Tuesday, September 11, 2018 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.13 AM

മണ്‍തിട്ടകള്‍ നീക്കണമെന്ന ആവശ്യത്തോട്‌ അവഗണന

തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിന്റെ കിഴക്ക്‌ പ്രദേശങ്ങളില്‍ വീടുകള്‍ക്കുണ്ടായ വ്യാപക നാശത്തിനു കാരണം വാര്‍ഡ്‌ സഭകളുടെയും ഊരുകൂട്ടങ്ങളുടെയും നിര്‍ദേശങ്ങളോട്‌ അധികൃതര്‍ പ്രകടമാക്കിയ അവഗണന. അപകടാവസ്‌ഥ വ്യക്‌തമാക്കിക്കൊണ്ട്‌ വീടുകള്‍ക്കു ഭീഷണിയായി നില്‍ക്കുന്ന മണ്‍തിട്ടകള്‍ നീക്കംചെയ്യണമെന്ന ആവശ്യം ഊരുകൂട്ടങ്ങളും ഗ്രാമസഭകളും തൊഴിലുറപ്പ്‌ ഗ്രാമസഭകളും മുഖേന പഞ്ചായത്ത്‌ കമ്മറ്റികളില്‍ അവതരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.
തൊഴിലുറപ്പു തൊഴിലാളികളെ ഇതിനായി വിനിയോഗിക്കണമെന്ന ആവശ്യമായിരുന്നു പഞ്ചായത്ത്‌ കമ്മിറ്റി യോഗങ്ങളില്‍ മെമ്പര്‍മാര്‍ മുന്നോട്ടുവച്ചത്‌. പഞ്ചായത്ത്‌ കമ്മിറ്റിയില്‍ ഉന്നയിക്കപ്പെട്ട ആവശ്യം 2013 ല്‍ അന്നത്തെ തദ്ദേശ വകുപ്പ്‌ മന്ത്രിക്കും റവന്യു മന്ത്രിക്കും മുമ്പാകെ പരാതിയായി സമര്‍പ്പിച്ചിരുന്നു.
മന്ത്രിതലത്തില്‍വരെ ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാമറ്റം പഞ്ചായത്തിലെ ആറു മുതല്‍ 12വരെയുള്ള വാര്‍ഡുകളില്‍ പെടുന്ന നാളിയാനി, കോഴിപ്പള്ളി, മേത്താട്ടി, തടിയനാല്‍ മേഖലകളിലെ വീടുകളിലാണ്‌ മണ്ണിടിച്ചില്‍ ഭീഷണി നിലനിന്നിരുന്നത്‌. തൊഴിലുറപ്പു പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ഇത്തരത്തില്‍ മണ്ണു നീക്കം ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ ആദിവാസി പട്ടികവര്‍ഗ മേഖലയാണെന്നു പ്രത്യേക പരിഗണന നല്‍കി ആവശ്യം പരിഗണിക്കണമെന്നായിരുന്നു അപേക്ഷ.
2013 ഓഗസ്‌റ്റ്‌ അഞ്ചിന്‌ ഉണ്ടായ ഉരുള്‍പൊട്ടലിന്‌ ശേഷം ഊരുകൂട്ടങ്ങളിലൂടെയാണ്‌ ഇത്തരമൊരാവശ്യം ഉയര്‍ന്നുവന്നത്‌. വീടുകളുടെ സമീപത്ത്‌ അപകടസാധ്യത ഉയര്‍ത്തി നില്‍ക്കുന്ന മണ്‍തിട്ടകള്‍ തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി നീക്കം ചെയ്യാനായിരുന്നു ആവശ്യം ഉന്നയിച്ചത്‌.
എന്നാല്‍ ഈ ആവശ്യം അധികൃതര്‍ പരിഗണിച്ചില്ല. ഇത്തവണത്തെ കനത്തമഴയില്‍ മണ്ണിടിഞ്ഞായിരുന്നു ഭൂരിഭാഗം വീടുകള്‍ക്കും നാശം സംഭവിച്ചത്‌.
മണ്ണിടിച്ചില്‍ രൂക്ഷമായ ഭാഗങ്ങളില്‍ 30 വീടുകള്‍ പൂര്‍ണമായി നശിച്ചു, 247 വീടുകള്‍ക്കു ഭാഗികമായി നാശം സംഭവിച്ചു. പഞ്ചായത്തില്‍ ഏറ്റവും ഒടുവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ഡ്‌ സഭകളിലുള്‍പ്പടെ ഈ ആവശ്യം ഉയര്‍ന്നിരുന്നു.
അപകടസാധ്യത ഒഴിവാക്കുന്നതോടൊപ്പം തൊഴിലുറപ്പ്‌ തൊഴിലാളികള്‍ക്കു കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കാനും ഇതിലൂടെ സാധ്യമാകുമെന്നിരിക്കേ ഈ ആവശ്യം ഇപ്പോഴും പരിഗണനലഭിക്കാതെ തുടരുകയാണ്‌. തുലാവര്‍ഷത്തില്‍ ഇനിയും ശക്‌തമായ മഴയുണ്ടാകുന്ന പക്ഷം ഇവ വീടുകള്‍ക്കു മുകളിലേക്ക്‌ വീഴുമോയെന്ന ഭയത്തിലാണു നൂറുകണക്കിനു കുടുംബങ്ങള്‍.

Ads by Google
Advertisement
Tuesday 11 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW