നെല്ലിയാമ്പതി: പ്രകൃതിക്ഷോഭം മൂലമുണ്ടായ ഉരുള്‍പൊട്ടലില്‍ നെല്ലിയാമ്പതി കട്ട്ളപ്പാറയില് ഒലിച്ചുപോയത് 90 ഏക്കറോളം വനവും കാപ്പിത്തോട്ടവും. അഞ്ചു കിലോമീറ്ററോളം ദൂരത്തേക്കാണ് ഇവ ഒലിച്ചുപോയത്. പ്രദേശത്ത് താമസിച്ചിരുന്ന അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മിന്നുംപാറയ്ക്ക് സമീപമുള്ള കരമലയില്നിന്നുണ്ടായ ഉരുള്‍പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും വാഴക്കുണ്ട്, കട്ട്ളപ്പാറ എന്നീ പ്രദേശങ്ങളിലെ ഏക്കറുകണക്കിന് മരങ്ങളും മണ്ണും ഒലിച്ചുപോയി.
കട്ട്ളപ്പാറ എസ്റ്റേറ്റിലെ പ്രധാനഭാഗം ഇപ്പോള്‍ മണല്ത്തീരമായി മാറി. അര കിലോമീറ്ററോളം ദൂരം മണ്ണു മരങ്ങളും ഒലിച്ചുപോയ പ്രദേശത്ത് വലിയ പാറക്കല്ലുകളും മരങ്ങളുടെ അവശിഷ്ടങ്ങളുമാണ് ഇപ്പോള്‍ നിറഞ്ഞുകിടക്കുന്നത്. പുതിയൊരു പുഴതന്നെ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് മുമ്പുണ്ടായിരുന്ന ചെറിയ പുഴയുടെ അകലവും ആഴവും വര്‍ധിച്ചു. ഇരുകരകളിലുമുള്ള മരങ്ങള്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അപ്രത്യക്ഷമായി.
രാത്രി എട്ടരയോടെ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ശബ്ദംകേട്ട് എസ്റ്റേറ്റിലെ മാനേജര്‍ കൃഷ്ണന് നായര്‍, തൊഴിലാളികളായ രമേഷ്, വീരമ്മ, സുമതി, അണ്ണാമല എന്നിവര്‍ വീടിന്റെ പുറകിലുള്ള എസ്റ്റേറ്റിന്റെ ഉയരംകൂടിയ ഭാഗത്തു കയറിയാണ് രക്ഷപ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന പാടിയുടെ മുറ്റംവരെ വെള്ളം കയറി. പാടിയില്‍നിന്ന് 30 അടി ദൂരത്തിലുണ്ടായിരുന്ന വന്മരങ്ങള് മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വന്‍ശബ്ദത്തോടെ രണ്ടുതവണ ഉരുള്‍പൊട്ടലുണ്ടായതായി കൃഷ്ണന് നായര്‍ പറഞ്ഞു. നെല്ലിയാമ്പതിയിലെ പുലയന്പാറയില്നിന്നു കൊട്ടയങ്ങാട്, കൈലാസം എസ്റ്റേറ്റിന് അരികിലൂടെയാണ് കട്ട്ളപ്പാറയിലേക്ക് പോവുന്നത്. ഈ പാതയിലൂടെ ജീപ്പ് യാത്ര മാത്രമേ സാധ്യമാവൂ. അല്ലെങ്കില്‍ ആറു കിലോമീറ്ററോളം നടക്കണം.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കൈലാസം എസ്റ്റേറ്റു മുതല്‍ കട്ട്ളപ്പാറ വരെയുള്ള ജീപ്പ് റോഡില്‍ 30 ഓളം സ്ഥലങ്ങളില്‍ മണ്ണൊലിച്ചുപോയി. 25 ഓളം സ്ഥലങ്ങളില്‍ വന്മരങ്ങള് കടപുഴകി വീണു.
ജീപ്പ് റോഡിന്റെ ഗതിതന്നെ ഏത് ദിശയിലാണുണ്ടായിരുന്നത് എന്ന് മനസിലാക്കാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കൈകാട്ടി ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം അഞ്ചു കിലോമീറ്ററോളം നടന്നാണ് വൈദ്യപരിശോധനയ്ക്കായി എസ്റ്റേറ്റില്‍ എത്തിയത്. 23 ദിവസമായി ഒറ്റപ്പെട്ടുകിടക്കുന്ന കട്ട്ളപ്പാറയിലേക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ. ആരോഗ്യം ജോയ്സണിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ സംഘമെത്തിയത്.