കോഴഞ്ചേരി: മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ ജില്ലയിലെ രണ്ട് പ്രധാന പാലങ്ങള്‍ക്ക് കൂടി ബലക്ഷയം സംഭവിച്ചുവെന്ന് സംശയം.
പമ്പാനദിക്ക് കുറുകെ കോഴഞ്ചേരിയെയും ചെറുകോല്പ്പുഴയെയും ബന്ധിപ്പിക്കുന്ന ചെറുകോല്‍പ്പുഴ പാലത്തിനും പി.ഐ.പിയുടെ വലതുകര കനാലിലെ വാഴക്കുന്നം നീര്‍പ്പാലത്തിന്റെ തൂണുകള്ക്കുമാണ് കേടുപാടുകള്‍ ഉള്ളതായി കണ്ടെത്തിയത്.
പാലത്തിന്റെ ചെറുകോല്‍പ്പുഴ ഭാഗത്തോട് ചേര്‍ന്ന് നില്ക്കുന്ന രണ്ടാമത്തെ തൂണിലാണ് വിള്ളല്‍ ഉള്ളത്. ഇന്നലെ പൊതുമരാമത്ത് പാലം വിഭാഗം വിദഗ്ധ സംഘം പരിശോധന നടത്തി. വെള്ളപ്പൊക്കത്തിന് മുന്‍പു തന്നെ പാലത്തിന്റെ വിള്ളല്‍ ശ്രദ്ധയില്പ്പെട്ടിരുന്നതാണെന്നും വെള്ളപ്പൊക്കത്തില്‍ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പാലം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്. അനില്‍കുമാര്‍ പറഞ്ഞു. വെള്ളം കുറച്ചു കൂടി താണെങ്കില്‍ മാത്രമേ കൂടുതല്‍ പരിശോധന സാധ്യമാകൂ. എനാത്ത് പാലത്തിന്റെ ബലക്ഷയത്തിന് ശേഷം എല്ലാ പാലങ്ങളും പരിശോധിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പമ്പാനദിക്ക് കുറുകെ പോകുന്ന വലതുകര കനാല്‍ നീര്‍പ്പാലത്തിന്റെ, നദീ മധ്യത്തെ രണ്ട് തൂണുകള്‍ക്കാണ് കേടുപാടുകള്‍ ഉഉളത്. വെല്‍ ക്യാപ്പും വെല്‍ ഫൗണ്ടേഷനും യോജിക്കുന്ന ഭാഗത്തെ കോണ്‍ക്രീറ്റുകളാണ് വെള്ളപ്പൊക്കത്തില്‍ അടര്‍ന്ന് പോയിരിക്കുന്നത്.
ഇവിടെയും ഇന്നലെ പി.ഐ.പി വിദഗ്ധ സംഘം പരിശോധ നടത്തി. വെള്ളപ്പൊക്കത്തില്‍ കോണ്‍ക്രീറ്റ് ഒഴുകിപ്പോയതായി കണ്ടെത്തിയിട്ടുണ്ടെന്നും നീര്‍പ്പാലത്തിന് ബലക്ഷയമോ മറ്റോ ഉണ്ടോയെന്ന് അറിയാന്‍ വീണ്ടും പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
നീര്‍പ്പാലത്തിന്റെ മുകളില്‍ക്കുടി ഇപ്പോള്‍ ചെറുവാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. അവശ്യമെങ്കില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്നും അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കിയതായും പി.ഐ.പി അധികൃതര്‍ പറഞ്ഞു.