പാലക്കാട്: നഗരത്തിലെ അംഗീകൃത അറവുശാലകളില്‍ ഇനി മുതല്‍ വെറ്റിനറി ഡോക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ കാലികളെ മാത്രമേ കശാപ്പിനായി ഉപയോഗിക്കാവൂവെന്ന് നഗരസഭ.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ നഗര പരിധിയില്‍ വില്പനക്കായി എത്തുന്ന കാലികളെ പരിശോധിക്കാറില്ലായിരുന്നു. കാലികളെ അറുക്കുന്നതിന് മുന്‍പ് പരിശോധന നടത്തി യാതൊരു അസുഖവുമില്ലെന്ന് ഉറപ്പാക്കേണ്ടത് നിര്‍ബന്ധമാണ്. പരിശോധനയുടെ സാക്ഷ്യപത്രം ഉണ്ടെങ്കിലേ കശാപ്പ് നടത്താനാവൂ. അറുത്തശേഷവും പരിശോധിക്കണം.
കാലികളെ തലേദിവസം വൈകീട്ടു തന്നെ അറവുശാലകളില്‍ എത്തിക്കണം. രാവിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം കശാപ്പിനായി ഉപയോഗിക്കാം. ഇവയുടെ ഇറച്ചി വീണ്ടും പരിശോധിച്ചശേഷമാകും വില്പനശാലയിലേക്ക് നല്‍കുക. അംഗീകൃത വില്പനശാലകളിലൂടെ മാത്രമേ മാംസ വില്പനയും നടത്താനാകൂയെന്നും അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വില്പനശാലയ്ക്കും വില്പനക്കാരനും ലൈസന്‍സ് നിര്‍ബന്ധമാക്കും.
താത്കാലിക വെറ്റിനറി ഡോക്ടറുടെ സേവനം അടുത്ത ദിവസം തന്നെ ലഭ്യമാകുമെന്നും ലൈസന്‍സ് ഇല്ലാത്ത വില്പനശാലകള്, വില്പനക്കാര് എന്നിവര്‍ക്ക് ലൈസന്‍സ് എടുക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി രാമനാഥന് അറിയിച്ചു.
കഴിഞ്ഞ ദിവസം അറവുമാലിന്യം ഭക്ഷിച്ച് കാക്കകള്‍ ചത്തുവീണ പുതുപ്പള്ളിത്തെരുവിലെ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് പൂര്‍ത്തിയായി. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് ക്ലോറിനേഷന് നടത്തിയത്. തുടര്‍ന്ന് വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കുകയും ചെയ്തു.
വീണ്ടും നിറയുന്ന വെള്ളം പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.