Wednesday, July 24, 2019 Last Updated 43 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.13 AM

ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയാതെ കുട്ടനാട്‌

uploads/news/2018/09/246985/1.jpg

ആലപ്പുഴ:മഹാപ്രളയമുണ്ടായി ഒരു മാസത്തോടുക്കുമ്പോഴും കുട്ടനാടിന്റെ ജീവിത സാഹചര്യങ്ങള്‍ പഴയ പാടിയാകുന്നില്ല.
തുടര്‍ച്ചയായുണ്ടായ രണ്ട്‌ വെള്ളപ്പൊക്കവും ശേഷമുണ്ടായ മഹാപ്രളയവും ജനജീവിതത്തെയാകെ തളര്‍ത്തിക്കളഞ്ഞു. നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പിനിടെ പകര്‍ച്ചവ്യാധി ഭീഷണികൂടി ഉയര്‍ന്നതോടെ ജനം വലയുകയാണ്‌. സമസ്‌തമേഖലകളിലും പ്രതിസന്ധി വിട്ടൊഴിയുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും ബന്ധുവീടുകളില്‍ നിന്നുമൊക്കെ തിരിച്ചെത്തിയ ജനങ്ങള്‍ ജീവിതത്തിലേക്ക്‌ മടങ്ങിയെത്താനുള്ള തത്രപ്പാടിലാണ്‌. തൊഴിലില്ലായ്‌മ രൂക്ഷമായതോടെ സാധാരണ കുടുംബങ്ങളില്‍ സാമ്പത്തിക പ്രയാസങ്ങളും ഏറി.

കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ മംഗളം ലേഖകര്‍ നടത്തിയ അന്വേഷണം...
ജീവിതം വഴിമുട്ടി
ചെത്തുതൊഴിലാളികള്‍

നീലംപേരൂര്‍: കഴിഞ്ഞ 25 ദിവസത്തോളമായി കുട്ടനാട്ടിലെ ഭൂരിഭാഗം കള്ളുഷാപ്പുകളും തുറക്കുന്നില്ല.
അതുകൊണ്ടുതന്നെ ചെത്തുതൊഴിലാളികളും ഷാപ്പ്‌ ജീവനക്കാരും ഉടമകളുമെല്ലാം കടുത്ത പ്രതിസന്ധിയിലാണ്‌. മിക്കവയും ഷെഡ്‌ഡുകളിലാണ്‌ പ്രവര്‍ത്തനം. വെള്ളപ്പൊക്കത്തില്‍ ഇവിടങ്ങളിലെ ഫര്‍ണീച്ചറുകള്‍ അടക്കം നശിച്ചു. കള്ളിന്റെ ലഭ്യത കുറഞ്ഞതോടെ പല ഷാപ്പുകളിലും ഏതാനും മണിക്കൂറുകള്‍ മാത്രമാണ്‌ തുറന്നിടുന്നത്‌. ഭക്ഷണസാധനങ്ങളുടെ വില്‍പനയും നിര്‍ത്തിവച്ചു.
അതിനാല്‍ ഷാപ്പിലെ ജീവനക്കാര്‍ക്കും തൊഴില്‍ നഷ്‌ടപ്പെട്ടു. ജിലനിരപ്പ്‌ താഴ്‌ന്നിട്ടും പഴയപോലെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്ന്‌ കള്ളുഷാപ്പുടമയായ ചെറുകര സ്വദേശി സനീഷ്‌ മോഹന്‍ പറയുന്നു.
തീറ്റതേടി
നാല്‍ക്കാലികള്‍

എടത്വാ: വെള്ളപ്പൊക്കത്തില്‍ പുല്ലും വൈക്കോലുമെല്ലാം നശിച്ചതോടെ ക്ഷീരകര്‍ഷകര്‍ വലയും.
ഇപ്പോള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന കാലിത്തീറ്റയാണ്‌ ആശ്രയം. അതിന്റെ സമയപരിധി പൂര്‍ത്തിയാകുന്നതോടെ പശുക്കള്‍ക്ക്‌ തീറ്റയ്‌ക്കായി ബുദ്ധിമുട്ടേണ്ടിവരുമെന്ന്‌ ക്ഷീരകര്‍ഷകര്‍ പറയുന്നു.

മുങ്ങിനശിച്ച
പുസ്‌തകങ്ങള്‍

പുളിങ്കുന്ന്‌: പ്രളയം കുട്ടനാട്ടിലെ ഗ്രന്ഥശാലകളുടെ നിലനില്‍പ്പ്‌ തന്നെ പ്രതിസന്ധിയിലാക്കി.
ആയിരക്കണക്കിന്‌ പുസ്‌തകങ്ങളാണ്‌ മുങ്ങി നശിച്ചത്‌. വെയിലത്തുവച്ച്‌ ഉണക്കാന്‍ ശ്രമിച്ചെങ്കിലും ഒരാഴ്‌ചയിലെറെ മുങ്ങിക്കിടന്നതിനാല്‍ പേജുകള്‍ ഒട്ടിയും കീറിയും അക്ഷരങ്ങള്‍ മാഞ്ഞുപോയിട്ടുണ്ട്‌. സാംസ്‌കാരിക സംഘടനകളുടെ വായനശാലകളെയും പ്രളയം പ്രതിസന്ധിയിലാക്കി. കായികോപകരണങ്ങള്‍, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ബാറ്ററി തുടങ്ങിയവയും നശിച്ചിട്ടുണ്ട്‌.
തകര്‍ന്നടിഞ്ഞ്‌
വ്യാപാരമേഖല

കാവാലം: മഹാപ്രളയത്തില്‍ വെള്ളംകയറി നാശനഷ്‌ടമുണ്ടാകാത്ത വ്യാപാര സ്‌ഥാപനങ്ങള്‍ ഒന്നുപോലും കുട്ടനാട്ടിലില്ല. പ്രതീക്ഷയ്‌ക്കപ്പുറം ജലനിരപ്പ്‌ ഉയര്‍ന്നപ്പോള്‍ സ്വയം രക്ഷപ്പെടാനുള്ള ശ്രമങ്ങളിലായിരുന്നു എല്ലാവരും.
സാധനങ്ങള്‍ ഉയര്‍ത്തിവച്ചിട്ടുപോലും അതിനുമപ്പുറം വെള്ളം കയറിയതോടെ എല്ലാം നശിച്ചു. നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കടയിലുണ്ടായ സാധനങ്ങളെല്ലാം നശിച്ചുകിടക്കുന്നതാണ്‌ കണ്ടതെന്ന്‌ കാവാലം തട്ടാശേരിയിലെ വ്യാപാരിയായ തോമാച്ചന്‍ പറയുന്നു. കുട്ടനാട്ടിലെ വ്യാപാര സ്‌ഥാപനങ്ങളില്‍ വന്‍ നാശമാണ്‌ ഉണ്ടായിരിക്കുന്നത്‌.
സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ വ്യാപാരികള്‍ക്ക്‌ യാതൊരു സഹായവും ലഭ്യമായിട്ടില്ല. ഉദ്യോഗസ്‌ഥര്‍ വ്യാപാര സ്‌ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ നാശനഷ്‌ട വിവരങ്ങള്‍ ശേഖരിക്കാന്‍ പോലും തയാറായില്ലെന്ന ആക്ഷേപം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്കുണ്ട്‌. ഇതില്‍ പ്രതിഷേധിച്ച്‌ 12ന്‌ ബുധനാഴ്‌ച കടകള്‍ അടച്ചിട്ട്‌ സമിതിയുടെ നേതൃത്വത്തില്‍ ആലപ്പുഴ കലക്‌ടറേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തും. നഷ്‌ടപരിഹാര പാക്കേജ്‌ നടപ്പാക്കണമെന്നാണ്‌ സംഘടനയുടെ ആവശ്യം. വ്യാപാരി വ്യവസായി സമിതിയും വ്യാപാരികള്‍ക്ക്‌ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിട്ടുണ്ട്‌്. കടകള്‍ തുറന്ന്‌ പ്രവര്‍ത്തനം ആരംഭിച്ചവരാകട്ടെ കച്ചവടം മെച്ചപ്പെടാത്തതിന്റെ നിരാശയിലുമാണ്‌.

Ads by Google
Advertisement
Sunday 09 Sep 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW