Friday, September 14, 2018 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.16 AM

കോളജ്‌ സംഘര്‍ഷം തെരുവിലേക്ക്‌: ലാത്തിച്ചാര്‍ജ്‌, ഹര്‍ത്താല്‍

uploads/news/2018/09/248411/1.jpg

പത്തനംതിട്ട: യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന്‌ കാതോലിക്കറ്റ്‌ കോളജിലുണ്ടായ എസ്‌.എഫ്‌.ഐ-കെ.എസ്‌. യു സംഘട്ടനം തെരുവിലേക്ക്‌ നീണ്ടു. പോലീസ്‌ നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക്‌ അടികൊണ്ടു. ആന്റോ ആന്റണി എം.പിയുടെ സെക്രട്ടറി സനലിനെ ഓഫീസില്‍ കടന്നു പോലീസ്‌ മര്‍ദിച്ചുവെന്നാരോപിച്ച്‌ വൈകിട്ട്‌ മൂന്നു മുതല്‍ ആറു വരെ നഗരസഭാ പ്രദേശത്ത്‌ ഹര്‍ത്താല്‍ ആചരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ കെ.എസ്‌.യുവും കെ.എസ്‌.സി (എം)യും ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ്‌ നടത്തും.
യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. ഇന്നലെ രാവിലെ 10 മണിയോടെ കെ.എസ്‌.യുവിന്റെ കൊടി കോളജ്‌ ഗേറ്റില്‍ ഇട്ട്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ ചവിട്ടിക്കൂട്ടിയെന്ന്‌ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ കെ.എസ്‌.യുക്കാര്‍ സംഘടിച്ച്‌ പ്രകടനം നടത്തി. ഇതിനിടെയാണ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരുമായി സംഘട്ടനം നടന്നത്‌. പ്രിന്‍സിപ്പല്‍ വിവരം അറിയിച്ചതനുസരിച്ച്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ജി. സുനില്‍കുമാറും രണ്ട്‌ എസ്‌.ഐമാരും സ്‌ഥലത്ത്‌ എത്തി.
വിദ്യാര്‍ഥികളെ പിരിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതിന്‌ കൂട്ടാക്കിയില്ല. പോലീസുമായി തര്‍ക്കവും നടന്നു. തുടര്‍ന്ന്‌ ക്യാമ്പില്‍ നിന്ന്‌ കൂടുതല്‍ പോലീസിനെ എത്തിച്ചു. എത്ര പറഞ്ഞിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോകാന്‍ തയാറാകാതെ വന്നതോടെ ലാത്തിച്ചാര്‍ജ്‌ ആരംഭിച്ചു. പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ പോലീസ്‌ തല്ലിച്ചതച്ചു. അടികൊണ്ട കെ.എസ്‌.യുക്കാരില്‍ ചിലര്‍ തൊട്ടടുത്തുള്ള ആന്റോ ആന്റണിയുടെ ഓഫീസിലേക്ക്‌ ഓടിക്കയറി. പോലീസും പിന്നാലെ കയറി. പോലീസ്‌ ഇവിടെ നാശനഷ്‌ടങ്ങള്‍ വരുത്തിയെന്നും പരാതിയുണ്ട്‌. ഇതിനിടെയാണ്‌ എം.പിയുടെ സെക്രട്ടറി സനല്‍കുമാറിനെ പോലീസ്‌ പിടികൂടിയത്‌. ഇദ്ദേഹത്തെ പിടിച്ച്‌ ജീപ്പില്‍ കയറ്റാന്‍ ഇന്‍സ്‌പെക്‌ടര്‍ നിര്‍ദേശം നല്‍കി. എം.പിയുടെ സെക്രട്ടറി ആണെന്ന്‌ അറിയിച്ചതോടെ വിട്ടയച്ചു. പോലീസ്‌ മര്‍ദിച്ചുവെന്ന്‌ ആരോപിച്ച്‌ സനല്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.
എം.പി യുടെ ഓഫീസില്‍ അതിക്രമിച്ച്‌ കയറിയ പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ വൈകിട്ട്‌ മൂന്നു മുതല്‍ ആറു വരെ നഗരാതിര്‍ത്തിയില്‍ ഹര്‍ത്താല്‍ നടത്തി. ബലം പ്രയോഗിച്ച്‌ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിന്‌ കാരണമാവുകയും ചെയ്‌തു.പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട്‌ കെ.എസ്‌.യു- എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. കെ.എസ്‌.യു നടത്തിയ മാര്‍ച്ചിനിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി.പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രവര്‍ത്തകരെ വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷന്‍ വളപ്പിനുള്ളില്‍ ധര്‍ണ നടത്തി.
തുടര്‍ന്ന്‌ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു.സംഘര്‍ഷം ഒഴിവാക്കാനായാണ്‌ പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തതെന്നും ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്ന്‌ അധികൃതര്‍ ഉറപ്പ്‌ നല്‍കിയതായും സി.പി.എം ഏരിയാ സെക്രട്ടറി എന്‍ സജികുമാര്‍ പറഞ്ഞു.ആന്റോ ആന്റണിയുടെ ഓഫീസില്‍ കടന്ന്‌ കയറിയ പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നടത്തിയ പോലിസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചും നേരിയ സംഘര്‍ഷത്തിനിടയാക്കി.
പോലീസ്‌ വലയം ഭേദിച്ച്‌ സ്‌റ്റേഷനുകളിലേക്ക്‌ തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പോലീസുമായുള്ള ഉന്തിലും തളളിലും കലാശിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട്‌ പ്രവര്‍ത്തകരെ പിന്‍തിരിപ്പിച്ച തൊടെയാണ്‌ സംഘര്‍ഷം ഒഴിവായത്‌. തുടര്‍ന്ന്‌ പ്രര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. ധര്‍ണ ആന്റോ ആന്റണി ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Friday 14 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW