Saturday, November 17, 2018 Last Updated 12 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.19 AM

നിര്‍ബന്ധിത പണപ്പിരിവ്‌ അനുവദിക്കില്ലെന്നു മന്ത്രിമാര്‍

uploads/news/2018/09/248088/1.jpg

ആലപ്പുഴ: പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നിര്‍ബന്ധിത പണപ്പിരിവ്‌ അനുവദിക്കില്ലെന്നു ജില്ലയുടെ മന്ത്രി ജി. സുധാകരനും ഭക്ഷ്യമന്ത്രി പി.തിലോത്തമനും.
പുനര്‍നിര്‍മാണത്തില്‍ സഹകരിക്കാനും സംഭാവന നല്‍കാനും തയാറുള്ളവരില്‍ നിന്ന്‌ മാത്രമാണു ധനശേഖരണം നടത്തുന്നത്‌. നിര്‍ബന്ധിച്ച്‌ ആരില്‍നിന്നും പണപ്പിരിവ്‌ ഉദ്ദേശിക്കുന്നില്ലെന്ന്‌ ഇരുവരും പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍നിന്നും ജില്ലയ്‌ക്ക്‌ പുറത്തുനിന്നും സംസ്‌ഥാനത്തിനു പുറത്തുനിന്നും പ്രവാസികളില്‍നിന്നും പണം പരമാവധി കണ്ടെത്തുകയാണു ലക്ഷ്യം. ഒമ്പതു നിയോജകമണ്ഡലങ്ങളിലും എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച്‌ ചിട്ടയായ പ്രവര്‍ത്തനം നടന്നുവരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട്‌ ജില്ലാതല സ്‌റ്റിയറിങ്‌ കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ട്‌. മന്ത്രിമാരായ ജി. സുധാകരന്‍ ചെയര്‍മാനും പി. തിലോത്തമന്‍, ജില്ലയിലെ എം.പിമാര്‍ എന്നിവര്‍ വര്‍ക്കിങ്‌ ചെയര്‍മാന്‍മാരും ജില്ലാ കലക്‌ടര്‍ എസ്‌. സുഹാസ്‌ കണ്‍വീനറുമായതാണു കമ്മിറ്റി. സംഭാവന തരാന്‍ തയാറുള്ളവരുടെ പട്ടിക പഞ്ചായത്ത്‌, നഗരസഭ അടിസ്‌ഥാനത്തില്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്‌. മണ്ഡലങ്ങളില്‍ നിശ്‌ചിത സമയത്ത്‌, നിശ്‌ചിത സ്‌ഥലത്തുവച്ച്‌ നടക്കുന്ന ചടങ്ങിലാണ്‌ ഫണ്ട്‌ സ്വീകരിക്കുക.
മണ്ഡലാടിസ്‌ഥാനത്തിലുള്ള കമ്മിറ്റിയില്‍ എം.എല്‍.എ. ചെയര്‍മാനും ഡപ്യൂട്ടി കലക്‌ടര്‍ അല്ലെങ്കില്‍ എ.ഡി.സി. കണ്‍വീനറും താലൂക്കുതല ചുമതല തഹസില്‍ദാര്‍ക്കും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബി.ഡി.ഒ, പഞ്ചായത്ത്‌ പ്രസിഡന്റ്‌, സെക്രട്ടറി, മുനിസിപ്പല്‍ ചെയര്‍മാന്‍, സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം എന്നിവര്‍ അംഗങ്ങളാകും.
ധനസമാഹരണത്തിനായി മണ്ഡലാടിസ്‌ഥാനത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളുടെ തിയതികളും സമയവും ചുവടെ. നാളെ മുതല്‍ 20 വരെയാണ്‌ ജില്ലയില്‍ വിവിധ നിയോജകമണ്ഡലങ്ങളില്‍ ധനസമാഹരണം.
മാവേലിക്കര മണ്ഡലത്തിലെ യോഗം നാളെ രാവിലെ 9.30ന്‌ മാവേലിക്കര മുനിസിപ്പല്‍ ടൗണ്‍ ഹാളിലും 10.30ന്‌ ഭരണിക്കാവ്‌ ബ്ലോക്ക്‌ ഓഫീസിലും കായംകുളത്തെ യോഗം വൈകീട്ട്‌ മൂന്നിന്‌ കായംകുളം ടൗണ്‍ ഹാളിലും നടക്കും. കുട്ടനാട്‌ മണ്ഡലത്തിലെ യോഗം 15ന്‌ രാവിലെ 10ന്‌ കുട്ടനാട്‌ മങ്കൊമ്പ്‌ നെല്ല്‌ ഗവേഷണ കേന്ദ്രത്തില്‍ നടക്കും.
അമ്പലപ്പുഴ മണ്ഡലത്തിലെ യോഗം 16ന്‌ രാവിലെ 10ന്‌ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഗവ. എച്ച്‌.എസ്‌.എസിലും വൈകീട്ട്‌ നാലിന്‌ ആലപ്പുഴ ടൗണ്‍ ഹാളിലുമായി നടക്കും. ഹരിപ്പാട്‌ മണ്ഡലത്തിലെ പരിപാടി 17ന്‌ രാവിലെ 10ന്‌് ഹരിപ്പാട്‌ ദേശീയ പാതയ്‌ക്ക്‌ അരികിലുള്ള മാധവാ ജങ്‌ഷനിലെ എന്‍.എസ്‌.എസ്‌. ഓഡിറ്റോറിയത്തിലും ആലപ്പുഴ മണ്ഡലത്തിലേത്‌ വൈകിട്ട്‌ മൂന്നിന്‌ കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും. അരൂര്‍ മണ്ഡലത്തിലെ ധനസമാഹരണ പരിപാടി 18ന്‌ രാവിലെ 9.30 ന്‌ പൂച്ചാക്കല്‍ കമ്യൂണിറ്റി ഹാളിലും 11ന്‌ എരമല്ലൂര്‍ എം.കെ. കണ്‍വെന്‍ഷന്‍ സെന്ററിലും ആയി നടക്കും.
ചേര്‍ത്തല മണ്ഡലത്തിലെ യോഗം 18ന്‌ വൈകീട്ട്‌ മൂന്നിന്‌ ചേര്‍ത്തല എസ്‌.എന്‍.എം.ജി.ബി.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യോഗം 20ന്‌ രാവിലെ 10ന്‌ ഐ.എച്ച്‌.ആര്‍.ഡി കോളജിലും വൈകീട്ട്‌ മൂന്നിന്‌ മാന്നാര്‍ പഞ്ചായത്ത്‌ ഹാളിലും നടക്കും.
സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രജിസ്‌റ്ററില്‍ രേഖപ്പെടുത്തി രസീത്‌ നല്‍കും. ഡി.ഡി/ ചെക്ക്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഫിനാന്‍സ്‌), ട്രഷറര്‍, സി.എം.ഡി.ആര്‍.എഫ്‌. തിരുവനന്തപുരം എന്ന വിലാസത്തിലും പണമായി ലഭിക്കുന്നത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഫിനാന്‍സ്‌) പേരില്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, സിറ്റി ബ്രാഞ്ച്‌ തിരുവനന്തപുരം ശാഖയില്‍ 67319948232 എന്ന അക്കൗണ്ട്‌ നമ്പറിലും (കഎടഇടആകച0070028) അടയ്‌ക്കും. കൂടാതെ ധനവകുപ്പിന്റെ പുതിയ ഉത്തരവ്‌ പ്രകാരം നേരിട്ട്‌ പണമായും ആഭരണങ്ങളായും വസ്‌തുവായും സംഭാവനകള്‍ സ്വീകരിക്കും. ധനസമാഹരണത്തിന്‌ ചുമതലപ്പെടുത്തിയിട്ടുള്ള മന്ത്രിമാര്‍ രണ്ടുപേരും ചടങ്ങുകളില്‍ പങ്കെടുക്കും.
സ്വീകരിക്കുന്ന തുകയെല്ലാം അക്കൗണ്ടു ചെയ്യാനായി പ്രത്യേക സോഫ്‌റ്റ്‌ വേര്‍ തയാറാക്കി.
ജില്ലാ പഞ്ചായത്ത്‌ തനത്‌ ഫണ്ടില്‍നിന്ന്‌ ഒരുകോടി രൂപ നല്‍കാമെന്നു സമ്മതിച്ചിട്ടുണ്ട്‌. വലിയ വ്യാപാരികള്‍, വലിയ സ്വര്‍ണക്കട ഉടമകള്‍,ഹൗസ്‌ ബോട്ട്‌ ഉടമകള്‍, തുണിക്കടയുടമകള്‍, വലിയ രീതിയില്‍ കച്ചവടം ചെയ്യുന്നവര്‍, റിസോര്‍ട്ട്‌ ഉടമകള്‍, സമ്പന്നര്‍ എന്നിവരെയാണ്‌ ഇതില്‍ പങ്കാളികളാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു മന്ത്രിമാര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സ്‌പെഷല്‍ ഓഫീസര്‍ പി. വേണുഗോപാല്‍, ജില്ലാ കലക്‌ടറുടെ അധിക ചുമതലയുള്ള ഗ്രാമവികസന കമ്മിഷണര്‍ എന്‍.പത്മകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Thursday 13 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW