Friday, November 16, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.24 AM

റോഡുകളില്‍ നടുവൊടിയും കുഴികള്‍; പുകയും പൊടിയും തിന്ന്‌ യാത്രക്കാര്‍ക്ക്‌ ദുരിതയാത്ര

uploads/news/2018/09/248141/1.jpg

കല്‍പ്പറ്റ: ശക്‌തമായ കാലവര്‍ഷത്തില്‍ ജില്ലയിലെ സംസ്‌ഥാന, ദേശീയ, ജില്ലാ, ഗ്രാമീണ റോഡുകളടക്കം തകര്‍ന്നതോടെ യാത്രക്കാര്‍ക്ക്‌ നടുവൊടിയും യാത്ര. വന്‍കുഴികളില്‍ ചാടി വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാനേ ഉടമകള്‍ക്ക്‌ സമയമുള്ളു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന്‌ വ്യത്യാസ്‌തമായി ഇപ്രാവശ്യം റോഡുകള്‍ വെള്ളപ്പൊക്കത്തില്‍ പാടെ തകര്‍ന്നതോടെ പൊടി ശ്വസിച്ച്‌ മടുക്കുകയാണ്‌ യാത്രക്കാര്‍. വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ കുത്തിയൊലിച്ചുപോയിടത്ത്‌ സോളിംഗും ടാറിംഗും കാണാനേയില്ല. ഇത്തരം ഭാഗങ്ങളില്‍ മണ്ണിളകി പൊടിപാറുകയാണ്‌. ഇരുചക്ര വാഹനയാത്രക്കാരാണ്‌ കൂടുതലായും പൊടിശല്യം അനുഭവിക്കുന്നത്‌. ജില്ലയിലെ ഒരു റോഡു പോലും തകരാത്തതായില്ല. ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വെള്ളം കെട്ടിക്കിടന്നും നശിച്ച റോഡുകളും സമയ ബന്ധിതമായി നന്നാക്കാന്‍ കഴിയില്ലെന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന. ഭരണാനുമതിയും സങ്കേതികാനുമതിയും ലഭിക്കുന്ന മുറയ്‌ക്കു ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എല്ലാ പ്രവൃത്തികളും നടത്താന്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടിവരുമെന്നാണ്‌ മരാമത്ത്‌ അധികൃതര്‍ നല്‍കുന്ന സൂചന. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ ക്വട്ടേഷന്‍ അടിസ്‌ഥാനത്തില്‍ നടത്താനും മാസങ്ങളെടുക്കും. അതിനിടെ കല്ല്‌, മണല്‍ തുടങ്ങിയ അസംസ്‌കൃത വസ്‌തുക്കളുടെ ക്ഷാമമാണ്‌ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ഒരു പ്രധാന തടസം. തന്‍മൂലം ഈ വേനലിലും യാത്രക്കാരുടെ ദുരിതയാത്രക്ക്‌ അറുതിയുണ്ടാവില്ല.
ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകളിലുമായി 900 കിലോമീറ്റര്‍ റോഡാണ്‌ വകുപ്പിനു അധീനതയിലുള്ളത്‌. ഇതില്‍ 670.81 കിലോമീറ്ററാണ്‌ തകര്‍ന്നത്‌. ഇതുമൂലം ഏകദേശം 735 കോടി രൂപയുടെ നഷ്‌ടം ഉണ്ടായി.
റോഡുകള്‍ പൂര്‍ണ അര്‍ഥത്തില്‍ സഞ്ചാരയോഗ്യമാക്കുന്നതിനു 331.45 കിലോമീറ്റര്‍ ടാറിംഗും 339.36 കിലോമീറ്റര്‍ പാച്ച്‌വര്‍ക്കും നടത്തണം.
നിയോജകമണ്ഡലം അടിസ്‌ഥാനത്തില്‍ കല്‍പ്പറ്റയില്‍ 21.4ഉം ബത്തേരിയില്‍ 166.13ഉം മാനന്തവാടിയില്‍ 151.83ഉം കിലോമീറ്റര്‍ റോഡിലാണ്‌ പാച്ച്‌ വര്‍ക്ക്‌ നടത്തേണ്ടതെന്നു മരമാത്ത്‌ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. നിയോജകമണ്ഡലങ്ങളില്‍ യഥാക്രമം 113.64ഉം 98.99ഉം 118.82ഉം കിലോമീറ്ററിലാണ്‌ ടാറിംഗ്‌ ചെയ്യേണ്ടത്‌. ജില്ലയില്‍ വകുപ്പിനു അധീനതയിലുളള പാതകളില്‍ 128.99 കിലോമീറ്റര്‍ സംസ്‌ഥാന ഹൈവേയാണ്‌. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 49.12ഉം മാനന്തവാടി മണ്ഡലത്തില്‍ 23ഉം കിലോമീറ്റര്‍ സംസ്‌ഥാനപാതയാണ്‌ കാലവര്‍ഷത്തില്‍ തകര്‍ന്നത്‌.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണപാതകളും തകര്‍ന്നുകിടക്കുകയാണ്‌. തദ്ദേശസ്‌ഥാപനങ്ങള്‍ക്കു കീഴിലുള്ളതില്‍ 1078.17 കിലോമീറ്റര്‍ റോഡാണ്‌ സഞ്ചാരയോഗ്യമല്ലാതായത്‌. 178.5 കോടി രൂപയാണ്‌ ഇതുമൂലം നഷ്‌ടം. ദേശീയപാതയില്‍ 19 കിലോമീറ്റര്‍ തകര്‍ന്നു 1.36 കോടി രൂപയുടെ നഷ്‌ടവും ജില്ലയിലുണ്ടായി. റോഡ്‌ തകര്‍ന്നതിനാല്‍ വയനാട്ടിലേക്കുള്ള യാത്രയും ദുഷ്‌ക്കരമായിരിക്കുകയാണ്‌. താമരശേരി ചുരം, തലശേരി- പേര്യ ചുരം, കുറ്റ്യാടി-നിരവില്‍പുഴ ചുരം എന്നിവയിലെല്ലാം മണ്ണിടിഞ്ഞ്‌ നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ട്‌. അരിക്‌ കെട്ടിപ്പൊക്കി വേണം ഇവിടം പുര്‍ണതോതില്‍ ഗതാഗതയോഗ്യമാക്കാന്‍. പ്രധാന റോഡുകള്‍ നന്നാക്കാന്‍ മുന്‍ഗണന നല്‍കുമ്പോള്‍, ഫണ്ടിന്റെ ക്ഷാമം മൂലം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഏറെ വൈകുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്‌.

Ads by Google
Advertisement
Thursday 13 Sep 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW