Thursday, September 13, 2018 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.21 AM

കോണ്‍ഗ്രസ്‌, സി.പി.എം. പ്രവര്‍ത്തകര്‍ അടക്കം 45 പേര്‍ക്കെതിരേ വധശ്രമത്തിന്‌ കേസ്‌

uploads/news/2018/09/248102/1.jpg

അടിമാലി: കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ ചൊവ്വാഴ്‌ച രാത്രി അറസ്‌റ്റ്‌ ചെയ്‌ത കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഇന്നലെ ഉച്ചയോടെ കോടതി ജാമ്യം നല്‍കി. കോണ്‍ഗ്രസ്‌-കെ.എസ്‌.യു. പ്രവര്‍ത്തകരായ 30 പേര്‍ക്കും, സി.പി.എം-എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരായ 15 പേര്‍ക്കുമെതിരേ വധശ്രമത്തിന്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്ന ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.എസ്‌. സിദ്ദിഖ്‌, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌, ബാബു പി. കുര്യാക്കോസ്‌, ശ്രീധരന്‍ എല്ലാപ്പാറ, എന്‍. മനീഷ്‌, അബ്‌ദുള്‍ സലാം, പി.എ. സലിം, രവീഷ്‌ രവീന്ദ്രന്‍, കെ.എസ്‌.യു. പ്രവര്‍ത്തകനായ ജോസിമോന്‍ ബെന്നി എന്നിവരെയാണു ദേവികുളം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യത്തില്‍ വിട്ടത്‌.
വധശ്രമം, അന്യായമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌. എന്നാല്‍ ഇതിനെ അനുകൂലിക്കുന്ന അനുബന്ധരേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസിനായില്ല. ഇതോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി എട്ടരയോടെ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസില്‍ നിന്നാണു പോലീസ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. സമാനമായ വകുപ്പുകള്‍ ചേര്‍ത്താണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ഷൈജു ബാബു, ജസ്‌റ്റിന്‍ കുളങ്ങര, എം.എ. അന്‍സാരി, കെ.എസ്‌. മൊയ്‌തു, ടോണി, അനില്‍ കനകന്‍, കണ്ടാലറിയാവുന്ന മറ്റു 15 കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുള്ളത്‌.
ചിറക്കക്കുടി നിസാര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന സി.പി.എം-എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരേയും ഇതേവകുപ്പുകള്‍ തന്നെ ചുമത്തി കേസെടുത്തതായി സി.ഐ: പി.കെ. സാബു പറഞ്ഞു. കാര്‍മ്മല്‍ഗിരി കോളജില്‍ കെ.എസ്‌.യുവും മോര്‍ ബസേലിയോസ്‌ കോളജില്‍ എസ്‌.എഫ്‌.ഐയും വിജയിച്ചതിനെത്തുടര്‍ന്ന്‌ ഇരു വിഭാഗവും വൈകട്ട്‌ ടൗണില്‍ നടത്തിയ പ്രകടനം അക്രമാസക്‌തമായത്‌ അമര്‍ച്ച ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ്‌ അഞ്ചരയോടെ ആരംഭിച്ച സംഘര്‍ഷം രാത്രി എട്ടരവരെ നീണ്ടത്‌. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരില്‍ പ്രധാനികള്‍ സംഭവസ്‌ഥലത്തുനിന്നും മാറിയതോടെ കോണ്‍ഗ്രസ്‌ ഓഫീസിനകത്തുണ്ടായിരുന്ന നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌ത്‌ പോലീസ്‌ എതിര്‍വിഭാഗത്തെ അനുനയിപ്പിക്കുകയായിരുന്നു. നേതാക്കളെ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചതോടെ പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ വളപ്പില്‍ തടിച്ചുകൂടി. ഇതോടെ സി.പി.എം. പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്തെത്തി പോര്‍വിളികള്‍ നടത്തി. ഇതോടെ സംഘര്‍ഷ സാധ്യത രാത്രി വൈകിയും തുടരുകയായിരുന്നു.
സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ വൈകിട്ട്‌ അഞ്ചോടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കോണ്‍ഗ്രസിന്റെ സംസ്‌ഥാന-ജില്ലാ-ബ്ലോക്ക്‌ പ്രാദേശിക നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടിയാണ്‌ ഇവിടെ അക്രമസംഭവങ്ങള്‍ അഴിച്ചു വിട്ടതെന്നു സി.പി.എം. ഏരിയാ സെക്രട്ടറി ടി.കെ. ഷാജി ആരോപിച്ചു.
സംഘര്‍ഷത്തില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും വ്യാപാര സ്‌ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നിരവധി പോലീസുകാര്‍ക്ക്‌ അടക്കം ചെറിയ തോതില്‍ പരുക്കേറ്റു.

Ads by Google
Advertisement
Thursday 13 Sep 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW