പാലക്കാട്: ജില്ലയില്‍ നിലവില്‍ ഒന്‍പത് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി. റീത്ത അറിയിച്ചു. ഇന്നലെ പെരുവെമ്പ് സ്വദേശിയായ ഒരാള്‍ മാത്രമാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതുവരെ പാലക്കാട് നഗരസഭയില്‍ മൂന്നും അമ്പലപ്പാറ, കുഴല്‍മന്ദം, മേലാര്‍ക്കോട്, പിരായിരി, പുതുശ്ശേരി, വണ്ടാഴി എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതമാണ് സ്ഥിരീകരിച്ചത്. എലിപ്പനിക്കെതിരായ രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും പനിയും ശരീരവേദയുമുളളവര് സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തെ സമീപിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.