Saturday, April 20, 2019 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.22 AM

പ്രളയത്തിലാണ്ട്‌ ദുരിതജീവിതം; കരകയറാനാകാതെ നാട്ടുകാര്‍

uploads/news/2018/09/247055/1.jpg

കോഴഞ്ചേരി:പ്രളയം ഒഴിഞ്ഞെങ്കിലും അതുണ്ടാക്കിയ ദുരിതങ്ങളില്‍ നിന്ന്‌ കരകയറാന്‍ കഴിയാതെ മനുഷ്യജീവിതങ്ങളുടെ പങ്കപ്പാട്‌ തുടരുന്നു. ക്യാമ്പുകളിലും ബന്ധു വീടുകളിലും നിന്ന്‌ തിരികെ എത്തി പുതുജീവിതം തുടങ്ങാന്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ബുദ്ധിമുട്ടുകയാണ്‌. എത്ര പണംകൈയിലുണ്ടെങ്കിലും കാര്യങ്ങള്‍ നീക്കാന്‍ ഇതൊന്നും പര്യാപ്‌തമല്ലാത്ത സ്‌ഥിതിയാണ്‌ പമ്പാ തീരവാസികള്‍ക്ക്‌.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ മിക്കയിടത്തും എത്തി തുടങ്ങിയിട്ടില്ല.കിട്ടിയവര്‍ക്ക്‌ തന്നെ ഇത്‌ കൊണ്ട്‌ എന്ത്‌ ചെയ്യാന്‍ എന്ന ആശങ്കയുമാണ്‌. ചെളി മൂടിയ വീടും പരിസരവും ദിവസങ്ങളായി വൃത്തിയാക്കിയിട്ടും എങ്ങുമെത്തിയിട്ടില്ല. ബന്ധുക്കള്‍ക്ക്‌ പുറമേ ഒട്ടനവധി സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നുണ്ട്‌.
എന്നാല്‍ ഇതിനെല്ലാം ഒരു പരിധി ഉണ്ട്‌. വീട്‌ ഏകദേശം പൂര്‍വ സ്‌ഥിതിയില്‍ എത്തണമെങ്കില്‍ ഉടമയുടെ കൈകള്‍ എല്ലായിടത്തും എത്തണം. വീട്ടില്‍ താമസമാക്കി ജോലിക്ക്‌ പോകാം എന്ന്‌ കരുതുന്നവര്‍ക്ക്‌ അതിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. കുട്ടികള്‍ സ്‌കൂളില്‍ പോകാനും തുടങ്ങി. കനത്ത പൊടി മൂലം പാതയോര വീടുകളിലെ താമസം ഏറെ ശ്രമകരമാണ്‌. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനും മറ്റും ഇത്‌ കാരണമായേക്കും.ഇപ്പോള്‍ തന്നെ നിരവധി രോഗങ്ങള്‍ ഈ മേഖലയില്‍ പടര്‍ന്ന്‌ പിടിച്ചിട്ടുണ്ട്‌. അയിരൂര്‍, ഇലന്തൂര്‍ എന്നിവിടങ്ങളിലായി രണ്ടു പേര്‍ കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ചു മരിച്ചു. മറ്റുള്ളവരെ ഇത്‌ ഏറെ ആശങ്കപ്പെടുത്തുണ്ട്‌.
ആരോഗ്യ പ്രവര്‍ത്തകര്‍ സജീവമാണെങ്കിലും രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ ഫലം കാണുന്നില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്‌. ക്യാമ്പുകളില്‍ കഴിഞ്ഞപ്പോള്‍ ഭക്ഷണവും മറ്റ്‌ അവശ്യ സാധങ്ങളുമായി നിരവധി പേര്‍
എത്തിയിരുന്നു. വീണ്ടും വീടുകളില്‍ താമസം ആക്കാന്‍ എത്തിയപ്പോള്‍ ഒന്നുമില്ലാത്ത അവസ്‌ഥയാണ്‌ പലര്‍ക്കും. ഭക്ഷണത്തിന്‌ പുറമെ കിടക്കാന്‍ ഒരു പായ എങ്കിലും സംഘടിപ്പിക്കാന്‍ പലരും പ്രയാസപ്പെടുകയാണ്‌.
കട്ടില്‍ എല്ലാം വെള്ളം കയറി നശിച്ചു.ഇതിന്റെ മുകളില്‍ തറക്കാനുള്ള പ്ലൈ വുഡ്‌ വാങ്ങാന്‍ പോലും കഴിയുന്നില്ല. മെത്ത, തലയിണ, ഷീറ്റുകള്‍ എല്ലാം വെള്ളത്തിലായി. ഇതൊന്നും ഉപയോഗിക്കാന്‍ കഴിയുന്നില്ല. വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാന്‍ കഴിയാതെ പലതും ചത്തു. ഒരു ലക്ഷം രൂപ വരെ വിലയുള്ള ഏഴ്‌ പശുക്കളെ നഷ്‌ടപ്പെട്ടവര്‍ ആറന്മുളയില്‍ ഉണ്ട്‌. കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും സഹായം എന്ന്‌ പറയുന്നതല്ലാതെ ഒന്നിനും തീരുമാനമാകുന്നില്ല. സന്നദ്ധ പ്രവര്‍ത്തകര്‍ പലരുടെയും സഹായത്തോടെ പശുക്കളെ നല്‍കാനുള്ള ശ്രമം രണ്ടാം ഘട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത്‌ അംഗം ബെന്നി കുഴിക്കാലായുടെ അഭ്യര്‍ഥന പരിഗണിച്ചു ആറന്മുളയില്‍ ഏഴ്‌ പശുവിനെ നഷ്‌ടമായ കര്‍ഷകന്‌ ഒരെണ്ണം നല്‍കി.
ആറന്മുളയില്‍ ക്യാപ്‌ടന്‍ ടി.കെ. രവീന്ദ്രന്‍ നായരുടെ വീട്ടിലെ പശുക്കളെ പ്രളയ ദിനങ്ങളില്‍ മുകളിലത്തെ നിലയിലേക്ക്‌ മാറ്റിയിരുന്നു. ഇവയെ തിരികെ ഇറക്കാന്‍ ക്രെയിനും വിദഗ്‌ദ്ധരും ഏറെ സമയവും വേണ്ടി വന്നു. പ്രളയത്തില്‍ എല്ലാം നശിച്ച കണ്ണാടി നിര്‍മാതാക്കള്‍ക്കും ഒന്നും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. നിര്‍മാണ ശാലകള്‍ വരെ ഒലിച്ചു പോയതോടെ ഇനി എന്ത്‌ എന്ന അവസ്‌ഥയിലാണ്‌ കണ്ണാടി നിര്‍മാണ മേഖല. ആറന്മുള വള്ളസദ്യ -ജലമേള കാലമായതിനാല്‍ വലിയ തോതില്‍ ആവശ്യക്കാര്‍ ഈ സീസണില്‍ വരേണ്ടതാണ്‌. ഇത്‌ മുന്നില്‍ കണ്ട്‌ നിര്‍മാണം നടത്തി വരവേയാണ്‌ നിര്‍മാണ ശാലകളും താമസ സ്‌ഥലങ്ങളുമടക്കം പ്രളയം കവര്‍ന്നത്‌.
ഇതിന്‌ പുറമെയാണ്‌ അസംസ്‌കൃത വസ്‌തുവായ മണ്ണും ചെളിയില്‍ അകപ്പെട്ടത്‌. കണ്ണാടി നിര്‍മ്മാണം പെട്ടെന്ന്‌ ആരംഭിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കുടുംബങ്ങളും തൊഴിലാളികളും പട്ടിണിയിലേക്ക്‌ നീങ്ങും.
വീടുകളില്‍ തിരികെ എത്തിയവര്‍ക്ക്‌ പാചകത്തിനും മറ്റുമുള്ള പത്രങ്ങളും ഉപകാരങ്ങളുമാണ്‌ ഈ ഘട്ടത്തില്‍ ആവശ്യമായുള്ളത്‌. ഇവ ഏതെങ്കിലും മേഖലകളില്‍ നിന്നും ലഭിക്കണമെന്നാണ്‌ പലരും പ്രതീക്ഷിക്കുന്നത്‌. പ്രളയത്തില്‍ ഉണ്ടായ മാലിന്യങ്ങള്‍ നീക്കി നിക്ഷേപിക്കാന്‍ ഇടമില്ലാത്തതും പലയിടത്തും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്‌.ഇതിന്റെ പേരില്‍ വാക്കേറ്റവും തര്‍ക്കവും ആരംഭിച്ചിട്ടുമുണ്ട്‌.
തരം തിരിക്കാതെ മാലിന്യങ്ങള്‍ തള്ളുന്നത്‌ കൂടുതല്‍ അപകടത്തിന്‌ കാരണമാകുമെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും വേണ്ട വിധം പരിശോധിക്കാനുള്ള യാതൊരു സംവിധാനവും നിലവിലില്ല. ആരോഗ്യ വിഭാഗം പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒന്നും ഫലം കാണുന്നുമില്ല.

Ads by Google
Advertisement
Sunday 09 Sep 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW