Monday, November 19, 2018 Last Updated 24 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

റോഡ്‌ തകര്‍ന്നടിഞ്ഞു; നടുവൊടിഞ്ഞ്‌ പൂഞ്ചിറ നിവാസികള്‍

കാഞ്ഞാര്‍: ഇലവീഴാപ്പൂഞ്ചിറയിലേക്കുള്ള റോഡ്‌ തകര്‍ന്നു ഗതാഗതം ദുഷ്‌കരമായി. ടാറിങ്‌ ജോലികള്‍ തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്‌. മഴക്കാലത്ത്‌ ടാറിങ്‌ നടത്തിയത്‌ ഒലിച്ച്‌ പോയി റോഡ്‌ തോടിനു സമമായി. ഏഴുവര്‍ഷമായി ഇലവീഴാപ്പൂഞ്ചിറ നിവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന്‌ ഒരുമാറ്റവുമില്ല. റോഡ്‌ നിര്‍മിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ മഴ വില്ലനുമായി. കൂവപ്പള്ളി കവലയില്‍ നിന്നും ആരംഭിച്ച ടാറിങ്‌ രണ്ടുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ സ്‌തംഭിച്ചു.
മഴയത്ത്‌ ടാര്‍ ചെയ്‌തതിനാല്‍ ടാറിങ്‌ പലയിടത്തും പൂര്‍ണമായും തകരുകയും ചെയ്‌തു. ജീപ്പുകളെ ആശ്രയിച്ചു യാത്ര ചെയ്‌തിരുന്നവര്‍ ജീപ്പുകള്‍ പോലും സഞ്ചരിക്കാത്ത പാതയെ നോക്കി നെടുവീര്‍പ്പിടുന്നു.
പഠനത്തിനു പോകേണ്ട വിദ്യാര്‍ഥികള്‍ ദുരിതപാതയിലൂടെ ഏറെ മെയ്‌വഴക്കത്തോടെയാണു സഞ്ചരിക്കുന്നത്‌. സര്‍ക്കസ്‌ അഭ്യാസികളെ പോലെ ഇതുവഴി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനയാത്രക്കാരും ഇപ്പോള്‍ ഈ പാതയെ കൈവിട്ടു. നിരവധി വിനോദ സാധ്യതകള്‍ ഉള്ള മേഖലയോടാണ്‌ വര്‍ഷങ്ങളായി ഈ അവഗണന തുടരുന്നത്‌.
പൊതുമരാമത്ത്‌ വകുപ്പ്‌ നിര്‍മാണച്ചുമതല ഏറ്റെടുത്തിട്ടും കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തന്നെ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഗ്രൂപ്പിനെ കാണാനില്ല. ട്രിപ്പ്‌ ജീപ്പുകള്‍ക്ക്‌ ഇപ്പോള്‍ സര്‍വീസ്‌ നടത്താനും സാധിക്കുന്നില്ല.
കൂവപ്പള്ളി കവലയില്‍നിന്നും ഏഴു കിലോമീറ്റര്‍ ദൂരമുണ്ട്‌ ഇലവീഴാപൂഞ്ചിറയ്‌ക്ക്‌. പൂഞ്ചിറയ്‌ക്ക്‌ അപ്പുറം കോട്ടയം ജില്ലയിലെ കാഞ്ഞിരം കവല ഭാഗത്തേക്കുള്ള റോഡ്‌ നിര്‍മാണവും നിലച്ചിരിക്കുകയാണ്‌. ഉരുള്‍ കല്ലുകളും മണ്ണും ചെളിയും നിറഞ്ഞ്‌ കാല്‍നട പോലും അസാധ്യമാണ്‌.
ചക്കിക്കാവ്‌, പൂഞ്ചിറ നിവാസികള്‍ക്ക്‌ എളുപ്പം എത്തിച്ചേരാന്‍ കഴിയുന്നതു കാഞ്ഞാര്‍ ടൗണിലേക്കാണ്‌. ഏറെ പ്രതീക്ഷയോടെ പണി ആരംഭിച്ച ഇലവീഴാപൂഞ്ചിറ ടൂറിസ്‌റ്റ്‌ കേന്ദ്രത്തിലേക്കുള്ള റോഡ്‌ പണി എന്ന്‌ുപൂര്‍ത്തിയാകും എന്നു പറയാന്‍ പോലും അധികാരികള്‍ക്കു കഴിയുന്നില്ല. ഈ പ്രദേശത്തിന്റെ വികസനത്തിന്‌ ഏറെ പ്രയോജനപ്പെടുമായിരുന്ന റോഡ്‌ പണി പൂഞ്ചിറ നിവാസികളുടെ മനസില്‍ ആശങ്ക നിറച്ച്‌ ഇഴഞ്ഞു നീങ്ങുകയാണ്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW