Sunday, November 18, 2018 Last Updated 15 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.34 AM

ബ്രിട്ടീഷ്‌ കാലത്തെ സ്‌കൂള്‍ കെട്ടിടം പൈതൃക സ്‌മാരകമാക്കാനുള്ള ശ്രമം മരവിച്ചു

കോഴിക്കോട്‌: ബ്രിട്ടീഷ്‌ ഭരണകാലത്തു പണിത കോഴിക്കോട്‌ സെന്റ്‌ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ രണ്ടു കെട്ടിടങ്ങള്‍ പൈതൃക സ്‌മാരകമായി സംരക്ഷിക്കാനുള്ള നടപടികള്‍ക്ക്‌ അജ്‌ഞാതര്‍ വിലങ്ങിട്ടതായി ആരോപണം.
കൊളോണിയല്‍ ഭരണത്തിന്റെ സ്‌മാരകമായി കോഴിക്കോട്ട്‌ അവശേഷിക്കുന്ന ഈ സ്‌കൂള്‍ കെട്ടിടങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നു പുരാവസ്‌തുവകുപ്പിലെ ജില്ലാ ഉദ്യോഗസ്‌ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു വിശദമായ റിപ്പോര്‍ട്ട്‌ സര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു.
2018 ഫിബ്രവരി 16 നാണ്‌ കോഴിക്കോട്ടുനിന്നു റിപ്പോര്‍ട്ട്‌ നല്‍കിയത്‌. മെയ്‌ രണ്ടിന്‌ പുരാവസ്‌തുവകുപ്പ്‌ അധ്യക്ഷന്‍ കെട്ടിടങ്ങള്‍ സംബന്ധിച്ച വിശദമായ റവന്യൂ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന്‌ ജില്ലാ കലക്‌ടറോട്‌ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ സ്‌കെച്ച്‌, പ്ലാന്‍, ഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ്‌ ആവശ്യപ്പെട്ടിരുന്നത്‌. കെട്ടിടം പൈതൃക സ്വത്തായി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഈ റവന്യൂ രേഖകള്‍ അത്യന്താപേക്ഷിതമാണ്‌. കോഴിക്കോട്‌ കലക്‌ടറേറ്റില്‍ നിന്ന്‌ ഈ രേഖകള്‍ അയച്ചോ ഇല്ലയോ എന്ന കാര്യം ആര്‍ക്കിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസിന്‌ അറിയില്ല. തുടര്‍ന്ന്‌ നടപടികളെല്ലാം മരവിച്ച അവസ്‌ഥയിലാണെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.
പൈതൃക സ്വത്തായി സംരക്ഷിക്കുന്നതിന്‌ ആര്‍ക്കിയോളജി വകുപ്പിനു രണ്ടു രീതികളാണുള്ളത്‌. സ്വകാര്യ സ്വത്തിന്റെ ഉടമസ്‌ഥാവകാശം അവരില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുള്ള സംരക്ഷണമാണ്‌ ഇതില്‍ പ്രധാനം. ചില സ്വത്തുക്കള്‍ വകുപ്പ്‌ ഏറ്റെടുക്കാറുമുണ്ട്‌.
സ്‌കൂള്‍ കെട്ടിടം ഉടമകളായ അപ്പോസ്‌തലിക്‌ കാര്‍മല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ നിലനില്‍ത്തിക്കൊണ്ട്‌ അതിന്റെ പൈതൃക പാരമ്പര്യം സംരക്ഷിക്കാനാണ്‌ വകുപ്പ്‌ ആലോചിക്കുന്നത്‌. ഈ കെട്ടിടത്തില്‍ സാധാരണ പോലെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനോ മറ്റു കാര്യങ്ങള്‍ക്കോ ഇതുമൂലം ഒരു തടസ്സവും ഉണ്ടാവില്ല.എന്നാല്‍ ഈ പൈതൃക കെട്ടിടം അപകടാവസ്‌ഥയിലാണെന്നും ഇതു പൊളിച്ച്‌ ഇവിടെ പുതിയ കെട്ടിടം പണിയണമെന്നുമുള്ള നിര്‍ദ്ദേശമാണ്‌ സ്‌്കൂള്‍ മാനേജ്‌മെന്റിന്റെ പരിഗണനയിലുള്ളത്‌. എന്നാല്‍ സ്‌കൂള്‍ കെട്ടിടത്തിനു കാലപ്പഴക്കം കൊണ്ടു ബലക്ഷയം സംഭവിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ പുരാവസ്‌തു വകുപ്പു റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. പുരാവസ്‌തുവകുപ്പിന്റെ പ്രാഥമിക പരിശോധനക്കു വരെ അധികൃതര്‍ ആദ്യം എതിരു നിന്നിരുന്നു.
1860ല്‍ അപ്പോസ്‌തലിക്‌ കാര്‍മല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി റജിസ്‌റ്റര്‍ ചെയ്‌ത് 1862ലാണ്‌ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടു മലബാറില്‍ ആദ്യമായി ആരംഭിച്ച വിദ്യാലയമാണിത്‌. 1914 ലാണു ണ്ടു പൈതൃക കെട്ടിടങ്ങള്‍ പണിതതെന്നാണു കരുതുന്നത്‌.
തെക്ക്‌ കോണ്‍വെന്റ്‌ കെട്ടിടവും വടക്ക്‌ സ്‌കൂള്‍ കെട്ടിടവും കൊളോണിയല്‍ ചരിത്ര സ്‌മൃതികള്‍ ഉയര്‍ത്തി ഇന്നും നിലനില്‍ക്കുന്നു.

Ads by Google
Advertisement
Thursday 13 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW