Tuesday, November 13, 2018 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 12.12 AM

'ഇത്‌ ഞങ്ങളുടെ കടമ; നിങ്ങളുടെ കടം,സഹാനുഭൂതിയോടെ കുട്ടനാട്‌'

ആലപ്പുഴ: വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്നാണു പ്രമാണം. അതുകൊണ്ടുതന്നെ പ്രായ, ലിംഗ, ജാതി, മത, രാഷ്‌ട്രീയ വ്യത്യാസങ്ങളില്ലാതെ വിദ്യ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പഠിക്കാന്‍ തുല്യാവസരം ലഭിക്കണം എന്ന്‌ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി ഒരു പറ്റം അധ്യാപകര്‍ നല്‍കിയ സന്ദേശമാണിത്‌.
വെറും സന്ദേശത്തില്‍ ഒതുക്കുന്നില്ല ഇവര്‍. കുട്ടികള്‍ക്കാവശ്യമായ പുസ്‌തകങ്ങളും ബാഗും ഉള്‍പ്പെടെയുള്ളതെല്ലാം ഓരോ സ്‌കൂളിലും എത്തിച്ചുനല്‍കിയാണ്‌ ഇവര്‍ തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നത്‌. ആയിരത്തോളം കുട്ടികള്‍ക്കാണ്‌ ഇതിന്റെ പ്രയോജനം കിട്ടിയത്‌. ഹര്‍ത്താലായതിനാല്‍ ചിലയിടങ്ങളിലെ ഇന്നലെ നടത്താനിരുന്ന വിതരണം ഇന്നും നാളെയും തുടരും.
പരസ്യമോ വാര്‍ത്തയോ പടമെടുക്കല്‍ പോലുമില്ലാതെയാണ്‌ കുട്ടികള്‍ക്ക്‌ സഹായമെത്തിച്ചത്‌. ഏറ്റവും കൂടുതല്‍ സാമൂഹികസേവനത്തിന്‌ സാധ്യതയുള്ള അധ്യാപകരുടെ കൂട്ടായ്‌മയായ കമ്പാഷനേറ്റ്‌ കുട്ടനാട്‌ എന്ന വാട്‌സ്‌ആപ്പ്‌ സംഘമാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. സഹായമെത്തിക്കുന്നതിനു മുമ്പേ ഇവര്‍ തീരുമാനിച്ച ഒരു കാര്യം പഠനോപകരണ വിതരണത്തിന്റെ ഒരു പടവും എടുക്കേണ്ടതില്ലെന്നാണ്‌.ഈ ബാഗും ഇതിലുള്ള പഠനോപകരണങ്ങളും നിങ്ങളിലേക്കെത്തിക്കുക എന്നത്‌ ഞങ്ങളുടെ കടമയാണ്‌. എന്നാല്‍ ഇതു വാങ്ങുന്ന നിങ്ങളോരോരുത്തരേയും സംബന്ധിച്ച്‌ ഇത്‌ നിങ്ങള്‍ വാങ്ങുന്ന ഒരു കടമാണ്‌.
എന്നാല്‍ ഈ കടം നിങ്ങള്‍ വീട്ടേണ്ടത്‌ ഞങ്ങളോടല്ല, ഇനി വരുന്ന തലമുറകളോടാണ്‌. ഇനിയെന്നെങ്കിലുമൊരിക്കല്‍, ഏതെങ്കിലുമൊരവസരത്തില്‍, പ്രായ, ലിംഗ, ജാതി, മത, രാഷ്‌ട്രീയ ഭേദമില്ലാതെ സഹായം ആവശ്യമായി വരുന്ന ഏതൊരാള്‍ക്കു വേണ്ടിയും നിങ്ങള്‍ ഇതുപോലെ കടമ നിറവേറ്റുമ്പോഴാണ്‌ ഈ കടം വീടാന്‍ പോകുന്നത്‌. ഓര്‍ക്കുക സമൂഹം എന്നത്‌ നമ്മളോരോരുത്തരും ചേരുന്നതാണ.്‌ ഇതാണ്‌ സി.കെ. കുട്ടനാട്‌ എന്ന ചുരുക്കപ്പേരിലുള്ള കമ്പാഷനേറ്റ്‌ കുട്ടനാടിന്റെ ആപ്‌തവാക്യം. മങ്ങലേറ്റ ഒരുപാട്‌ ജീവിതങ്ങള്‍ക്കു നിറം പകരാനുള്ള ശ്രമമായാണ്‌ ഈ സംരംഭത്തെ സി.കെ.കുട്ടനാട്‌ കാണുന്നത്‌.
ഒരു കുട്ടിക്കു നല്‍കുന്ന കിറ്റില്‍ 10 ബുക്കുകള്‍, ഒരു ജ്യോമട്രി ബോക്‌സ്‌, മൂന്നുവീതം പേനയും പെന്‍സിലും ഒരു കട്ടര്‍, റബര്‍ എന്നിവയും ഒരു സ്‌കൂള്‍ ബാഗുമാണുള്ളത്‌. ഒമ്പതിലും 10ലും പഠിക്കുന്ന 960 വിദ്യാര്‍ഥികള്‍ക്കാണു പഠനോപകരണം നല്‍കിയത്‌. വീണ്ടും പലയിടത്തുനിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ അതിനും വഴിതേടുകയാണ്‌ കമ്പാഷനേറ്റ്‌ കുട്ടനാട്‌.

Ads by Google
Advertisement
Tuesday 11 Sep 2018 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW