Saturday, September 08, 2018 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.08 AM

ഉരുള്‍പൊട്ടലില്‍ വീട്‌ തകര്‍ന്നു ഇനിയെന്തെന്നറിയാതെ ജോബിറ്റും കുടുംബവും

uploads/news/2018/09/246727/1.jpg

രാജകുമാരി: ആയുഷ്‌കാലത്തെ മുഴുവന്‍ സമ്പാദ്യവും ബാങ്ക്‌ വായ്‌പ എടുത്ത പണവും മുടക്കി പണികഴിപ്പിച്ച വീട്‌ ഉരുള്‍പൊട്ടലില്‍ തകര്‍ന്നതിന്റെ ആഘാതത്തിലാണു പന്നിയാര്‍കൂട്ടിക്കു സമീപം കുളത്രക്കുഴി കല്ലംപ്ലാക്കല്‍ ജോബിറ്റും കുടുംബവും.
നാല്‍പ്പതു ലക്ഷത്തോളം രൂപ ചെലവിട്ടു നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ജനുവരി 15നായിരുന്നു. നാടാകെ തോരാമഴയില്‍ മുങ്ങിയ നാളുകളില്‍ പിതാവ്‌ കുര്യനും മാതാവ്‌ മേരിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്‌. വീട്ടില്‍ താമസം തുടങ്ങി ഏഴുമാസം തികയുന്ന ഓഗസ്‌റ്റ്‌ പതിനഞ്ചിനു രാത്രിയോടെ കെട്ടിടത്തിനു ചുറ്റിലും ഉറവ രൂപപ്പെടാനും ചെറിയ തോതില്‍ മണ്ണിടിയാനും തുടങ്ങി.
മഴയില്‍ വീടിന്റെ പിന്നിലെ മുറ്റത്ത്‌ ജലനിരപ്പ്‌ രണ്ടടിയോളം ഉയര്‍ന്നു. രാത്രി 11നു ഇരുവരും മറുകരയിലുള്ള സുഹൃത്തിന്റെ വീട്ടിലേയ്‌ക്കു മാറി.
അവിടെ എത്തിയപ്പോഴേയ്‌ക്കും വീടിനുസമീപത്ത്‌ ഉരുള്‍ പൊട്ടുന്ന ശബ്‌ദം കേട്ടു. പിറ്റേന്ന്‌ രാവിലെ എത്തിയപ്പോള്‍ കാണുന്നതു പിന്‍ഭാഗത്തെ അറുപതടിയിലധികമുള്ള തിട്ടയും കയ്യാലകളും റബര്‍ മരങ്ങള്‍ ഉള്‍പ്പെടെ ഉരുള്‍പൊട്ടലില്‍ വീടിനു മേല്‍ പതിച്ചിരിക്കുന്നതാണ്‌.
ഒരു വശത്തെ കെട്ടിടവും മറുഭാഗത്തെ കക്കൂസ്‌ ഉള്‍പ്പെടെയുള്ള ഭാഗവും പാടേ തകര്‍ന്നു. മുന്‍വാതിലൂടെ മുറ്റത്തേയ്‌ക്ക്‌ ചെളിവെള്ളം കുത്തിയൊഴുകുന്നുണ്ടായിരുന്നു.
ഹാളും, നാല്‌ കിടപ്പുമുറികളുംഅടുക്കളയും ഉള്‍പ്പെടെ മണ്ണും ചെളിയും വെള്ളവും നിറഞ്ഞ നിലയിലായിരുന്നു.
പിന്‍ഭാഗത്തെ ഭിത്തികള്‍ തകര്‍ന്നു കിടപ്പുമുറിയില്‍ മണ്ണ്‌ നിറഞ്ഞതിനാല്‍ ഇതുവരെ ആ മുറിയുടെ കതക്‌ തുറക്കാന്‍ കഴിഞ്ഞിട്ടില്ല.
വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ഫ്രിഡ്‌ജും സോഫയും കട്ടിലുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉപകരണങ്ങളും മണ്ണു വീണു നശിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും നഷ്‌ടപ്പെട്ടു. ചുറ്റിലും വീണുകിടക്കുന്ന മണ്ണ്‌ നീക്കം ചെയ്യുവാന്‍ മാത്രം അഞ്ചുലക്ഷം രൂപയില്‍ അധികം വേണം. വീടിന്റെ മുന്‍ഭാഗം മാത്രമാണു പഴയപടി അവശേഷിക്കുന്നത്‌. ചുറ്റിലും ഉറവ ഉള്ളതിനാല്‍ ഏത്‌ നിമിഷവും ഇത്‌ ഇടിഞ്ഞ്‌ വീഴാവുന്ന സ്‌ഥിതിയുണ്ട്‌. ഒരേക്കര്‍ സ്‌ഥലമുണ്ടെങ്കിലും മിക്ക ഭാഗങ്ങളും ഉരുള്‍പൊട്ടലില്‍ നശിച്ചു. അവശേഷിക്കുന്നിടത്ത്‌ വീട്‌ വയ്‌ക്കാന്‍ സൗകര്യവുമില്ല.
ദുരിതാശ്വാസ ക്യാമ്പിലേയ്‌ക്കു മാറിയിരുന്നെങ്കിലും ക്യാമ്പ്‌ അടച്ചതോടെ തകര്‍ന്ന വീട്ടിലേയ്‌ക്കു മടങ്ങാന്‍ ഈ കുടുംബം നിര്‍ബന്ധിതമായിരിക്കുകയാണ്‌. സമീപത്തെ സുഹൃത്തിന്റെ വീട്ടിലാണു രാത്രി താമസം.

Ads by Google
Advertisement
Saturday 08 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW