Monday, September 10, 2018 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.07 AM

ചന്ദനമര മോഷണം വ്യാപകമായിട്ടും കൂടുതല്‍ വനപാലകരെ നിയമിക്കുന്നില്ല

പുനലൂര്‍: തെന്മല വനം ഡിവിഷനില്‍ ചന്ദനമരങ്ങള്‍ മോഷണം പോകുന്നതു പതിവായിട്ടും മേഖലയില്‍ കൂടുതല്‍ വനപാലകരെ നിയമിക്കുവാന്‍ നടപടികളില്ലെന്ന്‌ ആക്ഷേപം. വനം മന്ത്രിയുടെ സ്വന്തം നാട്ടിലാണ്‌ ആവശ്യത്തിനു ജീവനക്കാരില്ലാത്തത്‌. കഴിഞ്ഞ ദിവസം ഇവിടെ മുന്നിടത്താണ്‌ ചന്ദനമോഷണം നടന്നത്‌. ആര്യങ്കാവ്‌ റെയിഞ്ചിലെ കടമാന്‍പാറ, തെന്മല, ഒറ്റക്കല്‍ എന്നിവിടങ്ങളിലാണ്‌ മോഷണം നടന്നത്‌.
ഇതില്‍ കടമാന്‍പാറയിലെ പ്രതികളെ ചെങ്കോട്ട പോലീസ്‌ വാഹന പരിശോധനയ്‌ക്കിടയിലാണ്‌ പിടികൂടിയത്‌. ഇവിടെ നടക്കുന്ന പല ചന്ദനമോഷണങ്ങളും പുറം ലോകമറിയുന്നതു പ്രതികള്‍ മറ്റു പലയിടത്തും പിടിയിലാകുന്നതോടെയാണ്‌.
മോഷണം നിത്യസംഭവമാകുന്നതു മേഖലയില്‍ വനം വകുപ്പിനു വേണ്ടത്ര സ്‌ഥിരം ജീവനക്കാര്‍ ഇല്ലാത്തതിനാലാണ്‌. നിലവിലുള്ള വനം റെയിഞ്ച്‌ ഓഫീസര്‍ സ്‌ഥലം മാറിപ്പോയി ദിവസങ്ങളായിട്ടും പുതിയ റെയിഞ്ച്‌ ആഫീസറെ നിയമിക്കുവാന്‍ വനം മന്ത്രിയുടെ മണ്ഡലത്തില്‍ പോലും കാലതാമസം നേരിടുന്നതിനിടെയാണ്‌ ചന്ദനമോഷണം.
കേരളത്തില്‍ മറയൂര്‍ മേഖലകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചന്ദന മരങ്ങളുള്ള സ്‌ഥലമാണ്‌ തെന്മല ഡിവിഷനിലെ ആര്യങ്കാവ്‌ റെയിഞ്ചിലെ കടമാന്‍പാറ സെക്ഷന്‍.
താല്‍ക്കാലിക ജീവനക്കാരുടെ ഒത്താശയില്ലാതെ ചന്ദനമരമോഷണം നടക്കില്ലെന്ന്‌ മുമ്പിരുന്ന വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നെങ്കിലും നടപടിയില്ലാത്തതാണ്‌ വീണ്ടും വീണ്ടും ഇവിടെ ചന്ദന മരമോഷണങ്ങളുണ്ടാകുന്നതെന്ന്‌ ആക്ഷേപമുണ്ട്‌.
കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കോട്ടവാസല്‍ ഭാഗത്തു നിന്നും ചന്ദന മരങ്ങള്‍ സുലഭമായുള്ള കടമാന്‍പാറ സെക്ഷനിലെത്താന്‍ വളരെ എളുപ്പമാണ്‌. കോടികള്‍ വിലമതിക്കുന്ന ചന്ദന മരങ്ങള്‍ സംരക്ഷിക്കുവാന്‍ അതിര്‍ത്തി ഭാഗത്ത്‌ സി.സി.ടിവിയും കമ്പിവേലിയും സ്‌ഥാപിക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും വേണം.
തമിഴ്‌നാട്ടിലെ ചന്ദന ഫാക്‌ടറിയിലേക്കു കടത്തുന്നതിനായി സമീപ ഗ്രാമങ്ങളായ കര്‍ക്കുടി, തെക്കുംമേട്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്നുമാണ്‌ കൂടുതല്‍ മോഷ്‌ടാക്കള്‍ എത്തുന്നത്‌.
ഇവര്‍ക്കു വേണ്ടത്ര പണവും ആയുധങ്ങളും ചന്ദന ഫാക്‌ടറി ഉടമകള്‍ നല്‍കുന്നതായാണ്‌ വിവരം. പിടിയിലാകുന്ന മോഷ്‌ടാക്കളില്‍ ഒരാളെങ്കിലും കര്‍ക്കുടി, തെക്കുംമേട്‌ ഗ്രാമീണരായിരിക്കുമെന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു.
മാരകായുധങ്ങളും തോക്കുമായും എത്തുന്ന കൊള്ളക്കാരെ പിടികൂടാന്‍ ഒടിഞ്ഞ ലാത്തിയും ഉണ്ടയില്ലാത്ത തോക്കുമായാണ്‌ നമ്മുടെ വനം വകുപ്പ്‌ ജീവനക്കാര്‍ പോകേണ്ടത്‌. ഇവര്‍ക്കു വെടിവെക്കുവാന്‍ പോലും അധികാരമില്ല.
കടമാന്‍പാറ കേന്ദ്രീകരിച്ചു പുതിയ വനം സെക്ഷന്‍ ആരംഭിച്ചെങ്കിലും വേണ്ടത്ര ജീവനക്കാരില്ല.
ഡിവിഷനില്‍ നിലവിലുള്ള ജീവനക്കാരെയാണ്‌ കട മാന്‍പാറ സെക്ഷനില്‍ നിയമിച്ചിട്ടുള്ളത്‌. തെന്മല വനം ഡിവിഷനിലെ വിവിധ സെക്ഷനിലുള്ള ചന്ദന മരങ്ങളുടെ എണ്ണം വനം വകുപ്പിലില്ല.
ഇതിനാല്‍ മോഷണം പോയാലും ഒതുക്കി തീര്‍ക്കുകയാണ്‌ പതിവ്‌. ഓരോ വര്‍ഷവും ചന്ദന മരങ്ങളുടെ കണക്കെടുപ്പ്‌ നടത്തിയാല്‍ മോഷണങ്ങളുടെ യഥാര്‍ഥ ചിത്രം വ്യക്‌തമാകും.
സര്‍ക്കാരിനു കോടികള്‍ ലഭിക്കുന്ന ചന്ദന മരങ്ങള്‍ സംരക്ഷിക്കുവാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുവാന്‍ മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ വനം മന്ത്രി ഇടപെടണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Monday 10 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW