Thursday, October 18, 2018 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 12.10 AM

കയര്‍മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്‌

uploads/news/2018/09/251221/1.jpg

മാരാരിക്കുളം:ഉല്‍പന്നങ്ങളുടെ വിലയും തൊഴിലാളികളുടെ കൂലിയും വര്‍ധിപ്പിച്ചു നല്‍കാന്‍ ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ വന്‍കിട കയറ്റുമതിക്കാര്‍ തയാറാകാത്തതിനാല്‍ കയര്‍മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്‌. കഴിഞ്ഞ മേയ്‌ 22ന്‌ ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ജൂണ്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഉത്‌പന്നങ്ങളുടെ വില പുനര്‍നിര്‍ണയിച്ചും തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചും നല്‍കണമെന്ന ഉത്തരവാണ്‌ കയറ്റുമതിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ അവഗണിക്കുന്നത്‌. അമ്പലപ്പുഴ - ചേര്‍ത്തല താലൂക്കുകളിലായി ആയിരക്കണക്കിനു ചെറുകിട കയര്‍ഫാക്‌ടറികളും ഇതിന്റെ പതിന്മടങ്ങ്‌ തൊഴിലാളികളും കൂലി വര്‍ധിപ്പിച്ച്‌ കിട്ടാത്തതിനെ തുടര്‍ന്ന്‌ അനിശ്‌ചിതകാല സമരത്തിലേക്കു നീങ്ങാനൊരുങ്ങുകയാണ്‌. അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധിച്ചതാണ്‌ കൂലി വര്‍ധിപ്പിച്ചു നല്‍കാന്‍ കഴിയാത്തതിന്‌ കാരണമെന്നാണ്‌ വന്‍കിടക്കാരുടെ വാദം.
മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്‌ നിര്‍ത്തലാക്കിയ ഡിപ്പോ സമ്പ്രദായത്തിനു പകരം ഏര്‍പ്പെടുത്തിയ കയര്‍വില സ്‌ഥിരതാ കമ്മിറ്റി നിശ്‌ചിത സമയത്ത്‌ ചേരാത്തതിനെ തുടര്‍ന്ന്‌ സി.ഐ.ടി.യു ഒഴികെയുളള യൂണിയനുകള്‍ സംഘടിച്ച്‌ ഓണത്തിനു മുമ്പ്‌ സമരം പ്രഖ്യാപിച്ചിരുന്നു. ഇതു മുന്നില്‍ക്കണ്ട്‌ മേയ്‌ 21ന്‌ കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ആര്‍. നാസര്‍ വില സ്‌ഥിരതാ കമ്മിറ്റി വിളിച്ചുചേര്‍ക്കുകയും മേഖലയിലുള്ള അനിശ്‌ചിതാവസ്‌ഥ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയുമായിരുന്നു. കയറ്റുമതിക്കാര്‍ക്കു ലഭിക്കുന്ന ഓര്‍ഡറുകള്‍ കയര്‍ കോര്‍പറേഷന്‍ നല്‍കണമെന്നും ഇതിനു കയറ്റുമതിക്കാര്‍ക്ക്‌ 10 ശതമാനം സബ്‌സിഡി നല്‍കുമെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനം മുന്‍നിര്‍ത്തി കയറ്റുമതിക്കാര്‍ക്ക്‌ ലഭിക്കുന്ന ഓര്‍ഡറുകള്‍ ഭാഗികമായി കയര്‍ കോര്‍പറേഷനു നല്‍കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ഈ മേഖലയില്‍ നീര്‍ത്തട സംരക്ഷണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിപ്രകാരം ഉല്‍പാദിപ്പിക്കുന്ന കൊല്ലിപായുടെ നിര്‍മാണമാണ്‌ കൂടുതലായി നടന്നുവരുന്നത്‌. ഇതിനാകട്ടെ നാമമാത്ര കൂലിയാണ്‌ തൊഴിലാളികള്‍ക്കു നല്‍കുന്നത്‌.
ഒരു സ്‌ക്വയര്‍മീറ്ററിന്‌ 16 രൂപ നല്‍കേണ്ടിടത്ത്‌ പല ഉല്‍പാദകരും 11 രൂപയാണ്‌ നല്‍കുന്നതെന്നാണ്‌ തൊഴിലാളി യൂണിയനടക്കമുള്ളവരുടെ ആക്ഷേപം. മാത്രമല്ല മറ്റു പല ഉല്‍പന്നങ്ങള്‍ക്കും സ്‌ഥിരതയില്ലാത്ത വിലയും കൂലിയുമാണ്‌ അമ്പലപ്പുഴ - ചേര്‍ത്തല താലൂക്കിലെ പല ഫാക്‌ടറികളിലും തൊഴിലാളികള്‍ക്ക്‌ നല്‍കുന്നത്‌. പ്രളയത്തെ തുടര്‍ന്ന്‌ വ്യവസായം മന്ദീഭവിച്ചെന്ന കയറ്റുമതിക്കാരുടെ വാദം തൊഴിലാളികളുടെ കൂലി കുറയ്‌ക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നാണ്‌ ചെറുകിട ഉല്‍പാദകരുടെ വാദം. കയര്‍ വ്യവസായ മേഖലകളില്‍ പ്രളയം ബാധിച്ചിരുന്നില്ലെന്നു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിട ഉല്‍പാദകരും ഉല്‍പന്നങ്ങള്‍ക്ക്‌ വില വര്‍ധിപ്പിച്ച്‌ കിട്ടാത്തതിനെ തുടര്‍ന്ന്‌ തൊഴിലാളികള്‍ക്ക്‌ കൂലി വര്‍ധിപ്പിച്ച്‌ നല്‍കാന്‍ തയാറാകുന്നില്ല.

Ads by Google
Advertisement
Tuesday 25 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW