Friday, November 16, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.07 AM

ലഹരി മാഫിയയുടെ പിടിയിലായ പോളച്ചിറ ഏല ഭീഷണിയാകുന്നു

uploads/news/2018/09/247259/1.jpg

ചാത്തന്നൂര്‍: ലഹരി തേടി എത്തുന്നവര്‍ താവളമാക്കിയ പോളച്ചിറ ഏലാ പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തുന്നു. പോളച്ചിറ ഏലാ പ്രദേശം ലഹരി മാഫിയയുടെ പിടിയിലമര്‍ന്നിട്ടും അധികൃതര്‍ക്കു കുലക്കമില്ലെന്ന്‌ ആക്ഷേപമുയരുന്നു. ഇതിനു പുറമേയാണ്‌ ഇപ്പോള്‍ ക്രിമിനല്‍ സംഘങ്ങളും പോളച്ചിറയെ തെരഞ്ഞെടുത്തിരിക്കുന്നത്‌. പാമ്പ്‌ മനോജിന്റെ സംഘം അലങ്കാര പക്ഷി വില്‍പനക്കാരനായ രഞ്‌ജിത്‌ ജോണ്‍സ(40)നെ തട്ടികൊണ്ടു വന്ന്‌ കൊലപ്പെടുത്തിയത്‌ പോളച്ചിറയില്‍ വച്ചാണ്‌. നെടുങ്ങോലം സ്വദേശിയെ തട്ടികൊണ്ട്‌ വന്നു മാരകമായി പരുക്കേല്‍പിച്ചതും പോളച്ചിറയില്‍ എത്തിച്ചാണ്‌.
ഇയാളുടെ കുടുംബം കൂട്ട ആത്മഹത്യക്കു ശ്രമിക്കുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്‌ത സംഭവം ഉണ്ടായിട്ടുണ്ട്‌. അതും സമീപ കാലത്താണ്‌. തകര്‍ന്ന ബണ്ട്‌ റോഡും റോഡില്‍ വെളിച്ചമില്ലാത്തതും ലഹരി മാഫിയകള്‍ക്കും ക്രിമിനലുകള്‍ക്കും പോളച്ചിറ ഇഷ്‌ട താവളമാക്കാന്‍ അവസരമായിരിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 18നു പോളച്ചിറയില്‍ കഞ്ചാവ്‌ മാഫിയയുടെ ആക്രമണമവുമായി ബന്ധപ്പെട്ട്‌ 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
അന്ന്‌ പോളച്ചിറയില്‍ ഭീതി പരത്തി കഞ്ചാവ്‌ മാഫിയ നാട്ടുകാര്‍ക്കു നേരെ അഴിഞ്ഞാടി. പോളച്ചിറ സ്വദേശി രതീഷിന്റെ ഓട്ടോയുടെ മേല്‍മൂടി വെട്ടിക്കീറുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പോളച്ചിറ നെല്‍കൃഷി പദ്ധതിയുടെ നിര്‍മാണം നടക്കുന്ന തലച്ചിറയില്‍ നിന്നു വിളിപ്പാടകലെയുള്ള പൊന്തക്കാടാണ്‌ ലഹരി പുകയ്‌ക്കുന്നതിനായി ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌.
ഒറ്റതിരിഞ്ഞും രണ്ടും മൂന്നും പേരടങ്ങുന്ന സംഘങ്ങളായുമാണ്‌ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ പൊന്തക്കാട്ടിലെത്തുന്നത്‌. ഇവിടെ നിന്നു വളരെ അകലെയല്ലാതെ തന്നെ വീടുകളും ഉള്ളതിനാല്‍ അവിടേക്കു പോകുന്നവരാണെന്നേ ധരിക്കൂ എന്ന ഉറപ്പിലാണ്‌ വിദ്യാര്‍ഥികള്‍ പൊന്തക്കാട്ടിലെത്തുന്നത്‌.
അക്കേഷ്യ മരങ്ങള്‍ വളര്‍ന്ന്‌ അടിക്കാട്‌ നിറഞ്ഞു നില്‍ക്കുന്ന തുരുത്തിന്റെ ഉള്‍വശത്തെ പൊന്തക്കാടുകള്‍ ചവിട്ടി ഒടിച്ചിട്ടാണ്‌ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്‌. ഇതിനു മുകളില്‍ പ്ലാസ്‌റ്റിക്‌ ചാക്കും പഴയ പത്രക്കടലാസുകളും വിരിച്ചിട്ടുണ്ട്‌. ആവശ്യക്കാര്‍ എത്തുന്ന മുറയ്‌ക്കു സ്‌ത്രീകള്‍ അടക്കമുള്ള വിതരണക്കാര്‍ കഞ്ചാവ്‌ പൊന്തക്കാട്ടില്‍ എത്തിച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്‌.
ചാത്തന്നൂര്‍, പാരിപ്പള്ളി, പരവൂര്‍ പോലീസ്‌ സ്‌റ്റേഷനുകളുടെ അതിര്‍ത്തി പങ്കിടുന്ന ഉള്‍നാടന്‍ പ്രദേശമാണിത്‌. അതുകൊണ്ടുതന്നെ മൂന്നു സ്‌റ്റേഷുകളില്‍ നിന്നും കാര്യമായ പരിശോധനകളും ഈ ഭാഗത്തു നടക്കാറില്ല. അഥവാ പോലീസ്‌ എത്തിയാലും റോഡിലെ നിരീക്ഷണം കഴിഞ്ഞ്‌ മടങ്ങുകയാണ്‌ പതിവ്‌.
ഈ സാഹചര്യത്തിലാണ്‌ പൊന്തക്കാടുകളില്‍ കഞ്ചാവ്‌ കച്ചവടക്കാരുടെ സുരക്ഷിത താവളമൊരുങ്ങിയത്‌. റോഡില്‍ നിന്ന്‌ 250 മീറ്ററോളം അകലെ നടവരമ്പിലൂടെയേ ഇവിടെത്താനാകൂ എന്നതിനാല്‍ റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധ ഇവിടേക്കെത്തുകയുമില്ല.
പത്തോളം പേര്‍ക്കു സുഖമായി ഇരിക്കാവുന്ന സൗകര്യമാണ്‌ പൊന്തക്കാടുകള്‍ക്കുള്ളിലുള്ളത്‌. ജില്ലയിലെ പ്രധാന നെല്ലറയായ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏല ഇപ്പോള്‍ ലഹരിവില്‍പനക്കാരുടെയും ഗുണ്ടാസംഘങ്ങളുടെയും താവളമായി മാറി. 1500-ഓളം ഏക്കര്‍ വിസ്‌തൃതിയുള്ള ഏലായുടെ നാലുവശവും ഒരു വാഹനം പോകത്തക്ക തരത്തില്‍ ബണ്ട്‌ റോഡുണ്ട്‌. ഏകദേശം ഒമ്പതര കിലോമീറ്റര്‍. ഏലായ്‌ക്കു കുറുകെ ബണ്ട്‌ എക്രോസ്‌ റോഡും. പോളച്ചിറ ഏലാ പരിസരം ലഹരി മാഫിയയുടെ പിടിയില്‍ നിന്നും മുക്‌തമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Monday 10 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW