കോയിപ്രം: വെള്ളം കയറി ശ്രവണ ഉപകരണങ്ങള്‍ നഷ്ടമായ കോയിപ്രം പഞ്ചായത്തിലെ കിടങ്ങില്‍ അഖില്‍ നിവാസില്‍ അഭിഷേകിന് കലക്ടര്‍ പി.ബി. നൂഹിന്റെ സഹായഹസ്തം. കോയിപ്രം പഞ്ചായത്തിലെ പാലാമ്പറമ്പില്‍ ഭാഗത്തെ ക്യാമ്പ് ഓഫീസര്‍ അറിയിച്ചതനുസരിച്ചാണ് കിടങ്ങില്‍ അഖില്‍ നിവാസില്‍ ബിനോജിന്റെ വീട്ടില്‍ കളക്ടര്‍ എത്തിയത്.വെള്ളപ്പൊക്കം അതിന്റെ എല്ലാ അര്‍ഥത്തിലും ബാധിച്ച കുടുംബങ്ങളില്‍ ഒന്നാണിത്. ബിനോജിന്റെ രണ്ട് ആണ്മക്കളും വൈകല്യമുള്ളവരാണ്.
മൂത്ത മകന് അഖില്‍ (21) സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിയാണ്. എല്ലാ കാര്യത്തിനും പരസഹായം വേണം. രണ്ടാമത്തെ മകന് അഭിഷേകിന് 10 ലക്ഷം രൂപ ചെലവഴിച്ച് കോക്ലിയര്‍ ഇംപ്ലാന്റേഷന് നടത്തിയിരുന്നു. അഭിഷേകിന്റെ മുഴുവന്‍ ശ്രവണ ഉപകരണങ്ങളും പ്രളയത്തില്‍ മുങ്ങി നശിച്ചു. ഇവ വീണ്ടെടുക്കാന്‍ നാലു ലക്ഷം രൂപയോളം വേണം. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഈ കുടുംബത്തിന് എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയായിരുന്നു.
ശ്രവണ ഉപകരണങ്ങളുടെ സഹായം ഉണ്ടെങ്കില്‍ അഭിഷേകിന് കേള്‍ക്കാനും സംസാരിക്കാനും കഴിയുമെന്ന് ബോധ്യമായ കലക്ടര്‍ ഇവരുടെ നിസഹായാവസ്ഥ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ ശ്രദ്ധയില്‍പ്പെടുത്തി. അഭിഷേകിന് ശ്രവണ ഉപകരണങ്ങള്‍ വീണ്ടെടുക്കാന്‍ വേണ്ട സഹായം കലക്ടര്‍ ഉറപ്പാക്കി.