Thursday, November 15, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.16 AM

നാടെങ്ങും കുടിവെള്ളം കിട്ടാക്കനിയാകുന്നു

uploads/news/2018/09/246748/1.jpg

കാലടി: വെള്ളപ്പൊക്കത്തെതുടര്‍ന്നു ജലസേചന പദ്ധതികള്‍ നിശ്‌ചലമാവുകയും മഴ ഇല്ലാതാവുകയും ചെയ്‌തതോടെ നാടെങ്ങും കുടിവെള്ളം കിട്ടാക്കനിയാകുന്നു.
കാലടി മേഖലയില്‍ കാലടി, കാഞ്ഞൂര്‍, ശ്രീമൂലനഗരം, മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്തുകളിലെ ഭൂരിഭാഗം ചെറുകിട ജലസേചന പദ്ധതികളും നിശ്‌ചലമായതോടെ നാടെങ്ങും ജലസേചനം നടത്താന്‍ കഴിയാതെ ബാക്കിയുള്ള കാര്‍ഷിക വിളകള്‍ ഉണങ്ങി നശിക്കുന്നു.
കിണറുകളിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴ്‌ന്നതുമൂലം കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി. ജലസേചന പദ്ധതികളിലെ മോട്ടോറുകള്‍ പലതും വെള്ളത്തില്‍ മുങ്ങി നശിച്ചുപോയതിനാല്‍ പമ്പിങ്‌ ആരംഭിക്കാന്‍ കഴിയാത്തത്‌ വരള്‍ച്ച രൂക്ഷമാക്കുന്നു.
ഡാമുകള്‍ തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്‌ടമുണ്ടായ ഈ പ്രദേശങ്ങളില്‍ പിന്നാലെ അനുഭവപ്പെടുന്ന വരള്‍ച്ചയും കടുത്ത ചൂടും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വെള്ളം കയറാത്ത സ്‌ഥലങ്ങളില്‍ നശിച്ചുപോകാതെ അവശേഷിച്ചിരുന്ന കാര്‍ഷിക വിളകള്‍ വരള്‍ച്ച ബാധിച്ചതോടെ ഉണങ്ങി കരിഞ്ഞുതുടങ്ങിയത്‌ കടുത്ത പ്രഹരമായി.
ജലസേചന പദ്ധതികളെ ആശ്രയിച്ച്‌ കൃഷി ഇറക്കിയിരുന്ന കര്‍ഷകര്‍ ഇവ പ്രവര്‍ത്തനരഹിതമാവുകയും മഴ ഇല്ലാതാവുകയും ചെയ്‌തതോടെ ഏറെ വിഷമാവസ്‌ഥയിലായി. അന്‍പത്‌ വര്‍ഷംമുമ്പ്‌ പാറപ്പുറം പ്രദേശത്തെ എഴുന്നൂറ്റി അറുപത്‌ ഏക്കര്‍ സ്‌ഥലത്ത്‌ ജലസേചനത്തിനു സ്‌ഥാപിച്ചതാണു പാറപ്പുറം തിരുവലംഞ്ചുഴി ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതി. ഈ പദ്ധതി ആരംഭിച്ചതോടെയാണു ജാതി, തെങ്ങ്‌, നെല്‍കൃഷി, വാഴ തുടങ്ങിയ കൃഷിയിലേക്ക്‌ പ്രദേശത്തുകാര്‍ ഇറങ്ങി തിരിച്ചത്‌. കിണറുകളില്‍ ധാരാളം വെള്ളവും, പ്രദേശം മുഴുവന്‍ ഹരിതപൂരിതമാവുകയും ചെയ്‌തു.
എന്നാല്‍ ജലപ്രളയത്തിനുശേഷം പുഴയില്‍ വെള്ളം താഴ്‌ന്നുപോയതുമൂലം പ്രദേശത്തെ കിണറുകളില്‍ വെള്ളം തഴേക്കുപോയിക്കൊണ്ടിരിക്കുന്നു. പ്രദേശത്തുകാരുടെ ഏക ആശ്രയമായ ഈ ജലസേചന പദ്ധതിയിലെ മോട്ടോര്‍, പമ്പ്‌ സെറ്റ്‌, ഷാട്ടര്‍, ഇലക്‌ട്രിക്‌ സംവിധാനം എന്നിവ വെള്ളത്തില്‍ മുങ്ങുകയും പമ്പ്‌ ഹൗസ്‌ നിറയെ ചെളിയും മണ്ണും നിറഞ്ഞു മണ്ണിനടിയിലാവുകയും ചെയ്‌തു. നല്ലൊരു മനുഷ്യപ്രയത്നംവേണ്ടിവരും ഇറിഗേഷന്‍ പൂര്‍വ സ്‌ഥിതിയിലാക്കാന്‍.
കൂടാതെ യന്ത്രസാമഗ്രികള്‍ നന്നാക്കിയെടുക്കാന്‍ ദിവസങ്ങള്‍വേണ്ടിവരും. അടിയന്തിരമായി ഇറിഗേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ പ്രദേശം മുഴുവനും കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടിവരികയും, കാര്‍ഷിക വിളകള്‍ ഉണങ്ങികരിഞ്ഞുപോവുകയും ചെയ്യുമെന്ന ആശങ്കയിലാണു നാട്ടുകാര്‍.
എത്രയും പെട്ടെന്നു ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 08 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW