നിറകണ്ണുകളോടെയാണ്‌ സഹപാഠികള്‍ പ്രിയ കൂട്ടുകാര്‍ക്ക്‌ ബാഷ്‌പാഞ്‌ജലിയര്‍പ്പിച്ചത്‌. സ്‌കുള്‍ അധികൃതരും മറ്റും പുഷ്‌പചക്രമര്‍പ്പിച്ചു. അധ്യാപകരും അനധ്യാപകരും പരിസരവാസികളും നിറകണ്ണുകളോടെ അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം സ്‌കൂളില്‍ നിന്നും യാത്രയായപ്പോള്‍ വിദ്യാര്‍ഥികള്‍ വേദനയോടെയാണ്‌ യാത്രയാക്കിയത്‌.
കര്‍ത്തേടത്തെ വീട്ടുവളപ്പിലേക്ക്‌ മൃതദേഹം എത്തിച്ചപ്പോള്‍ കൂട്ടക്കരച്ചിലോടെയാണ്‌ എതിരേറ്റത്‌. ഓമനിച്ച്‌ കൊതി തീരാതിരുന്ന മക്കളുടെയും ഭാര്യയുടെയും മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച്‌ മാര്‍ട്ടന്‍ സേവ്യറും ബന്ധുക്കളും വിലപിച്ചത്‌ കര്‍ത്തേടം ഗ്രാമത്തെ ദുഃഖസാന്ദ്രമാക്കി. നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പേര്‍ കളപ്പറമ്പില്‍ തറവാട്ടില്‍ അന്ത്യയാത്ര നല്‍കാന്‍ എത്തിയിരുന്നു.
വൈകിട്ട്‌ നാലിന്‌ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതസംസ്‌കാര ശുശ്രൂഷ ആരംഭിച്ചു. കര്‍ത്തേടം സെന്റ്‌ ജോര്‍ജ്‌ പള്ളി സെമിത്തേരിയിലെ അടുത്തടുത്തുള്ള മൂന്നു കല്ലറകളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. എസ്‌. ശര്‍മ്മ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ എന്നിവര്‍ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു.

കണ്ണദാസ്‌ തടിക്കല്‍

Ads by Google
Advertisement
Thursday 08 Nov 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW