Monday, November 19, 2018 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.06 AM

പ്രളയം തകര്‍ത്തത്‌ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം

മാവേലിക്കര: പ്രളയം തകര്‍ത്തത്‌ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതവും. പ്രതിസന്ധിയിലായിരുന്ന ഉള്‍നാടന്‍ മത്സ്യമേഖലയ്‌ക്ക്‌ അപ്രതീക്ഷിത തിരിച്ചടിയാണു പ്രളയം നല്‍കിയത്‌. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെ ജീവവായുവായിരുന്ന ചെറുവള്ളങ്ങളും നീട്ടുവലകളും കോരവലകളും വട്ടവലയുമെല്ലാം പ്രളയത്തില്‍ ഇല്ലാതായി. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ആശ്രയിച്ചിരുന്ന തോടുകളും ഇല്ലാതായി.
ഉള്ളതിലാകട്ടെ പോളയും പുല്ലും മാലിന്യങ്ങളും നിറഞ്ഞു മലിനമായി. മാലിന്യം മൂടിയ ജലസ്രോതസുകളില്‍ ചെറുവള്ളങ്ങളും നീട്ടുവല, കോരുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവ സാഹസികമാണെന്നു തൊഴിലാളികള്‍ പറയുന്നു. പുഴയും തോടും നാട്ടുതോടുകളും കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി വന്നതോടെ പരമ്പരാഗത മത്സ്യബന്ധനത്തില്‍ ഗണ്യമായ കുറവുണ്ടായി. ചെന്നിത്തല, മഠത്തുംപടി, വള്ളാംകടവ്‌, ഇരമത്തൂര്‍, പറയങ്കേരി, നാമങ്കരി, ചെറുകോല്‍, പ്രായിക്കര, ഉളുന്തി, എണ്ണയ്‌ക്കാട്‌, ബുധനൂര്‍, മാന്നാര്‍, പാവുക്കര, പാണ്ടനാട്‌, പുലിയൂര്‍ മേഖലകളിലാണ്‌ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ളത്‌.
ഒരുകാലത്തു സുലഭമായിരുന്ന കാരി, വരാല്‍, മഞ്ഞക്കൂരി, പരല്‍, കറുപ്പ്‌, ചെമ്പല്ലി മത്സ്യങ്ങള്‍ ഇന്നു വളരെ കുറവാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ രാവിലെ മത്സ്യബന്ധനത്തിന്‌ പോകുന്ന സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഉച്ചയോടെ ഒരുകുട്ട മത്സ്യം ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നു മത്സ്യം തീരെ ലഭിക്കാത്ത അവസ്‌ഥയാണ്‌. പ്രതിസന്ധികള്‍ക്കിടയിലും ആയിരത്തിലധികം കുടുംബങ്ങളാണ്‌ ഉള്‍നാടന്‍ മത്സ്യമേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്‌. തോടുകളിലും പുഴകളിലും മത്സ്യം കുറഞ്ഞതോടെ സ്‌ത്രീകള്‍ ഒഴികെയുള്ള തൊഴിലാളികള്‍ കായലുകളില്‍ മത്സ്യബന്ധനം തുടങ്ങി. 120 ഇനം മത്സ്യങ്ങള്‍ കായലില്‍ ഉള്ളതായാണു പഠന റിപ്പോര്‍ട്ട്‌. എന്നാല്‍ ചെറുവള്ളങ്ങളും വട്ടവലയും കായലിലെ മത്സ്യബന്ധനത്തിനു യോജിക്കുന്നതല്ല.
ആന്ധ്രാപ്രദേശത്തു നിന്നുള്ളവര്‍ കായലില്‍ മത്സ്യബന്ധനം നടത്തി വന്‍ നേട്ടമാണ്‌ കൊയ്യുന്നത്‌. ഇവര്‍ ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ള വലിയ വലകള്‍ ഇവിടത്തെ മത്സ്യബന്ധനത്തിന്‌ ഏറെ യോജിച്ചതാണ്‌. ഉള്‍നാടന്‍ മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യത്തിന്‌ നാട്ടില്‍ ആവശ്യക്കാര്‍ ഏറെയാണ്‌.
രാത്രി പാടശേഖരങ്ങളിലും തോടുകളിലുംനിന്നും പിടിക്കുന്ന മത്സ്യം പുലര്‍ച്ചെ വിവിധ ലേലക്കടവുകളില്‍ എത്തിക്കും. എന്നാല്‍ മത്സ്യബന്ധനം കുറവായതോടെ ലേലക്കടവിലും ആളില്ലാത്ത സ്‌ഥിതിയായി.
നിരവധി പ്രതിന്ധികളിലൂടെ കടന്നുപോകുന്ന ഉള്‍നാടന്‍ മത്സ്യമേഖല അക്ഷരാര്‍ഥത്തില്‍ പ്രളയത്തില്‍ തകര്‍ന്നടിയുകയായിരുന്നു. മേഖലയിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി ആദ്യം ഓടിയെത്തിയത്‌ മാന്നാര്‍, ചെന്നിത്തല, മഠത്തുംപടി, ഇരമത്തൂര്‍, പള്ളിപ്പാട്‌, വീയപുരം എന്നിവിടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ്‌. ഉള്‍നാടന്‍ മത്സ്യമേഖലയെ സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കണമെന്നാണ്‌ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്‌.

Ads by Google
Advertisement
Saturday 08 Sep 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW