Wednesday, June 19, 2019 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.14 AM

കൊല്ലം തുറമുഖം: ലക്ഷദ്വീപ്‌ കപ്പല്‍ സര്‍വീസിന്‌ അരങ്ങൊരുങ്ങുന്നു

uploads/news/2018/09/247796/1.jpg

കൊല്ലം: യാത്രാ, ചരക്ക്‌ കപ്പല്‍ സര്‍വീസിന്റെ പ്രധാന കേന്ദ്രമായി കൊല്ലം തുറമുഖത്തെ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കു ഗതിവേഗം പകര്‍ന്ന്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുമായി ഷിപ്പിങ്‌ മേഖലയിലെ വിദഗ്‌ധര്‍ കൂടിക്കാഴ്‌ച്ച നടത്തി.
തുറമുഖത്തു നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന്‌ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള കപ്പല്‍ സര്‍വീസ്‌ യാഥാര്‍ഥ്യമാക്കുന്നതിനാണ്‌ മുന്‍ഗണന ലഭിച്ചത്‌. ഏഴര മീറ്റര്‍ ഡ്രാഫ്‌റ്റുള്ള കപ്പലുകള്‍ക്കും 180 മീറ്റര്‍ നീളംവരെയുള്ള കപ്പലുകള്‍ക്കും അടുക്കാന്‍ കഴിയുന്ന കൊല്ലം തുറമുഖത്തിന്‌ വലിയ സാധ്യതകളുണ്ടെന്ന്‌ ലക്ഷദ്വീപ്‌ വികസന കോര്‍പറേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇന്ധനം നിറയ്‌ക്കുന്നതിനും വെയര്‍ ഹൗസിങ്ങിനും സൗകര്യവും സുരക്ഷയും ഒപ്പം സ്വതന്ത്രമായി ബര്‍ത്തും ലഭിക്കുന്നപക്ഷം ആദ്യഘട്ടത്തില്‍ ചരക്കു കപ്പല്‍ സര്‍വീസ്‌ തുടങ്ങാന്‍ കഴിയും. തുടര്‍ന്ന്‌ മിനിക്കോയ്‌ ദ്വീപുകളില്‍ നിന്ന്‌ ആരോഗ്യ വിദ്യാഭ്യാസ ടൂറിസം പശ്‌ചാത്തലമുള്ള കൊല്ലത്തേക്ക്‌ യാത്രാകപ്പലുകളും അയക്കാനാകും.
നിലവില്‍ ലക്ഷദ്വീപില്‍ നിന്ന്‌ കൊച്ചിയിലേക്കും ബേപ്പൂരിലേക്കുമാണ്‌ കേരളത്തിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍. മിനിക്കോയ്‌ ദ്വീപുകളോട്‌ ഏറ്റവും അടുത്തുകിടക്കുന്ന നഗരം എന്ന പ്രത്യേകതയാണ്‌ കൊല്ലത്തിനുള്ളതെന്ന്‌ ലക്ഷദ്വീപ്‌ സംഘം വിലയിരുത്തി. കൊല്ലം തുറമുഖത്ത്‌ ഇമിഗ്രേഷന്‍, പ്ലാന്റ്‌ ക്വാറന്റൈന്‍, കപ്പലുകളുടെ ആഗമനം സുഗമമാക്കുന്ന പൈലറ്റിങ്‌ തുടങ്ങിയവയ്‌ക്ക് സ്‌ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന്‌ ഷിപ്പിങ്‌ കമ്പനി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുന്ന നിലയില്‍ പോര്‍ട്ട്‌ ഫീസുകള്‍ ക്രമീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ക്ലിങ്കര്‍ സിമന്റ്‌ പോലെയുള്ള ചരക്ക്‌ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക പ്ലാന്റ്‌ അഭികാമ്യമാണെന്നും വിദഗ്‌ധര്‍ അറിയിച്ചു. തോട്ടണ്ടി, മണല്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയ ചരക്കുനീക്കത്തിന്‌ കൊല്ലം തുറമുഖത്ത്‌ സാധ്യതകള്‍ ഏറെയാണുള്ളത്‌.
കോസ്‌റ്റല്‍ ഷിപ്പിങ്ങിന്റെ ഹബ്ബായി കൊല്ലത്തെ മാറ്റാന്‍ കഴിയുമെന്ന്‌ കപ്പലുടമകളും ഷിപ്പിങ്‌ ഏജന്റുമാരും പ്രത്യാശ പ്രകടിപ്പിച്ചു. കപ്പല്‍ സര്‍വീസ്‌ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതിനായി ഉന്നതതല ഉദ്യോഗസ്‌ഥ സംഘത്തെ ലക്ഷദ്വീപിലേക്ക്‌ അയയ്‌ക്കും. വിവിധ തലങ്ങളില്‍ നിന്ന്‌ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ തുറമുഖ വകുപ്പ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന തുടര്‍യോഗത്തില്‍ പരിഗണിക്കും. മത്സ്യബന്ധന യാനങ്ങളില്‍ താരതമ്യേന ചെലവ്‌ കുറഞ്ഞ എല്‍.എന്‍.ജി പരീക്ഷിക്കുന്നതിനുള്ള പഠനങ്ങള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു. വിഷയത്തില്‍ വിവിധ കമ്പനികളുമായി മത്സ്യഫെഡ്‌ ആശയവിനിമയം തുടങ്ങിക്കഴിഞ്ഞു.
ഇത്‌ സാധ്യമാകുന്നപക്ഷം ബാര്‍ജുകളില്‍ എല്‍.എന്‍.ജി കൊല്ലം തുറമുഖത്ത്‌ എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. തോട്ടണ്ടി തുറമുഖത്ത്‌ എത്തിക്കുന്നതിന്‌ ബില്‍ ഓഫ്‌ ലേഡിംഗ്‌ രേഖകളില്‍ ഡിസ്‌ചാര്‍ജ്‌ജ് പോര്‍ട്ടായി കൊല്ലത്തെ രേഖപ്പെടുത്തുന്നതിന്‌ ഷിപ്പിംഗ്‌ ലൈനുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ എം. മുകേഷ്‌, എം. നൗഷാദ്‌ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലാ കലക്‌ടര്‍ ഡോ. എസ്‌. കാര്‍ത്തികേയന്‍, കേരള മാരിടൈം ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. വി.ജെ. മാത്യൂ, തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ്‌ ഡയറക്‌ടര്‍ പി.ഐ. ഷേയ്‌ക്ക് പരീത്‌, ലക്ഷദ്വീപ്‌ വികസന കോര്‍പറേഷന്‍ മാനേജിങ്‌ ഡയറക്‌ടര്‍ നിധിന്‍ വത്സന്‍, ജനറല്‍ മാനേജര്‍ രാജീവ്‌ രഞ്‌ജന്‍, മാരിടൈം ബോര്‍ഡംഗങ്ങളായ പ്രകാശ്‌ അയ്യര്‍, അഡ്വ. മണിലാല്‍, മത്സ്യഫെഡ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. ലോറന്‍സ്‌ഹരോള്‍ഡ്‌, പോര്‍ട്ട്‌ ഓഫീസര്‍ ക്യാപ്‌റ്റന്‍ എബ്രഹാം വി. കുര്യാക്കോസ്‌, വിവിധ ഷിപ്പിംഗ്‌ കമ്പനി പ്രതിനിധികള്‍, ഷിപ്പിംഗ്‌ സി ആന്‍ഡ്‌ എഫ്‌ ഏജന്റുമാര്‍, പോര്‍ട്ട്‌, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌, പോലീസ്‌ തുടങ്ങിയ വിവിധ വകുപ്പു പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 12 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW