കോതമംഗലം: ഒരു വശം കാട് മറുവശം പെരിയാര്‍വാലി ഏറ്റെടുത്തിരിക്കുന്ന സ്ഥലം ഇതിനിടയില്‍ കാല് നൂറ്റാണ്ടിലേറെയായി വസിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രളയം സമ്മാനിച്ചത് ഇതുവരെയുള്ളതെല്ലാം നഷ്ടപ്പെടുത്തല്‍ മാത്രം. കീരംപാറ പഞ്ചായത്തിലെ കൂരികുളത്തിന് ഇനി വീണ്ടെടുപ്പിന്റെ നാളുകളാണ്. പോയതില്‍ വലിയത് വീടാണ്.
അത് വീണ്ടെടുത്ത് കൊടുക്കാന്‍ പഴയൊരു വിദ്യാര്‍ഥി കൂട്ടായ്മ. കോതമംഗലം എന്‍ജിനീയറിങ് കോളജിലെ 1996 ബാച്ചുകാരായ ഇരുപതോളം പേരുടെ കൂട്ടായ്മയായ ഹില്‍ടോപ്പ് ലോക്കല്‍ താവളം എന്ന എച്ച്.ടി.എല്‍. ആണ് ഇപ്പോള്‍ ഈ ഭാഗത്ത് വീട് നഷ്ടപ്പെട്ട പതിമൂന്ന് കുടുംബങ്ങള്‍ക്ക് അതിജീവന പാതയൊരുക്കുന്നത്.
പണ്ട് കോളജിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന ഹില്‍ടോപ്പ് എന്നയിടത്ത് സംഗമിച്ചിരുന്ന ഏതാനും വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ഹില്‍ടോപ്പ് ലോക്കല്‍ താവളം എന്ന് അറിയപ്പെട്ട എച്ച്.ടി.എല്‍.അതിജീവനമൊരുക്കുന്നതില് എന്തെങ്കിലും സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച പ്രഫ. ബേബി എം. വര്‍ഗീസിനോട് ആന്റണി ജോണ്‍ എം.എല്‍.എ.യാണ് കൂരികുളത്ത് വീട് നഷ്ടപ്പെട്ട കുടുംബങ്ങളുടെ കഥ പറയുന്നത്. ചെറിയ സഹായ വാഗ്ദാനം പിന്നീട് കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോളിലൂടെ വലുതായി. പ്രഫ. ബേബി എം. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരത്ത് ഇപ്പോള്‍ മക്കളായ അജയും അരവിന്ദുമാണ് ഉള്ളത്. ഇവരാകട്ടെ എച്ച്.ടി.എല്ലിന്റെ ഭാഗവും.
നിരവധി പ്രവര്‍ത്തികള്‍ നടത്തുന്ന ഇവരാണ് വീട് നിര്‍മിച്ചു നല്‍കാമെന്ന ആശയം മുന്നോട്ട് വച്ചതും പ്രാവര്‍ത്തികമാക്കുന്നതും.
ഇന്നലെ രാവിലെ ഐക്കരക്കുടി സ്കറിയയുടെ വീടിന്റെ ശിലാസ്ഥാപനം ആന്റണി ജോണ്‍ എം.എല്‍.എ. നിര്‍വഹിച്ചു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോള്‍ അധ്യക്ഷത വഹിച്ചു.