Sunday, September 09, 2018 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.19 AM

കൊതുക്‌ രോഗങ്ങള്‍ക്ക്‌ സാധ്യത

uploads/news/2018/09/247030/1.jpg

തൃശൂര്‍: കൊതുകു വളരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും രോഗങ്ങള്‍ പടരാനിടയുണ്ടെന്നും ഡല്‍ഹിയില്‍ നിന്നുള്ള എന്റമോളജി ടീം , ചെന്നൈയില്‍ നിന്നുള്ള സോണല്‍ എന്റമോളജി ടീം, തൃശൂര്‍ ഡി.വി.സി. യൂണിറ്റ്‌ എന്നിവര്‍ ചേര്‍ന്ന്‌ ജില്ലയില്‍ നടത്തിയ പഠനത്തില്‍ വ്യക്‌തമാക്കി. നിലവില്‍ രോഗം പരത്താന്‍ ശേഷിയുള്ള കൊതുകിന്റെ സാന്ദ്രത കുറവാണ്‌. വെള്ളം സംഭരിച്ചു വച്ചിട്ടുള്ളതും ഉപേക്ഷിക്കപ്പെട്ടിട്ടുള്ളതുമായ പാത്രങ്ങള്‍, ചിരട്ടകള്‍, പ്ലാസ്‌റ്റിക്‌ ഷീറ്റുകള്‍, വീപ്പകള്‍, ടയറുകള്‍, ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിട്ടുള്ള പാത്രങ്ങള്‍, ഫ്‌ളവര്‍ വേസുകള്‍, ഫ്രിഡ്‌ജിന്റെ ട്രേ, ടെറസ്‌ എന്നിവയുടെ സാന്നിധ്യം വീടിനകത്തുനിന്നും വീടുകളുടെ പരിസരത്തുനിന്നും കണ്ടെത്തിയതിനാല്‍ കൊതുകിന്റെ പ്രജനനം നടക്കാന്‍ സാധ്യതയുണ്ട്‌. ഇവ ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്‌തില്ലെങ്കില്‍ കൊതുകുകള്‍ വര്‍ധിക്കും. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മലമ്പനി എന്നിവ പടരുന്നതിനുമിടയാകും.

ലക്ഷണങ്ങള്‍

ഈഡിസ്‌ ഈജിപ്‌തി കൊതുകുകളാണ്‌ ചിക്കുന്‍ ഗുനിയ പരത്തുന്നത്‌. പെട്ടെന്നുള്ള പനി, ത്വക്കിലുണ്ടാകുന്ന പാടുകള്‍, സന്ധി വേദന, കാലില്‍ നീരുവന്നു വീര്‍ക്കുക, കണ്ണുകള്‍ ചുവന്നു തുടുക്കുക, നടുവേദന, തലവേദന എന്നിവയാണു ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍. വെള്ളം കെട്ടിക്കിടന്ന്‌ കൊതുകു വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയാണു ചിക്കുന്‍ ഗുനിയ പ്രതിരോധിക്കുന്നതിനുള്ള പ്രധാന വഴി. കടുത്ത പനി, പേശി വേദന, വയറു വേദന, വയറിളക്കം, ഛര്‍ദ്ദി, തലവേദന, ശരീരത്തിലെ തടിപ്പുകള്‍ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ആകാം. അനോഫിലിസ്‌ കൊതുകുകളാണു മലമ്പനി പരത്തുന്നത്‌.

പ്രതിരോധം പ്രധാനം

അന്യസംസ്‌ഥാനത്ത്‌ നിന്നും യാത്രചെയ്‌തു വരുന്നവര്‍ക്ക്‌ പനി ബാധയുണ്ടായാല്‍ ഉടനടി രക്‌തപരിശോധന നടത്തുക. ഒരാള്‍ക്ക്‌ മലമ്പനി സ്‌ഥിരീകരിച്ചാല്‍ വീട്ടുകാരും പരിസര വാസികളും രക്‌തപരിശോധന നടത്തുക. കൊതുകു കടിക്കാതെ സ്വയം സംരക്ഷിക്കുക, കൊതുകുവല ഉപയോഗിക്കുക, വെള്ളം സംഭരിച്ചു വയ്‌ക്കുന്ന പാത്രങ്ങള്‍ കൊതുക്‌ മുട്ടയിടാതിരിക്കാനായി അടച്ചു സൂക്ഷിക്കുക, വെള്ളം കെട്ടിനില്‍ക്കുന്നത്‌ ഒഴിവാക്കുക, കക്കൂസുകളുടെ വെന്‍ഡ്‌ പൈപ്പുകള്‍, കിണറുകള്‍, ടാങ്കുകള്‍ എന്നിവ വലകെട്ടി സൂക്ഷിക്കുക, കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുക, വെള്ളം ഒഴുക്കിക്കളയാന്‍ സാധിക്കാത്തിടങ്ങളില്‍ ഗപ്പി, ഗമ്പൂസിയ മുതലായ മത്സ്യങ്ങളെ വളര്‍ത്തുക, ആഴ്‌ചയില്‍ ഒരിക്കല്‍ വീടും പരിസരവും വൃത്തിയാക്കി ഡ്രൈഡേ ആചരിക്കുക എന്നിവ പ്രതിരോധ മാര്‍ഗങ്ങളാണ്‌. ഇവ കൃത്യമായി പാലിച്ചു രോഗങ്ങളില്‍നിന്നും പ്രതിരോധം നേടണമെന്ന്‌ ഡി.എം.ഒ. നിര്‍ദേശം നല്‍കി. മേല്‍പറഞ്ഞ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഡോക്‌ടറുടെ സേവനം ലഭ്യമാക്കണമെന്നും ഡി.എം.ഒ. അറിയിച്ചു. ജില്ലയില്‍ ഇന്നലെ ആകെ 952 പനിയും ഏഴു ചിക്കന്‍ പോക്‌സും റിപ്പോര്‍ട്ട്‌ ചെയ്‌തു. എലിപ്പനി ഒന്നുംതന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

Ads by Google
Advertisement
Sunday 09 Sep 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW