Saturday, November 17, 2018 Last Updated 12 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.26 AM

അറവുശാലാ പരിസരത്ത്‌ കാക്കകളും പരുന്തും നായ്‌ക്കളും ചത്തുവീണു

uploads/news/2018/09/246776/3.jpg

പാലക്കാട്‌: നഗരത്തിലെ പുതുപ്പള്ളിത്തെരുവില്‍ അറവുശാല പരിസരത്ത്‌ നാല്‍പതോളം കാക്കകളും പരുന്തും രണ്ടു തെരുവ്‌ നായ്‌കളും ചത്ത നിലയില്‍. അറവു മാലിന്യം തിന്നതാണ്‌ ഇവ ചത്തു വീഴാന്‍ കാരണമെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ജില്ലാ കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ചത്ത ജീവികളുടെ ഭാഗങ്ങള്‍ കാക്കനാട്ടെ ഫോറന്‍സിക്‌ ലാബിലേക്ക്‌ പരിശോധനയ്‌ക്ക് അയച്ചതായി വെറ്ററിനറി സര്‍ജന്‍ ഡോ: ജോജു ഡേവിസ്‌ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ അടിയന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നു.
വെള്ളിയാഴ്‌ച്ച രാവിലെ ഏഴോടെ മുനാവര്‍ കോളനിയിലെ വഴിയരുകില്‍ ഇരുപത്തഞ്ചോളം കാക്കകളെയും ഒരു നായയേയും, ഒരു പരുന്തിനെയും ചത്ത നിലയില്‍ കണ്ടെത്തിയത്‌. മുനാവര്‍ നഗറിലെ മൂന്നുവീടുകളില്‍ കിണറ്റില്‍ കാക്കകള്‍ ചത്തു വീണനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പരിസരത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്നു നഗരസഭ ആരോഗ്യവിഭാഗം വിലക്കി. തുടര്‍ന്ന്‌ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ റോഡരികില്‍ നിക്ഷേപിച്ച അറവു മാലിന്യത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തി. വെറ്ററിനറി ഡോക്‌ടറുടെ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
നഗരത്തിലെ ഹോട്ടലുകളിലേക്കും വീടുകളിലേക്കും വില്‍പ്പന നടത്തിയവയില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന്‌ ആശങ്കയുള്ളതിനാല്‍ ഇവ ഉപയോഗിക്കരുതെന്ന്‌ ആരോഗ്യ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. പ്രതിദിനം 25 വലിയമൃഗങ്ങളെയും 35 മുതല്‍ 40 ചെറുമൃഗങ്ങളെയും ഈ അറവ്‌ ശാലയില്‍ അറുക്കുന്നുണ്ട്‌.
തുടര്‍ന്ന്‌ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി അഞ്ച്‌ അനധികൃത അറവുകേന്ദ്രങ്ങള്‍ അടച്ചു പൂട്ടി. നഗരസഭ വൈസ്‌ ചെയര്‍മാന്‍ സി. കൃഷ്‌ണകുമാര്‍, ഹെല്‍ത്ത്‌ സൂപ്പര്‍ വൈസര്‍ കെ. മണികണ്‌ഠന്‍, ഫുഡ്‌ ആന്റ്‌ സേഫ്‌റ്റി ഓഫീസര്‍ രാജേഷ്‌, നഗരസഭ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ബാബു ലൂയീസ്‌, റിയാസ്‌ റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ads by Google
Advertisement
Saturday 08 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW