Monday, September 10, 2018 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.03 AM

മുളക്കുഴയില്‍ വീടുകളുടെ ജനാലകള്‍ പൊളിച്ച്‌ മോഷണശ്രമം

ചെങ്ങന്നൂര്‍: മുളക്കുഴയില്‍ രണ്ടു വീടുകളുടെ ജനാല പൊളിച്ച്‌ മോഷണശ്രമം. ഇരുചക്ര വാഹന സംഘത്തില്‍ മൂന്നുപേര്‍. നിരീക്ഷണ ക്യാമറ മറയ്‌ക്കാനും ശ്രമം. മുളക്കുഴ തൈപ്പറമ്പില്‍ ജങ്‌ഷനു സമീപം ചരിവുകാലായില്‍ ശിവദാസ്‌, രേഷ്‌മാ ഭവനില്‍ സുജാത എന്നിവരുടെ വീടുകളിലാണ്‌ ഇന്നലെ പുലര്‍ച്ചെ മോഷണശ്രമം നടന്നത്‌.
വീടുകളുടെ ജനാല തകര്‍ത്തായിരുന്നു മോഷണശ്രമം. ചരിവുകാലായില്‍ ശിവദാസിന്റെ വീടിന്റെ അടുക്കളഭാഗത്തെ ജനാല ഗ്ലാസുകളാണ്‌ മോഷ്‌ടാക്കള്‍ ആദ്യം തകര്‍ത്തത്‌. ശബ്‌ദംകേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്ന്‌ ലൈറ്റ്‌ തെളിച്ചെങ്കിലും ഭയംകാരണം പുറത്തിറങ്ങിയില്ല. ജനാല പൊട്ടിയ ഭാഗത്തുകൂടി നോക്കിയപ്പോള്‍ പുറത്തെ ഇരുട്ടില്‍ മൂന്നംഗസംഘം പതുങ്ങി നില്‍ക്കുന്നത്‌ ശ്രദ്ധയില്‍പെട്ടു.
തുടര്‍ന്ന്‌ ഫോണ്‍വിളിച്ചും ബഹളം കൂട്ടിയും സമീപവാസികളെ വിവരം അറിയിക്കുകയും ഇവരുടെ സഹായത്താല്‍ വീട്ടുകാര്‍ പുറത്തിറങ്ങുകയും ചെയ്‌തു. ഇതേ സമയം പട്രോളിങ്‌ നടത്തിക്കൊണ്ടിരുന്ന പോലീസ്‌ സംഘം സ്‌ഥലത്ത്‌ എത്തുകയും ആള്‍ക്കൂട്ടം കണ്ട്‌ വാഹനം നിര്‍ത്തി അന്വേഷിക്കുകയും ചെയ്‌തു. ഇതേസമയം തന്നെയാണ്‌ രണ്ടു വീടുകള്‍ക്കപ്പുറം രേഷ്‌മാ ഭവനില്‍ സുജാതയുടെ വീടിന്റെ അടുക്കള ഭാഗത്തെ ജനാല തകര്‍ത്തത്‌. കാരയ്‌ക്കാട്‌ സ്വദേശികളായ സതീഷ്‌, ഭാര്യ രമ്യ, രമ്യയുടെ പിതാവ്‌ രാജപ്പന്‍ എന്നിവരാണ്‌ ഇവിടെ താമസിക്കുന്നത്‌.
വലിയ തടിക്കഷ്‌ണം കൊണ്ട്‌ കമ്പികള്‍ തകര്‍ത്ത വിടവിലൂടെ മോഷ്‌ടാക്കളിലൊരാള്‍ വീടിനുള്ളില്‍ കടന്ന്‌ അടുക്കള വാതില്‍ തുറന്നിട്ടു. ശബ്‌ദംകേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്‌ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണശ്രമം നടന്ന രണ്ടു വീടുകളുടെയും സമീപത്തുള്ള കടയിലെ നിരീക്ഷണ ക്യാമറയില്‍ മോഷ്‌ടാക്കളുടേതെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്‌.
ഒരു ഇരുചക്ര വാഹനത്തില്‍ മൂന്നംഗ സംഘം പലപ്രാവശ്യം കടന്നു പോകുന്നതിന്റെയും ഒരാള്‍ ഓടി മറയുന്നതിന്റെയും ദൃശ്യങ്ങളാണ്‌ പതിഞ്ഞത്‌. മോഷണശ്രമം നടന്ന വീട്ടുകാരും മൂന്ന്‌ ആളുകളെ കണ്ടതായി പറയുന്നു.
എന്നാല്‍ നിരീക്ഷണ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ ക്യാമറയ്‌ക്ക്‌ നേരെ ശക്‌തിയേറിയ ടോര്‍ച്ച്‌ ക്യാമറയ്‌ക്ക്‌ നേരെ പ്രകാശിപ്പിക്കുന്നതിന്റെ ദൃശ്യവും ലഭ്യമാണ്‌. സമീപത്തെ മറ്റു കെട്ടിടങ്ങളിലെ ക്യാമറകള്‍ കൂടി പരിശോധിക്കുമെന്നും ഇത്‌ പ്രതികളെ കണ്ടെത്താന്‍ സഹായകമാകുമെന്നും പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Monday 10 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW