മൂലമറ്റം: കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ കയറി നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്കു പരുക്ക്.
നാല് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെയും കണ്ടാലറിയാവുന്ന അമ്പതോളം ആളുകളുടെയും പേരില്‍ കാഞ്ഞാര്‍ പോലീസ് കേസെടുത്തു.
ടൗണിലെ ഗുഡ് ലൈഫ് ഏജന്‍സിയില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ബൈക്കിലെത്തിയ ഒരുകൂട്ടം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. അറുപതോളംപേര്‍ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ മൂലമറ്റം സെന്റ് ജോസഫ് കോളജില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസമാണ് ആക്രമണത്തിനു പിന്നിലെന്നറിയുന്നു.
ഓഫീസില്‍ ഐ.എന്‍.ടി.യു.സി. യുവജന വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ബിബിന്‍ ഈട്ടിക്കന്‍, മുന്നുങ്കവയല് സ്വദേശി ഡേവിസന് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ബൈക്കുകളില്‍ എത്തിയസംഘം ഓഫീസിന്റെ ജനല്‍, വാതില്‍, ഓഫീസ് മറച്ചിരുന്ന ഗ്ലാസ്, കസേരകള്‍, മേശ, ടി.വി തുടങ്ങിയ സാധനങ്ങള്‍ എല്ലാം അടിച്ചു തകര്‍ത്തു.
മെയിന്‍ റോഡരുകില്‍നിന്ന് കല്ലും ചുടുകട്ടകളും എടുത്തുകൊണ്ടാണ് ആക്രമികള്‍ ഓഫീസിലേക്ക് കയറിയതെന്നു കണ്ടുനിന്നവര്‍ പറഞ്ഞു. ടൗണില്‍ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കണ്ടുനിന്നവര്‍ നോക്കി നിന്നതല്ലാതെ അക്രമികളെ ഓടിക്കാന്‍ തയാറായില്ലെന്നു പറയുന്നു. ബിബിന്‍ ഈട്ടിക്കലിനും ഡേവിസനും മര്‍ദനമേറ്റു. വിവരമറിഞ്ഞ് കാഞ്ഞാര്‍ സി.ഐ. മാത്യൂ ജോര്‍ജിന്റെയും എസ്.ഐ: സിനോദിന്റെയും നേതൃത്വത്തില്‍ മൂന്നു വണ്ടി പോലീസ് സ്ഥലത്തെത്തി ഓഫീസില്‍ കയറി പരിശോധന നടത്തി. പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞിരുന്നു. എസ്.എഫ്.ഐ. മൂലമറ്റം സെന്റ് ജോസഫ് കോളജ് യൂണിയന് ചെയര്മാന് ഷിയാസ്, മാത്യു കൊല്ലപ്പിള്ളി, കിരണ്‍ കെ.കെ, പോള്‍ ജിമ്മി എന്നിവരുടെയും, കണ്ടാലറിയാവുന്ന 50 പേരുടെയും പേരില്‍ കാഞ്ഞാര്‍ പോലീസ് കേസെടുത്തു. പരുക്കേറ്റ ബിബിനെയും, സേവിസിനെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൊടുപുഴയ്ക്കു മാറ്റി.