Monday, September 10, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.05 AM

ജനങ്ങളുടെ ആരോഗ്യത്തിന്‌ പുല്ലുവില; ആശുപത്രി മാലിന്യം ജനവാസമേഖലയില്‍ തള്ളി

uploads/news/2018/09/247244/1.jpg

അടിമാലി: സംസ്‌ഥാനത്ത്‌ പ്രളയക്കെടുതിയെ തുടര്‍ന്ന്‌ എലിപ്പനി അടക്കമുള്ള മാരക രോഗങ്ങളുടെ ഭിതി നിലനില്‍ക്കുമ്പോളും ജനങ്ങളുടെ ആരോഗ്യത്തിന്‌ പുല്ലുവില കല്‍പ്പിക്കുന്ന സ്‌ഥിതിയാണ്‌ കണ്ടുവരുന്നതെന്ന ആക്ഷേപം ശരിവയ്‌ക്കുന്ന തരത്തിലാണ്‌ അടിമാലിയിലെ സംഭവവികാസങ്ങള്‍.
താലൂക്ക്‌ ആശുപത്രിയിലെ വന്‍തോതിലുള്ള മാലിന്യങ്ങളെല്ലാം രാത്രിയില്‍ ലോറിയിലെത്തിച്ച്‌ ജനവാസമേഖലയില്‍ തള്ളിയത്‌ വലിയ ജനരോഷത്തിനു കാരണണായി. ആശുപത്രിയിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ്‌ രാത്രി പതിനൊന്നു മണിയോടെ അടിമാലി-കുമളി ദേശീയപാതയുടെ ഇരുന്നൂറേക്കറിലെ ജനവാസമേഖലയില്‍ തള്ളിയത്‌. ആശുപത്രിയുടെ പിന്‍ഭാഗത്തെ മതില്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള അവശിഷ്‌ടങ്ങള്‍ നിക്ഷേപിക്കുന്ന പേരിലാണ്‌ ടിപ്പര്‍ ലോറികളില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയത്‌.
ഏതാനും ലോഡുകള്‍ തള്ളിയ ശേഷമാണ്‌ വിഷയം മേഖലയിലെ ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടത്‌. തുടര്‍ന്ന്‌ ജനങ്ങള്‍ സംഘടിച്ചതോടെ ഇവ മൂടുന്നതിനായി ജെ.സി.ബിയുമായി ബന്ധപ്പെട്ട ആളുകളെത്തി. ഇതോടെ പ്രദേശവാസികള്‍ വാഹനം തടഞ്ഞുവച്ച ശേഷം ആരോഗ്യവകുപ്പ്‌, പോലീസ്‌ തുടങ്ങി വിവിധ ഉദ്യോഗസ്‌ഥരെ വിവരം അറിയിച്ചെങ്കിലും ആരും ഈ മേഖലയിലേക്കു തിരിഞ്ഞുനോക്കാന്‍പോലും തയാറായില്ല.
രാത്രി വൈകിയതോടെ ജനങ്ങള്‍ പിരിഞ്ഞുപോയ തക്കം നോക്കി വാഹനങ്ങളുമായി സംഘം രക്ഷപെട്ടു. പിറ്റേന്ന്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി മാലിന്യങ്ങള്‍ മണ്ണിട്ടു മൂടിയ ശേഷം പ്രതിരോധമരുന്നുകള്‍ വിതറി തടിതപ്പുകയായിരുന്നു. താലൂക്ക്‌ ആശുപത്രി വളപ്പില്‍ തന്നെ വന്‍തോതില്‍ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ പട്ടാപ്പകല്‍ പരസ്യമായി കത്തിക്കുന്നതു പോലും നിയന്ത്രിക്കാന്‍ അധികൃതര്‍ തയാറാകാത്തതും വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. പ്ലാസ്‌റ്റിക്‌ കവറുകളും സിറിഞ്ചുകള്‍, പ്ലാസ്‌റ്റിക്‌ മരുന്നു ബോട്ടിലുകള്‍, കൈയുറകള്‍ ഉള്‍പ്പെടെയുള്ളവയാണ്‌ കത്തിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ കരിയുന്ന ദുര്‍ഗന്ധം ശ്വസിക്കേണ്ടി വരുന്നതിനാല്‍ ഇതേ ആശുപത്രിയില്‍ മാരക രോഗങ്ങള്‍ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രോഗികളും പ്രസവം കഴിഞ്ഞ്‌ ആശുപത്രിയില്‍ കഴിയുന്ന അമ്മമാരും നവജാത ശിശുക്കളുമാണെന്നത്‌ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം സമാന സംഭവം നടന്നത്‌ മംഗളം വാര്‍ത്തയാക്കിയതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ താലൂക്ക്‌ ആശുപത്രിയില്‍ നേരിട്ടെത്തി അന്നത്തെ സൂപ്രണ്ടിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
പിറ്റേന്നു തന്നെ ഈ ഭാഗം വൃത്തിയാക്കി മാലിന്യം കത്തിക്കല്‍ അവസാനിപ്പിച്ചിരുന്നു. ഈ വര്‍ഷം പഴയ പടി വീണ്ടും ആവര്‍ത്തിച്ചത്‌ വന്‍തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. ആശുപത്രി മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്‌ ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ഇവ ശേഖരിക്കുന്നതിന്‌ പലാക്കാട്‌ കഞ്ചിക്കോട്‌ നിന്നും ആളുകള്‍ എത്തുകയും ചെയ്യുന്ന രീതിയുണ്ട്‌. പക്ഷെ ഇവ കൃത്യമായി തരം തിരിച്ച്‌ കൊടുത്തയക്കുന്നതിന്‌ ബന്ധപ്പെട്ടവര്‍ കൂട്ടാക്കാത്തതും വിഷയം പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ തയാറാകാത്തതുമാണ്‌ പ്രശ്‌നകാരണം. അടിമാലി മേഖലയില്‍ ഇത്തരത്തില്‍ വേലിതന്നെ വിളവു തിന്നുന്ന തരത്തിലുള്ള വിഷയം സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്‌.

Ads by Google
Advertisement
Monday 10 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW