കുന്നംകുളം: ഗതാഗത നിയന്ത്രണ കമ്മറ്റി യോഗ തീരുമാനപ്രകാരം ഒക്ടോബര്‍ ഒന്ന് മുതല്‍ കുന്നംകുളം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത പരിഷ്കാരം നടപ്പിലാക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന ഗതാഗത ഉപദേശ സമിതിയോഗം തീരുമാനിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പരാതികളും എതിര്‍പ്പും പരിശോധിക്കുമെന്ന് നഗരസഭ ചെയര്പേഴ്സന് സീതാ രവീന്ദ്രനും കുന്നംകുളം സി.ഐ. കെ.ജി. സുരേഷും വ്യക്തമാക്കി.
തൃശൂരില്‍നിന്ന് വരുന്ന ദീര്‍ഘദൂര ബസുകള്‍ ഒഴികെയുള്ള ബസുകല് മുനിസിപ്പല്‍ ജങ്ഷനു സമീപം വലത്തോട്ട് തിരിഞ്ഞ് സീനിയര്‍ ഗ്രൗണ്ട് വഴി വടക്കാഞ്ചേരി റോഡ് വഴി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ദീര്‍ഘദൂരബസുകള്‍ നഗരസഭ ഓഫീസ് മുന്‍വശം അലൈഡ് ജങ്ഷനിലൂടെ ടൗണ്‍ എം.ജി. ഷോപ്പിംഗ് ക്ലോംപ്ലക്സിനു മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റണം. നഗരസഭ കെട്ടിടത്തോട് ചേര്‍ന്നുള്ള ഗുരുവായൂര്‍ റോഡിലേക്ക് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ സര്‍വീസ് പൂര്‍ണമായി നിരോധിക്കും. കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നത് ക്രമീകരിക്കുന്നതിന് റോഡിന് നടുവില്‍ ബാരിക്കോഡ് നിര്‍മിക്കും.
തിരുത്തിക്കാട്, പോര്‍ക്കുളം, പഴഞ്ഞി, പാറേമ്പാടം തുടങ്ങിയ ഹ്രസ്വദൂര ബസുകള്‍ ഹെര്‍ബര്‍ട്ട് റോഡ്-തുറക്കുളം മാര്‍ക്കറ്റ്-കക്കാട് മിനി സിവില്‍ സ്റ്റേഷന് വഴി പട്ടാമ്പി റോഡില്‍ പ്രവേശിച്ച് സര്‍വീസ നടത്തണം. സി. ഷെയ്പ്പ് കെട്ടിടത്തിലെ ഓട്ടോറിക്ഷ പാര്‍ക്കിംഗ് നിര്‍ത്തലാക്കും. എം.ജി. ഷോപ്പിംഗ് ക്ലോംപ്ലക്സിനു സമീപത്തെ ഓട്ടോറിക്ഷ പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നത് പരിശോധിക്കും. ടൗണ്‍ ജങ്ഷന് മുതല്‍ തൃശൂര്‍ റോഡ് പോലീസ് സ്റ്റേഷന്‍വഴി എല്ലാ വാഹനങ്ങള്‍ക്കും വണ്‍വേയായിരിക്കും. നഗരത്തിലെ ഹെര്‍ബര്‍ട്ട് റോഡ്, വടക്കാഞ്ചേരി റോഡ്, ട്രാന്‍സ്ഫോര്‍മര്‍ കഴിഞ്ഞ സ്ഥലം, ഗവ. ബോയ്സ് ഹൈസ്കൂള്‍ മുന്‍വശം എന്നീ സ്ഥലങ്ങളില്‍ സൗജന്യ വാഹന പാര്‍ക്കിംഗ് അനുവദിക്കും.
ഗുരുവായൂര്‍ റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ജങ്ഷന്ന് വഴി തൃശൂര്‍ റോഡിലേക്കു പ്രവേശനം അനുവദിക്കില്ല. യോഗത്തില്‍ ചെയര്പേഴ്സന് സീതാ രവീന്ദ്രന് അധ്യക്ഷയായിരുന്നു. വൈസ് ചെയര്മാന് പി.എം. സുരേഷ്, സി.ഐ. കെ.ജി. സുരേഷ്, എസ്.ഐ.യു.കെ. ഷാജഹാന്, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, ഗുരുവായൂര്‍ എം.എം.വി.ഐ. വി.കെ. സജിന്‍, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍, ബസ് ഉടമ സംഘടന പ്രതിനിധികള്‍, ഓട്ടോറിക്ഷ പ്രതിനിധികള്‍, ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.