Monday, November 19, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.18 AM

വയനാട്ടിലെ പ്രളയാനന്തര പുനരധിവാസം: ഭൂമി ദൗര്‍ലഭ്യം അധികൃതര്‍ക്ക്‌ തലവേദനയാകും

uploads/news/2018/09/247819/1.jpg

കല്‍പ്പറ്റ: വയനാട്ടിലെ പ്രളയാനന്തര പുനരധിവാസം സര്‍ക്കാരിന്‌ തലവേദനയാകും. ഭൂമിയുടെ ദൗര്‍ലഭ്യം കാരണം ആദിവാസി പുനരധിവാസവും മറ്റ്‌ വികസന പദ്ധതികളും വരെ മുടങ്ങുന്ന സാഹചര്യത്തിലാണ്‌ ഈ വര്‍ഷം പ്രളയക്കെടുതിയുമുണ്ടായത്‌.
പ്രകൃതിദുരന്തത്തിനിരയായവരെ അടിയന്തരമായി പുനരധിവസിപ്പിക്കേണ്ട സാഹചര്യത്തില്‍ എങ്ങനെ ഭൂമി കണ്ടെത്താമെന്ന ആലോചനയിലാണ്‌ ജില്ലാ ഭരണകൂടം. എത്രപേരെ പുനരധിവസിപ്പിക്കേണ്ടി വരുമെന്ന്‌ കണക്കാക്കി സെപ്‌തംബര്‍ അവസാനത്തോടെ കലക്‌ടര്‍മാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ റവന്യൂ വകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.
കാലവര്‍ഷത്തിനിടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമി വിണ്ടുകീറല്‍, ഭൂമി നിരങ്ങി നീങ്ങല്‍ പ്രതിഭാസം എന്നിവയുണ്ടായ സ്‌ഥലങ്ങളില്‍ നിന്ന്‌ ആളുകളെ സുരക്ഷിതമായ സ്‌ഥാനത്തേക്ക്‌ മാറ്റിപാര്‍പ്പിക്കണമെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. പ്രകൃതി ദുരന്തങ്ങളുണ്ടായ സ്‌ഥലത്ത്‌ ഇനിയും വീട്‌വെച്ച്‌ താമസിക്കുന്നത്‌ അപകടകരമാണെന്നതിനാല്‍ പുനരധിവാസത്തിന്‌ സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക്‌ ഭൂമിയോ മറ്റ്‌ വകുപ്പുകളുടെ പക്കല്‍ ഉപയോഗിക്കാതെ കിട്‌കുന്ന ഭൂമിയോ ഉപകാരപ്പെടുത്താമെന്ന്‌ റവന്യൂ വകുപ്പ്‌ അഡീഷണല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്‍ കലക്‌ടര്‍മാര്‍ക്ക്‌ നല്‍കിയ ഉത്തരവില്‍ പറയുന്നു. ഇതുകൂടാതെ സംഭാവനയായും സൗജന്യമായും ലഭിക്കുന്ന ഭൂമിയും ഉപയോഗപ്പെടുത്താന്‍ അനുമതിയുണ്ട്‌.
ഇതുവരെയായി നാമമാത്രമായ ഭൂമിയേ വ്യക്‌തികളില്‍ നിന്ന്‌ ജില്ലാ ഭരണകൂടത്തിന്‌ സൗജന്യമായി ലഭിച്ചിട്ടുളളു. നശിച്ചതിനു തുല്യ അളവില്‍ ഭൂമി ലഭിക്കുമെന്നാണ്‌ പല കുടുംബങ്ങളുടെയും പ്രതീക്ഷ. എന്നാല്‍ ഓരോ കുടുംബത്തിന്‌ മൂന്നു മുതല്‍ അഞ്ചുസെന്റുവരെ ഭൂമി നല്‍കി വീട്‌ വെച്ച്‌ പുനരധിവസിപ്പിക്കണമെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. ഭൂമി ലഭ്യതക്കുറവുള്ള സ്‌ഥലങ്ങളില്‍ ഫ്‌ളാറ്റ്‌ നിര്‍മിച്ച്‌ പുനരധിവാസത്തിന്‌ ഊന്നല്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്‌. ജില്ലയില്‍ 724 ഏക്കറിലായി 1,221 കുടുംബങ്ങളെ നേരിട്ട്‌ പ്രകൃതിദുരന്തം ബാധിച്ചതായാണ്‌ ജില്ലാ മണ്ണുസംരക്ഷണ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. ചെറുതും വലുതുമായ 47 ഉരുള്‍പൊട്ടലുകളാണ്‌ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഉരുള്‍പൊട്ടലില്‍ വൈത്തിരി, മാനന്തവാടി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലായി 331.42 ഏക്കര്‍ ഭൂമി ഒലിച്ചുനീങ്ങി. മണ്ണിടിഞ്ഞ്‌ 146.42 ഏക്കര്‍ ഭൂമി നശിച്ചു. ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം മൂലം 193.42 ഏക്കര്‍ സ്‌ഥലം കൃഷിക്കും വാസത്തിനും യോഗ്യമല്ലതായി. ജില്ലയില്‍ 155 ഇടങ്ങളിലാണ്‌ മണ്ണിടിച്ചില്‍ ഉണ്ടായത്‌. ഉരുള്‍പൊട്ടലില്‍ വൈത്തിരി താലൂക്കിലെ പൊഴുതന പഞ്ചായത്തില്‍ മാത്രം 243.5 ഏക്കര്‍ ഭൂമിയാണ്‌ ഉപയോഗശൂന്യമായത്‌. വൈത്തിരി പഞ്ചായത്തില്‍ 31.37 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. ഭൂമി വിണ്ടുകീറല്‍ പ്രതിഭാസംമൂലം മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 167 ഏക്കര്‍ ഭൂമിയെ ബാധിച്ചു. ദുരിതബാധിതരെ പൂര്‍ണമായും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറ്റാന്‍ വര്‍ഷങ്ങളുടെ കാലതാമസമെടുക്കുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌.
പുനരധിവാസത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ സര്‍ക്കാര്‍ വ്യക്‌തമാക്കിയ സാഹചര്യത്തില്‍ പുഴപുറമ്പോക്കുകളില്‍ താമസിക്കുന്നവരോട്‌ വീണ്ടും അവിടെ തന്നെ താമസിക്കരുതെന്ന്‌ വില്ലേജ്‌ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
സ്‌ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളിലെ ആറു കോളനികളിലെ ആദിവാസി കുടുംബങ്ങളെയാണ്‌ ആദ്യഘട്ടത്തില്‍ പുനരധിവസിപ്പിക്കുന്നത്‌. ബത്തേരി താലൂക്കിലെ കാക്കത്തോട്‌ പുഴംകുനി, വെള്ളച്ചാല്‍, ചാടകപ്പുര, പാളക്കൊല്ലി, മാനന്തവാടി താലൂക്കിലെ പനമരം മാത്തൂര്‍പൊയില്‍, വൈത്തിരി താലൂക്കിലെ കോട്ടത്തറ വൈശ്യന്‍ കോളനികളെയാണ്‌ പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്‌. ഈ കോളനികളിലുള്ള 145 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്‌ 30 ഏക്കറോളം ഭൂമി വേണ്ടി വരുമെന്നാണ്‌ അധികൃതരുടെ നിഗമനം.

Ads by Google
Advertisement
Wednesday 12 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW