ചെങ്ങന്നൂര്‍: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ എം.എല്‍.എ, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു നടത്തുന്ന അദാലത്തുകള്‍ 15 നു ശേഷം ആരംഭിക്കും. അവലോകനയോഗത്തിന്റേതാണു തീരുമാനം. കടകള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ നഷ്ടം അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം അടിയന്തരമായി ശേഖരിക്കും.
പ്രളയ ദുരന്തത്തില്‍ ചെങ്ങന്നൂരിനെ സഹായിച്ച രക്ഷാപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ 23 ന് ഐ.എച്ച്.ആര്.ഡി. എന്‍ജിനിയറിങ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും. മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം 15 ന് വൈകിട്ട് അഞ്ചിന് എന്‍ജിനിയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ കലക്ടര്‍ ബാങ്ക് അധികൃതരെ വിളിച്ചുചേര്‍ത്ത് ജപ്തി നോട്ടീസ് നടപടികള്‍ ഇക്കാലയളവില്‍ ബാങ്കുകള്‍ അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്ന വിവരം ജനങ്ങളെ അറിയിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുമതിയില്ലാതെ എന്‍.ജി.ഒ. സംഘടനകള്‍ പഠനം നടത്താന്‍ പാടില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളില്‍ നിന്ന് എം.എല്‍.എയുടെ ഓഫീസില്‍ നേരിട്ട് അറിയിപ്പു നല്‍കാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ഫണ്ട് ശേഖരണത്തില്‍ ജനപ്രതിനിധികളോടൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്കി. ആര്.ഡി.ഒ. ചീഫ് കോ-ഓര്‍ഡിനേറ്ററായി കമ്മിറ്റി രൂപീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി കണ്‍വീനറും വില്ലേജ് ഓഫീസര്‍ കോ-ഓര്‍ഡിനേറ്ററുമായുള്ള കമ്മിറ്റികള്‍ ഫണ്ട് ശേഖരണത്തിനു നേതൃത്വം നല്‍കും.
നിയോജകമണ്ഡലത്തിലെ 177 വാര്‍ഡുകളിലും ഫണ്ട് ശേഖരണത്തിന് വാര്‍ഡംഗം ചെയര്‍മാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കണ്‍വീനറുമായുള്ള കമ്മിറ്റി രൂപീകരിക്കും.
ബി.എല്‍.ഒ, ആശാ പ്രവര്‍ത്തക, കുടുംബശ്രീ, ഗ്രന്ഥശാലാ സംഘം, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍, സാമുദായിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ച് 14 ന് ഗൃഹസന്ദര്‍ശനം ആരംഭിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥനു ചുമതലയുണ്ടാകും.
വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ താമസിക്കുന്ന 134 കുടുംബങ്ങള്‍ക്കു വീടുകളുടെ തകര്‍ച്ചയും ആവശ്യമായ അറ്റകുറ്റപ്പണികളും വിലയിരുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി.എന്ജിനിയരെ കോ-ഓര്‍ഡിനേറ്ററായി തീരുമാനിച്ചു.
ശുദ്ധജല വിതരണത്തിന് ആവശ്യമായ തുക ചെലവഴിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു നല്‍കിയിട്ടുണ്ട്. ഇതിനു പോരായ്മകള്‍ സംഭവിക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍ നിരീക്ഷിക്കണം. വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് മൃഗാശുപത്രികളില്‍ തുടര്‍ന്നും അപേക്ഷ നല്‍കാം.
യോഗത്തില്‍ സജിചെറിയാന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടറുടെ ചുമതലയുള്ള ഡി.പത്മകുമാര്‍, ആര്.ഡി.ഒ: അതുല്സ്വാമിനാഥന്, തഹസില്‍ദാര്‍ കെ.ബി.ശശി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോബിന് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.