Tuesday, September 11, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

പ്രളയം: ആശ്വാസം കിട്ടേണ്ട പല കുടുംബങ്ങളും പടിക്കുപുറത്ത്‌

വൈക്കം:പ്രളയം തകര്‍ത്തെറിഞ്ഞ മണ്‌ഡലത്തിലെ പല കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ ഇന്നും അകലെ. പ്രളയക്കെടുതി അനുഭവിച്ച കുടുംബങ്ങളെ ക്യാമ്പുകളില്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ്‌ ഉദ്യോഗസ്‌ഥരാണ്‌ അര്‍ഹതപ്പെട്ട സഹായങ്ങള്‍ കിട്ടുന്നതിന്‌ തടസ്സം നില്‍ക്കുന്നത്‌. ഉദയനാപുരം ഗ്രാമപഞ്ചായത്തിലാണ്‌ ഇതുപോലുള്ള പ്രവൃത്തികള്‍ ഏറെയും നടമാടുന്നത്‌. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോയി. പലരും ദുരിതാശ്വാസ ക്യാമ്പുകളിലും ദൂരസ്‌ഥലങ്ങളിലുള്ള ബന്ധുവീടുകളിലുമാണ്‌ അഭയം തേടിയത്‌.
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ക്യാമ്പുകളില്‍ സ്‌ഥലം കിട്ടാതെ വന്നതിനെ തുടര്‍ന്ന്‌ പലരും നഗരത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌ കഴിഞ്ഞത്‌. കൂടുതല്‍ ആള്‍ക്കാര്‍ വൈക്കം ഗവണ്‍മെന്റ്‌ ബോയ്‌സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്യാമ്പിലാണ്‌ കഴിഞ്ഞുകൂടിയത്‌. ക്യാമ്പുകളില്‍ ഇവര്‍ക്ക്‌ എല്ലാ രീതിയിലുമുള്ള സൗകര്യങ്ങളും സഹായങ്ങളും ലഭിച്ചിരുന്നു. ഇതിനുശേഷം വീടുകളിലേക്ക്‌ മടങ്ങിയപ്പോഴും കിറ്റുകളും കൊടുത്താണ്‌ അധികാരികള്‍ ഇവരെ വീട്ടിലേക്ക്‌ അയച്ചത്‌. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാങ്ക്‌ അക്കൗണ്ടില്‍ എത്തേണ്ട തുക ഇതുവരെ ലഭ്യമായിട്ടില്ല.
തലയാഴം ഗ്രാമപഞ്ചായത്തിലും അര്‍ഹതപ്പെട്ട പലര്‍ക്കും ഇപ്പോഴും സഹായം ലഭിച്ചിട്ടില്ല. രണ്ടാം വാര്‍ഡിലാണ്‌ ഏറ്റവുമധികം കുഴപ്പങ്ങള്‍. ഇണ്ടംതുരുത്ത്‌ കോളനിയില്‍ ഒരു വീട്ടിലും വെള്ളം കയറിയില്ല. എന്നാല്‍ ഇവര്‍ക്കെല്ലാം സര്‍ക്കാരിന്റെ ആശ്വസം ലഭിച്ചപ്പോള്‍ ഈ മേഖലയില്‍ വീടുപോലും മുങ്ങി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ പതിനൊന്നിലധികം കുടുംബങ്ങള്‍ക്ക്‌ ഒരു സഹായവും ലഭിച്ചിട്ടില്ല.
ഉത്തരവാദിത്തപ്പെട്ട വില്ലേജ്‌ റവന്യു അധികാരികള്‍ നിഷ്‌ക്രിയത്വമാണ്‌ പുലര്‍ത്തുന്നത്‌. വീടുകളില്‍ വെള്ളം കയറി സകലതും നഷ്‌ടപ്പെട്ട കുടുംബങ്ങള്‍ക്കും ഇതുവരെയായി സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചിട്ടില്ല. പടിഞ്ഞാറെക്കര ഭാഗത്ത്‌ വെള്ളം കയറി പത്തിലധികം വീടുകളിലെ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചിരുന്നു. കൊടിയാട്‌ ഭാഗത്ത്‌ അഞ്ചിലധികം വീടുകള്‍ക്ക്‌ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്‌. ഇതില്‍ പലതും വാസയോഗ്യമല്ലാതായിരിക്കുകയാണ്‌. വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലും വലിയ ദുരന്തങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്‌.
വെള്ളൂര്‍-വെട്ടിക്കാട്ട്‌മുക്ക്‌ റോഡ്‌ ഇടിഞ്ഞ്‌ ഗതാഗതത്തിന്‌ ഭീഷണി ഉയര്‍ത്തുന്നത്‌ ഇന്നും അതുപോലെ തന്നെ നിലനില്‍ക്കുകയാണ്‌. മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ ഭാഗം സന്ദര്‍ശിച്ചിരുന്നു. ഉടന്‍ തന്നെ എല്ലാം ശരിയാക്കുമെന്ന്‌ ഉറപ്പുനല്‍കിയാണ്‌ ഇവരെല്ലാം മടങ്ങിയത്‌.
എല്ലാം ഇപ്പോഴും അതുപോലെ തന്നെയാണ്‌ നില്‍ക്കുന്നത്‌. മഴക്കാലത്തുണ്ടായ വൈദ്യുതി പ്രശ്‌നങ്ങള്‍ പഞ്ചായത്തിലെ വടകര, പയ്യപ്പള്ളി, വരിക്കാംകുന്ന്‌ ഭാഗങ്ങളില്‍ ഇപ്പോഴും തുടരുകയാണ്‌. പകല്‍ സമയത്ത്‌ ഇവിടെ പൂര്‍ണമായി വൈദ്യുതി ഇല്ലാത്ത അവസ്‌ഥയാണ്‌.
സന്ധ്യ മയങ്ങിയാല്‍ വൈദ്യുതി ഒളിച്ചുകളിക്കുന്നു. ഇതുപോലെ ജനങ്ങളെ ബാധിക്കുന്ന ഒരുപിടി പ്രശ്‌നങ്ങള്‍ പ്രളയം മാറിയിട്ടും നിലനില്‍ക്കുകയാണ്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW