മാനന്തവാടി: ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിച്ചത് ലോകത്തിന് തന്നെ മാതൃകയാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ രക്ഷാധികാരികൂടിയായ വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ പ്രളയബാധിതര്‍ക്ക് നല്കുന്ന സഹായവിതരണം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ദുരന്തസമയത്ത് ജാതി-മത-രാഷ്ര്ടീയ വ്യത്യാസമില്ലാതെ കേരള ജനത ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടത്. ദുരന്തം ഏറെ വേട്ടയാടിയത് വനിതകളെയും കുട്ടികളെയുമാണ്. പ്രളയക്കെടുതിക്കിടയിലും ചില സങ്കുചിത മനസ്കര്‍ സോഷ്യല്‍ മീഡിയ വഴി കുപ്രചരണങ്ങള്‍ നടത്തി. വര്‍ഗ്ഗീയപരമായി പോലും കാര്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇത്തരക്കാര്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ കേരളത്തെ പുനര്‍ജ്ജീവിപ്പിക്കേണ്ട സമയമാണെന്നും അത്തരക്കാര്‍ക്ക് മറുപടി നല്‍കേണ്ട സമയമല്ലെന്നും അവര്‍ വ്യക്തമാക്കി. ചടങ്ങില്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്, ഒ.ആര്. കേളു, മുനിസിപ്പല്‍ ചെയര്മാന് വി.ആര്. പ്രവീജ്, സി.പി.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിന്, മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി അഡ്വ.സതീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.