Sunday, November 18, 2018 Last Updated 44 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

നഗരം ക്യാമറക്കണ്ണുകളില്‍ നിരീക്ഷിക്കാനുള്ള പദ്ധതി പാളി

uploads/news/2018/09/247501/1.jpg

കോഴിക്കോട്‌:റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ നഗര പരിധിയില്‍ സി.സി ടിവി ക്യാമറകള്‍ സ്‌ഥാപിക്കാനുള്ള പോലീസ്‌ നീക്കം പാളി. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഏകോപനത്തിലെ വീഴ്‌ചയാണ്‌ പ്രാരംഭ ഘട്ടത്തില്‍ തന്നെ പദ്ധതി പൊളിയാന്‍ കാരണം. സാമൂഹ്യ വിരുദ്ധരെയും മോഷ്‌ടാക്കളെയും പിടികൂടുന്നതിനും അവരുടെ നീക്കങ്ങള്‍ കണ്ടെത്തുന്നതിനുമാണ്‌ ജനകീയ പങ്കാളിത്തത്തോടെ 1500 സി.സി ടിവി ക്യാമറകള്‍ സ്‌ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്‌.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ വിവിധ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ഓഫീസര്‍മാര്‍ വിവിധ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായുള്ള ഏകോപനം ഉണ്ടായില്ല. ഡി.സി.ടി വി ക്യാമറകള്‍ സ്‌ഥാപിച്ചും വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ രൂപീകരിച്ചും നിരന്തരമുള്ള ആശയ വിനിമയത്തിലൂടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍ സിസി ടി.വി ക്യാമറകള്‍ സ്‌ഥാപിക്കുന്നതിനു ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കുന്നതിനു പോലീസിന്‌ ഫണ്ട്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന്റെ ഭാഗമായി നഗരത്തിലെ ചില വ്യാപാരികളുമായി സംസാരിച്ച്‌ പണം കണ്ടെത്താന്‍ പോലീസ്‌ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത്‌ ലക്ഷ്യത്തില്‍ എത്തിയില്ല.
ജെ.ജയനാഥ്‌ സിറ്റി പോലീസ്‌ കമ്മിഷണറായിരിക്കെയാണ്‌ ക്യാമറക്കണ്ണുകളുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്‌.നഗരത്തില്‍ വന്‍ തോതില്‍ മോഷണവും സമൂഹ്യ വിരുദ്ധ ശല്യവും വര്‍ധിച്ചപ്പോളായിരുന്നു ഇത്‌.വൈ.എം.സി.എ ക്രോസ്‌ റോഡിനടുത്ത ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കട്ടി പട്ടാപ്പകല്‍ അക്രമിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത വീട്ടിനു പുറത്ത്‌ സ്‌ഥാപിച്ച സി.സി ടി.വി ക്യാമറയില്‍ നിന്നാണ്‌ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നത്‌.ഇത്തരത്തില്‍ നഗര പ്രദേശത്ത്‌ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിച്ച പശ്‌ചാത്തലത്തിലാണ്‌ പൊതുജന പങ്കാളിത്തത്തോടെ ക്യാമറകള്‍ സ്‌ഥാപിക്കാനുള്ള ആലോചന ഉണ്ടായിരുന്നത്‌. കമ്മിഷണര്‍ ജയനാഥ്‌ സ്‌ഥലം മാറി പോയതോടെ ഈ പദ്ധതി സംബന്ധിച്ച തുടര്‍ നടപടികള്‍ ഉണ്ടായില്ല. പോലീസ്‌ ഉദാ്യേഗസ്‌ഥരും കണ്ണടച്ചു. ഇതോടെ പദ്ധതി മുടങ്ങുകയായിരുന്നു.
പദ്ധതി ആവിഷ്‌ക്കരിച്ചപ്പോള്‍ വ്യാപാരികള്‍, സ്വകാര്യ സ്‌ഥാപനങ്ങള്‍, പ്രമുഖ വ്യക്‌തികള്‍, കോര്‍പറേഷന്‍ അധികൃതര്‍ എന്നിവരുമായി പോലീസ്‌ ഓഫീസര്‍മാര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. പദ്ധതിയിലേക്ക്‌ പണം കണ്ടെത്തുന്നതിനായിരുന്നു ഇത്‌. നഗരം സുരക്ഷിത മേഖലയാക്കുകയായിരുന്നു ലക്ഷ്യം. റോഡരികിലും ഇടവഴികള്‍ക്കു സമീപവുമുളള വീടുകളിലും സ്വകാര്യ സ്‌ഥാപനങ്ങളിലും സ്‌ഥാപിച്ച സി സി ടി വി ക്യാമറകളിലെ ഫൂട്ടേജുകള്‍ പോലീസിന്‌ അയച്ചു കൊടുക്കുന്നതിന്നും ധാരണയുണ്ടാക്കിയിരുന്നു.ക്യാമറയിലെ ദൃശ്യങ്ങള്‍ കൈമാറാന്‍ നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനുകളും തയാറാവുകയും ചെയ്‌തു.
വലിയ പ്രതീക്ഷയാണ്‌ ഈ പദ്ധതി പൊതു സമൂഹത്തില്‍ ഉളവാക്കിയിരുന്നത്‌. എന്നാല്‍ അതിന്‌ അനുസൃതമായി തുടര്‍ നടപടികള്‍ ഉണ്ടായില്ല. കോഴിക്കോട്‌ കോര്‍പറേഷന്‍ 1000 ക്യാമറകള്‍ പോലീസിനു നല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നതാണ്‌. റസിഡന്റ്‌സ് അസോസിയേഷനുകളും വ്യാപാരി സംഘടനകളും മറ്റും എഴുന്നൂറോളം ക്വാമറകള്‍ നല്‍കാന്‍ തയാറാവുകയും ചെയ്‌തിരുന്നു.നഗരത്തിലെ കവര്‍ച്ചകള്‍ തടയുന്നതിനും ഈ പദ്ധതി പ്രയോജനം ചെയ്ുമെന്നായണ്‌ പ്രതീക്ഷിച്ചിരുന്നത്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW