Wednesday, July 17, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 11.01 AM

ഒരുകോടി വിലമതിക്കുന്ന ഭൂമി ലൈഫ് പദ്ധതിക്ക് നല്‍കി പ്രവാസി ദമ്പതികള്‍

uploads/news/2018/10/256179/Ekmnsw121018c.jpg

പോത്താനിക്കാട്: ഒരു കോടിയിലധികം രൂപ വില വരുന്ന ഒരേക്കര്‍ ഭൂമി ലൈഫ് പദ്ധതിക്ക് സൗജന്യമായി നല്‍കി പ്രവാസി ദമ്പതികള്‍ മാതൃകയായി.
പോത്താനിക്കാട് പഞ്ചായത്തില്‍ പുളിന്താനം മടത്തിക്കുടിയില്‍ ബേബി ജോസഫും ഭാര്യ ഗ്രേസി ബേബിയും ചേര്‍ന്നാണ് പ്രവാസ ജീവിതത്തിലൂടെ സമ്പാദിച്ച ഒരേക്കര്‍ സ്ഥലം പഞ്ചായത്തിന് സൗജന്യമായി നല്‍കിയത്.

പോത്താനിക്കാട് പഞ്ചായത്തില്‍ ഭവനരഹിതരായ തൊണ്ണൂറോളം അപേക്ഷകര്‍ ഉണ്ടെന്ന തിരിച്ചറിവാണ് ബേബിക്കും ഭാര്യക്കും സ്ഥലം നല്‍കാന്‍ പ്രേരണയായത്. ഭവന രഹിതര്‍ക്ക് വീടു വയ്ക്കുന്നതിന് സ്ഥലം നല്‍കാനുള്ള ആഗ്രഹം ദുബായില്‍ ബിസിനസ് നടത്തുന്ന മക്കളായ സിബി, നിബി എന്നിവരുമായി പങ്കുവച്ചു. നാട്ടുകാര്‍ക്ക് സഹായകമാകുന്ന തീരുമാനത്തെ ഇരുവരും പൂര്‍ണമനസോടെ പിന്തുണച്ചു. ഇതോടെയാണ് നാടിന് അഭിമാനമായ തീരുമാനത്തിലേക്ക് ഇവരെത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി അബ്രഹാം, വൈസ് പ്രസിഡന്റ് സജി കെ. വര്‍ഗീസ് എന്നിവരെ ഭൂമി കൈയേറാനുള്ള സന്നദ്ധത ഇവര്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തിന്റെ മുഴുവന്‍ രേഖകള്‍ സഹിതം പഞ്ചായത്തിന് സറണ്ടര്‍ ചെയ്തു. പുളിന്താനം ഗവ. യു.പി സ്‌കൂളിന് സമീപം എല്ലാവിധ സൗകര്യങ്ങളുമുള്ള സ്ഥലമാണ് സൗജന്യമായി നല്‍കിയത്.

ഇവിടെ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാര്‍ സഹായത്തോടെ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് കൈമാറും. കുട്ടികള്‍ക്കായി കളിസ്ഥലം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

പോത്താനിക്കാട് പഞ്ചായത്തിലെ മുന്‍ മെമ്പറായിരുന്ന പരേതനായ മടത്തിക്കുടിയില്‍ എം.വി. ജോസഫിന്റെയും ലൂസമ്മയുടെയും മകനാണ് ബേബി ജോസഫ്. ഭാര്യ ഗ്രേസി തിരുവല്ല ഓവനാലില്‍ കുടുംബാംഗമാണ്. മക്കളായ സിബി എം. ബേബിയും, നിബി എം. ബേബിയും കുടുംബമായി ഷാര്‍ജയിലാണ് താമസം. 34 വര്‍ഷമായി ബേബിയും കുടുംബവും യു.എ.ഇയിലാണ്.

ഷാര്‍ജയില്‍ അല്‍-അഫീഫ് ബില്‍ഡിംഗ് മെറ്റീരിയല്‍ ട്രേഡിംഗ് കമ്പനി നടത്തുന്ന ബേബി പോത്താനിക്കാട് ഗ്രേയ്‌സ് ഓഡിറ്റോറിയം ഉടമയുമാണ്. ഭവനരഹിതര്‍ക്ക് വീടു നിര്‍മിക്കുന്നതിന് ഭൂമി വിട്ടുനല്‍കിയ ബേബിയേയും കുടുംബത്തേയും മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം വീട്ടിലെത്തി അനുമോദിച്ചു.

ഭവന രഹിതര്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ സഹായവും എം.എല്‍.എ. വാഗ്ദാനം ചെയ്തു. നേരത്തെ ബേബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

Ads by Google
Advertisement
Friday 12 Oct 2018 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW