Tuesday, November 20, 2018 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.16 AM

ആറന്മുളക്കാര്‍ക്ക്‌ ഇവര്‍ ഇനി സ്വന്തം അണ്ണന്മാര്‍

uploads/news/2018/09/247531/3.jpg

കോഴഞ്ചേരി: സഹായം പല രൂപത്തിലാണ്‌ നമുക്കു മുന്നിലെത്തുന്നത്‌. പ്രളയം നാടിനെയാകെ തളര്‍ത്തിയപ്പോള്‍ അത്‌ നേരിട്ട്‌ കണ്ടതുമാണ്‌. ആറന്മുളക്കാര്‍ക്ക്‌ അരികിലേക്ക്‌ സഹായ ഹസ്‌തവുമായി എത്തിയ അനേകം പേരില്‍ ശ്രദ്ധേയരായി മാറിയവരാണ്‌ കോയമ്പത്തൂരില്‍ നിന്നുള്ള രംഗനാഥനും മകന്‍ മണികണ്‌ഠനും.
വെള്ളം കയറി നശിച്ച ഇലക്ര്‌ടിക്‌ ഉപകരണങ്ങള്‍ ഇനി ഉപയോഗിക്കാന്‍ കഴിയില്ല എന്ന്‌ ആറന്മുള നിവാസികള്‍ ആശങ്കപ്പെട്ടിരുന്ന അവസരത്തിലാണ്‌ ഇവര്‍ ജില്ലയില്‍ എത്തിയത്‌. വെള്ളപ്പൊക്കത്തില്‍ നശിച്ച വീടുകളിലെ ഇലക്‌ട്രിക്‌ വയറിങ്‌, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവ നന്നാക്കി ഇരുവരും റണ്ണിങ്‌ കണ്ടീഷനിലാക്കി. പ്രളയത്തിനു ശേഷം കിടപ്പാടം ഉള്‍പ്പെടെ സര്‍വവും നഷ്‌ടപ്പെടുമെന്ന്‌ കരുതിയ ആറന്മുളക്കാര്‍ക്ക്‌ ആശ്വാസം പകരാന്‍ 52 കാരനായ രംഗനാഥനും 24 കാരനായ മകന്‍ മണികണ്‌ഠനുമായി. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഏറെ കഷ്‌ടപ്പെടുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ്‌ ഇരുവരും അറിഞ്ഞത്‌. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. ഓഗസ്‌റ്റ്‌ 23 ന്‌ ബൈക്കില്‍ കോയമ്പത്തൂരില്‍ നിന്ന്‌ ഇവര്‍ തിരുവനന്തപുരത്തെത്തി.
പിന്നീട്‌ വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥരില്‍ നിന്ന്‌ സ്‌ഥിതിഗതികള്‍ മനസിലാക്കി ഇരുവരും ജില്ലാ കലക്‌ടറേറ്റിലെത്തി. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ ആറന്മുളയിലേക്ക്‌ ജില്ലാ കലക്‌ടര്‍ പി.ബി. നൂഹാണ്‌ ഇരുവരേയും അയച്ചത്‌. ആറന്മുള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐഷ പുരുഷോത്തമന്‍, വൈസ്‌ പ്രസിഡന്റ്‌ പ്രസാദ്‌ വേരുങ്കല്‍ എന്നിവരുടെ സഹായത്തോടെ വെള്ളപ്പൊക്കത്തില്‍ നശിച്ച 47 വീടുകളിലെ ഇലക്‌ട്രിക്‌ വയറിങ്‌, ഫാന്‍, മിക്‌സി, വാഷിങ്‌ മെഷിന്‍ തുടങ്ങി എല്ലാ ഇലക്രേ്‌ടാണിക്‌ ഗൃഹോപകരണങ്ങളും നന്നാക്കി. ഒപ്പം പ്ലംബിങ്‌ വര്‍ക്കുകളും ചെയ്‌തു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകളോടൊപ്പം ഭക്ഷണം കഴിച്ചും അന്തിയുറങ്ങിയും അച്‌ഛനും മകനും കഴിഞ്ഞു. ഇങ്ങനെ ഇരുവരും 10 ദിവസം ആറന്മുളയില്‍ നിസ്വാര്‍ഥ സേവനം നടത്തി. പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനു വേണ്ടിയാണ്‌ തങ്ങള്‍ എത്തിയതെന്നും, പ്രതിഫലം തന്ന്‌ അതിന്റെ മാറ്റ്‌ കുറയ്‌ക്കരുതെന്നും ഇവര്‍ പറഞ്ഞു.
നാലിന്‌ വൈകിട്ട്‌ കോയമ്പത്തൂരിലേക്ക്‌ തിരിച്ചു പോയ രംഗനാഥനും മണികണ്‌ഠനും ആറന്മുള വില്ലേജ്‌ ഓഫീസില്‍ യാത്രയയപ്പ്‌ നല്‍കി. സ്‌നേഹോപഹാരമായി ആറന്മുള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐഷ പുരുഷോത്തമനും വില്ലേജ്‌ ഓഫീസര്‍ അനിതാ ദേവിയും ജീവനക്കാരും ആറന്മുള കണ്ണാടി നല്‍കിയാണ്‌ യാത്രയാക്കിയത്‌. വൈസ്‌ പ്രസിഡന്റ്‌ പ്രസാദ്‌ വേരുങ്കല്‍, റവന്യു ജീവനക്കാരായ രാജീവ്‌, സിദ്ദിക്ക്‌, ജഗദീഷ്‌, ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Tuesday 11 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW