Sunday, September 09, 2018 Last Updated 4 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

തോമസ്‌ പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്ക് അന്ത്യാഞ്‌ജലി

uploads/news/2018/09/246991/4.jpg

കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയിലെ മുതിര്‍ന്ന വൈദീകനും, കണ്ടനാട്‌ ഭദ്രാസന സെക്രട്ടറിയുമായിരുന്ന തോമസ്‌ പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്‌ജലി. വെള്ളിയാഴ്‌ച വൈകിട്ട്‌ മുതല്‍ ഭവനത്തിലേക്ക്‌ അന്ത്യാഞ്‌ജലിയര്‍പ്പിക്കാന്‍ വിവിധ മേഖലകളില്‍ നിന്നും ആയിരങ്ങളാണ്‌ എത്തിയത്‌.
ഇദ്ദേഹം വികാരിയായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള വിവിധ ഇടവകകളായ മണീട്‌ സെന്റ്‌ കുര്യാക്കോസ്‌ കത്തീഡ്രല്‍, നീറാംമുകള്‍ സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോള്‍സ്‌ കത്തീഡ്രല്‍, നിലവില്‍ വികാരിയായി സേവനം അനുഷ്‌ഠിച്ചിരുന്ന വെട്ടിത്തറ പള്ളി എന്നിവിടങ്ങളില്‍ നഗരി കാണിക്കല്‍ ശുശ്രൂഷ നടത്തിയിരുന്നു. ഇതിനുശേഷമാണ്‌ തിരുവാണിയൂരിലെ ഭവനത്തിലെത്തിച്ചത്‌.
ഇന്നലെ ഉച്ചയോടെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക്‌ ശേഷം ഇടവകയായ കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഭൗതീക ശരീരംഎത്തിച്ചു. ഇവിടെ നടന്ന സംസ്‌കാര ശുശ്രൂഷക്ക്‌ മെത്രാപ്പോലീത്തമാരായ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, സഖറിയാസ്‌ മോര്‍ പോളികാര്‍പ്പസ്‌, തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ഉച്ചകഴിഞ്ഞ്‌ മൂന്നോടെയാണ്‌ പള്ളി സെമിത്തേരിയില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ സംസ്‌കരിച്ചത്‌.
ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ സെമിത്തേരിയില്‍ വിശ്വാസികള്‍ക്കും, വൈദീകര്‍ക്കും പ്രവേശിക്കുന്നതിന്‌ പോലീസ്‌ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കോര്‍ എപ്പിസ്‌കോപ്പയുടെ മകനും പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ കത്തീഡ്രല്‍ സഹവികാരിയുമായ ഫാ.വര്‍ഗീസ്‌ പനച്ചിയിലിന്‌ കോടതി സെമിത്തേരിയില്‍ പ്രവേശനാനുമതി നല്‍കിയിരുന്നു. കൂടുതല്‍ വിശ്വാസികളും, മറ്റ്‌ വൈദീകരും പ്രവേശിക്കാതിരിക്കാന്‍ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി കെ. ബിജുമോന്‍, പുത്തന്‍കുരിശ്‌ സി.ഐ. സാജന്‍ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്‌തമായ പോലീസും സ്‌ഥലത്തുണ്ടായിരുന്നു.
നൂറ്‌ കണക്കിന്‌ വിശ്വാസികളും വൈദീകരുമാണ്‌ സംസ്‌കാര ശുശ്രൂഷയില്‍ പങ്കുകൊണ്ടത്‌. തുടര്‍ന്ന്‌ യാക്കോബായ ചാപ്പലിന്‌ സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌ എന്നിവര്‍ക്കു പുറമേ ജനപ്രതിനിധികളും, രാഷ്‌ട്രീയ കക്ഷി നേതാക്കളും, വൈദീകരും, ഭദ്രാസന ഭാരവാഹികളും അനുശോചന പ്രസംഗം നടത്തി.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW