Thursday, November 22, 2018 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.31 AM

ഹര്‍ത്താല്‍; പൂര്‍ണസ്‌തംഭനം

uploads/news/2018/09/247550/1.jpg

തിരുവനന്തപുരം:ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തലസ്‌ഥാന ജില്ലയില്‍ പൂര്‍ണം. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. കെ.എസ്‌.ആര്‍.ടി.സി -സ്വകാര്യ ബസ്‌ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനമാകെ നിരത്തിലിറങ്ങിയില്ല. പലയിടത്തും സമരാനുകൂലികള്‍ വ്യാപകമായി
കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്‌തു. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചാണ്‌ യു.ഡി.എഫ്‌ ജില്ലയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്‌. സെക്രട്ടറിയേറ്റ്‌ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഹാജര്‍ നില വളരെ കുറവായിരുന്നു.
തമ്പാനൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്ന്‌ ഇന്നലെ ഒരു സര്‍വീസ്‌ പോലും പുറപ്പെട്ടില്ല. ഹര്‍ത്താലിനോട്‌ സമ്മിശ്രപ്രതികരണമാണ്‌ ആളുകളുടെ ഭാഗത്തു നിന്നുണ്ടായത്‌.തിരുവനന്തപുരത്ത്‌ ട്രെയില്‍ വന്നിറങ്ങിയ രോഗികള്‍ക്കായി സമരക്കാര്‍ തന്നെ ക്രമീകരിച്ച വാഹനങ്ങളും പോലീസ്‌ വാഹനങ്ങളും ഉണ്ടായിരുന്നതിനാല്‍ ആര്‍.സി.സ, മെഡിക്കല്‍ കോളജ്‌, ശ്രീചിത്ര തുടങ്ങിയിടങ്ങളിലേക്കുള്ള ബുദ്ധിമുട്ട്‌ ഉണ്ടാക്കിയില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ സമരാനുകൂലികള്‍ വ്യാപകമായി തടഞ്ഞു. തുറന്നു പ്രവര്‍ത്തിച്ച സ്‌ഥാപനങ്ങളും ഇവര്‍ അടച്ചു. ഗവണ്‍മെന്റ്‌ പോസ്‌റ്റ് ഓഫീസിലേക്ക്‌ ഇടതുമുന്നണി നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്‌ഘാടനം ചെയ്‌തു. എജീസ്‌ ഓഫീസിലേക്ക്‌ യു.ഡി.എഫ്‌ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിഎ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌..

പത്തനാപുരം: ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്‌തതിന്റെ പേരില്‍ വനിതാ കമ്മിഷന്‍ അംഗം കൊല്ലം കരിക്കോട്‌ അഫ്‌സല്‍ കോട്ടേജില്‍ ഷാഹിദ കമാലി(47)നും കാര്‍ ഡ്രൈവര്‍ കരിക്കോട്‌ നിഥിന്‍ മന്ദിരത്തില്‍ നിഥിനും(28) മര്‍ദനമേറ്റു. വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഹര്‍ത്താല്‍ അനുകൂലികളായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ തന്നെ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്‌തതെന്ന്‌ ഷാഹിദ കമാല്‍ പറഞ്ഞു. തലവൂര്‍ നടുത്തേരിയിലുളള കോണ്‍ഗ്രസ്‌ ഭവന്‌ മുമ്പില്‍ ഇന്നലെ രാവിലെ 10.30-നായിരുന്നു സംഭവം.
കന്യാസ്‌ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ പത്തനാപുരത്തെ താബോര്‍ ദയറാ കോണ്‍വെന്റിലേക്ക്‌ പോവുകയായിരുന്നു അവര്‍. വഴിമധ്യേ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കാര്‍ തടയുകയും ആരായാലും കാര്‍ കടത്തിവിടില്ലെന്നും പ്രവര്‍ത്തകര്‍ ആക്രോശിച്ചു. കാറിന്റെ വിന്‍ഡോ ഗ്ലാസുകള്‍ താഴ്‌ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയാറായില്ല. തുടര്‍ന്ന്‌ കാറിന്റെ മുന്‍വശത്തെ ഗ്ലാസ്‌ അടിച്ചുതകര്‍ക്കുകയായിരുന്നു. തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും മുടിക്കു പിടിച്ചു വലിക്കുകയും ചെയ്‌തതായി ഷാഹിദ കമാല്‍ പറഞ്ഞു. വിവരമറിഞ്ഞു സ്‌ഥലത്തെത്തിയ കുന്നിക്കോട്‌ പോലീസാണ്‌ പിന്നീട്‌ ഷാഹിദാ കമാലിനെ ഇവിടെ നിന്നു കടത്തിവിട്ടത്‌. ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഷാഹിദ കമാലിനെ പത്തനാപുരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുനലൂര്‍ ഡിവൈ.എസ്‌.പി. അനില്‍കുമാര്‍, പത്തനാപുരം സി.ഐ. അന്‍വര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പരാതിയെത്തുടര്‍ന്ന്‌ ഇരുപത്തഞ്ചോളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കുന്നിക്കോട്‌ പോലീസ്‌ കേസെടുത്തു.
നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഷാഹിദാ കമാല്‍ കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
പിന്നീട്‌ കോണ്‍ഗ്രസ്‌ വിട്ട്‌ സി.പി.എമ്മില്‍ ചേര്‍ന്നു. സംഭവത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റി ശക്‌തമായി പ്രതിഷേധിച്ചു. രാഷ്‌ട്രീയ വിരോധം തീര്‍ക്കനായി ഹര്‍ത്താല്‍ മറയാക്കി കരുതിക്കൂട്ടി ആക്രമണം നടത്തിയതാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജില്ലാ സെക്രട്ടറി എസ്‌.സുദേവന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വിവിധ സംഘടനകള്‍ക്കു പുറമേ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനും പ്രതിഷേധിച്ചു.

Ads by Google
Advertisement
Tuesday 11 Sep 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW